പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി: ആവശ്യം ശക്തമാകുന്നു

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി: ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം നാളെ നടക്കാനിരിക്കെ എല്ലാ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരും രോഗികളും സാമ്പത്തികവിദഗ്ധരും രംഗത്തെത്തി. ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന 26 ശതമാനം പാപനികുതി (സിന്‍ ടാക്‌സ്) രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്കും സാമ്പത്തികമേഖലയ്ക്കും ഒരുപോലെ ദോഷകരമാണെന്ന് ഇവര്‍ പറയുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമ്പോള്‍ ഉപഭോഗം വര്‍ധിക്കുകവഴി ഇത് ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളിലേക്ക് നയിക്കുന്നു. രാജ്യത്തിന് പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളനുസരിച്ച് പുകയില ഉപഭോഗം കുറയ്ക്കുന്നതിന് തെളിയിക്കപ്പെട്ട മാര്‍ഗം പുകയില ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കനത്ത നികുതി ഏര്‍പ്പെടുത്തുന്നതാണെന്ന് ദീര്‍ഘകാലമായി പുകയിലയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നികുതി വേണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പിആര്‍എസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായര്‍ പറഞ്ഞു. കുറഞ്ഞ ജിഎസ്ടി നിരക്ക് പുകയില ഉപഭോഗവും അതുവഴി ആരോഗ്യപരിപാലന ചെലവും വര്‍ധിപ്പിക്കും. പുകയുള്ളതും പുകരഹിതവുമായ എല്ലാ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് ഡോ. ടൈനി നായര്‍ ആവശ്യപ്പെട്ടു.

നിലവിലെ എക്‌സൈസ് നികുതി നിലനിര്‍ത്തിക്കൊണ്ടുതന്നെ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം പാപനികുതി ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലും 40 ശതമാനം ജിഎസ്ടി പാപനികുതിയെ അപേക്ഷിച്ച് പുകയിലയില്‍ നിന്നുള്ള നികുതി വരുമാനം അഞ്ചിലൊന്നോളം കുറയുമെന്ന് (17 ശതമാനം, ഏകദേശം 10,510 കോടി രൂപ) ജോധ്പൂര്‍ ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റിജോ ജോണ്‍ പറഞ്ഞു.

പുകയിലയും അതുപോലെയുള്ള ഉല്‍പ്പന്നങ്ങളും വഴി സമൂഹത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് വഴി കണ്ടെത്തുക, വിലവര്‍ധനവ് വഴി ഉപഭോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പാപനികുതി ഏര്‍പ്പെടുത്തുന്നത്. നിലവിലുള്ള എക്‌സൈസ് തീരുവയും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നികുതികളുമല്ലാതെ 40 ശതമാനം പാപനികുതി അഭികാമ്യമാണെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു.

Comments

comments

Categories: Trending