ടീം ഇന്ത്യ: ഗൗതം ഗംഭീറിനെ നിലനിര്‍ത്തി; ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍

ടീം ഇന്ത്യ:  ഗൗതം ഗംഭീറിനെ നിലനിര്‍ത്തി; ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍

 

മുംബൈ: നവംബര്‍ ഒന്‍പതാം തിയതി ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ പതിനഞ്ചംഗ ടീമിനെയാണ് എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ചത്.

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പരിക്ക് കാരണം ഒഴിവാക്കി. അതേസമയം ഓള്‍റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ സ്ഥാനം പിടിച്ചു. പാണ്ഡ്യ ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമാകുന്നത്. വിശ്രമത്തിലായിരുന്ന പേസ് ബൗളര്‍ ഇശാന്ത് ശര്‍മയും ടീമിലേക്ക് തിരിച്ചെത്തി.

ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ പകരക്കാരനായി ടീം ഇന്ത്യയില്‍ തിരിച്ചെത്തിയ ഗൗതം ഗംഭീറിനെ ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഗംഭീര്‍ ന്യൂസിലാന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാനിറങ്ങിയിരുന്നു. മലയാളിയായ കരുണ്‍ നായരും ടീമിലുണ്ട്.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ സമയത്ത് വിശ്രമം അനുവദിക്കപ്പെട്ട മുഹമ്മദ് ഷാമി, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഓള്‍റൗണ്ടറായ ജയന്ത് യാദവും ഇടം കണ്ടെത്തിയപ്പോള്‍ പേസ് ബൗളറായ ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ നിന്നും ഒഴിവാക്കി.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ഗൗതം ഗംഭീര്‍, ജയന്ത് യാദവ്, അമിത് മിശ്ര, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, സാഹ (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, മുരളി വിജയ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ.

ഈ മാസം ഒന്‍പതിന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്തും മൂന്നാം മത്സരം മൊഹാലിയിലുമാണ് നടക്കുക. നാല്, അഞ്ച് മത്സരങ്ങള്‍ യഥാക്രമം മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഐസിസി റാങ്കിംഗില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. 115 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 105 പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. അതേസമയം, ഇന്ത്യയില്‍ അവസാനമായി നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് അതിഥികള്‍ സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Sports