ജോലിയില്‍ ഏറ്റവുമധികം വിശ്വാസം ഇന്ത്യക്കാര്‍ക്ക് : നീല്‍സണ്‍

ജോലിയില്‍ ഏറ്റവുമധികം വിശ്വാസം ഇന്ത്യക്കാര്‍ക്ക് : നീല്‍സണ്‍

ന്യൂഡെല്‍ഹി: ജോലി സാധ്യതകളിലും വ്യക്തിഗത സമ്പാദ്യത്തിലും ഇന്ത്യക്കാര്‍ക്ക് അപാരമായ ആത്മവിശ്വാസമെന്ന് ആഗോള പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് കമ്പനിയായ നീല്‍സണ്‍. 2016 മൂന്നാംപാദത്തിലെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡെക്‌സിന്റെ അടിസ്ഥാനത്തിലാണ് നീല്‍സണിന്റെ വിലയിരുത്തല്‍.

മൂന്നാം പാദത്തില്‍ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സൂചികയില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന നിലയാണ് കൈവരിച്ചത്. ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ പാദത്തിലെ 128 ല്‍നിന്ന് അഞ്ച് പോയന്റ് ഉയര്‍ന്ന് 133ലെത്തി. ഇന്ത്യയ്ക്ക് പിറകില്‍ 132, 122 പോയന്റുകളുമായി യഥാക്രമം ഫിലിപ്പൈന്‍സും ഇന്തോനേഷ്യയുമാണ്. പ്രാദേശിക ജോലി സാധ്യതകള്‍, സ്വകാര്യ സാമ്പത്തിക കാര്യങ്ങള്‍, അടിയന്തരഘട്ടങ്ങളില്‍ പൈസ ചെലവഴിക്കുന്നത് എന്നിവ പരിശോധിച്ചാണ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡെക്‌സ് കണക്കാക്കിയത്. 63 രാജ്യങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്

കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡെക്‌സിന്റെ പുതിയ സ്‌കോര്‍ ഇന്ത്യയെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. ഇത് ഇന്ത്യക്കാരുടെ ശുഭാപ്തിവിശ്വാസം തെളിയിക്കുന്നതാണ്. നല്ല മഴയും പണപ്പെരുപ്പം നിയന്ത്രണ വിധേയമായതും നല്ല സാമ്പത്തിക വികസന കാഴ്ച്ചപ്പാടുമെല്ലാം ഇന്ത്യക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് നീല്‍സണ്‍ ദക്ഷിണേഷ്യ പ്രസിഡന്റ് പ്രസൂണ്‍ ബസു ചൂണ്ടിക്കാട്ടുന്നു.

വ്യക്തിഗത സമ്പാദ്യത്തെ കുറിച്ചുള്ള വിശ്വാസത്തില്‍ ഇന്ത്യ ആറു പോയിന്റ് വര്‍ധിപ്പിച്ച് 84 ശതമാനത്തില്‍ എത്തി.

Comments

comments

Categories: Slider, Top Stories