ഭോപ്പാല്‍ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കോടതിയിലേക്ക്

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കോടതിയിലേക്ക്

 

ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തുകടന്ന എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കോടതിയിലേക്ക്.
32 അടി ഉയരമുള്ള ജയിലിന്റെ അതിര്‍ത്തി മതില്‍ ചാടിയാണ് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടതെന്ന പൊലീസിന്റെ ഭാഷ്യം വിശ്വസനീയമല്ലെന്നു അഭിഭാഷകനായ പര്‍വേസ് ആലം പറഞ്ഞു. ഇദ്ദേഹമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
ഏറ്റുമുട്ടലുണ്ടായി എന്ന പൊലീസിന്റെ വാദം നുണയാണ്. ടിവി ദൃശ്യങ്ങളില്‍ പൊലീസും എടിഎസും വെടിയുതിര്‍ക്കുന്ന രംഗങ്ങളാണുള്ളത്. വിചാരണ തടവുകാര്‍ ഏതെങ്കിലും രീതിയില്‍ ആക്രമണം നടത്തുന്നത് ദൃശ്യങ്ങളിലില്ലെന്ന് അഭിഭാഷകനായ പര്‍വേസ് ആലം പറഞ്ഞു.
ഏറ്റുമുട്ടല്‍ സംഭവം വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ യോഗേഷ് ചൗധരി പറഞ്ഞത് വിചാരണ തടവുകാര്‍ ജയിലിന്റെ ലോക്ക് തുറക്കാന്‍ ടൂത്ത് ബ്രഷുകള്‍ ഉപയോഗിച്ചെന്നാണ്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ പോലെ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള, ഐഎസ്ഒ സര്‍ട്ടിഫിക്കേറ്റ് ലോക്ക് ഘടിപ്പിച്ചിട്ടുള്ള ജയിലില്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന വാദം എത്ര വിചിത്രമാണെന്നും അഭിഭാഷകന്‍ ചോദിച്ചു.

Comments

comments

Categories: Politics

Related Articles