ഗോള്‍ വരള്‍ച്ച നേരിട്ട് ഇബ്രാഹിമോവിച്ച്

ഗോള്‍ വരള്‍ച്ച നേരിട്ട് ഇബ്രാഹിമോവിച്ച്

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് തിരിച്ചടി നേരിടുന്നു. പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ഏറ്റവുമധികം തവണ ഗോള്‍ വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്ത താരത്തിന് കൂടിയാണ് ഈ ദൗര്‍ഭാഗ്യം. അതേസമയം, ഹോസെ മൗറീഞ്ഞോ കോച്ചായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം കാണാതെ വലയുകയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 57 തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ച ഇബ്രാഹിമോവിച്ചിന് സെപ്റ്റംബര്‍ പത്താം തിയതി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷം ഇതുവരെ വലകുലുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ സ്വീഡിഷ് താരത്തിന്റെ കാലിന് വളവുണ്ടോയെന്നും വിമര്‍ശകര്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

ക്ലബ് ഫുട്‌ബോളിലെ എക്കാലത്തെയും വമ്പന്മാരായ യുവന്റസ്, ബാഴ്‌സലോണ ടീമുകള്‍ക്ക് വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുള്ള ഇബ്രാഹിമോവിച്ച് ഇത്തരത്തില്‍ തിരിച്ചടി നേരിടുന്നത് അപൂര്‍വമാണ്. 2007ല്‍ ഇറ്റാലിയന്‍ സീരി എ ലീഗ് ക്ലബായ ഇന്റര്‍ മിലാനിന്റെ ടീംമംഗമായിരുന്ന സമയത്താണ് ഇതുപോലെ തിരിച്ചടി സ്വീഡിഷ് താരം നേരിട്ടിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് ശേഷമാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ഫ്രഞ്ച് ലീഗിലെ ടോപ് സ്‌കോററുമായിരുന്നു അദ്ദേഹം. ഇബ്രാഹിമോവിച്ചിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ലീഗ് കപ്പ് ഉള്‍പ്പെടെയുള്ള വിവിധ കിരീടങ്ങള്‍ പിഎസ്ജി കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Sports