ഗാലക്‌സി നോട്ട് 7 പ്രശ്‌നം: തിരിച്ചടികളില്‍ നിന്ന് പുരോഗതി പ്രാപിക്കണം- സാംസംഗ് സിഇഒ

ഗാലക്‌സി നോട്ട് 7 പ്രശ്‌നം:  തിരിച്ചടികളില്‍ നിന്ന് പുരോഗതി പ്രാപിക്കണം- സാംസംഗ് സിഇഒ

 

സിയോള്‍: ഗാലക്‌സി നോട്ട് 7ന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് സാംസംഗ് ഇലക്‌ട്രോണിക്‌സ് പുരോഗതി പ്രാപിക്കണമെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് നോണ്‍ ഒഹ് യുന്‍ പറഞ്ഞു. ഗാലക്‌സി നോട്ട് 7 ന്റെ കാര്യത്തില്‍ കമ്പനി നേരിടേണ്ടി വന്ന പരാജയത്തെ നേരിട്ടു പരാമര്‍ശിക്കാതെയായിരുന്നു സാംസംഗ് സിഇഒയുടെ പ്രസ്താവന.

ജീവനക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കണമെന്നും ജോലിയില്‍ അലംഭാവമുണ്ടായിട്ടുണ്ടോയെന്നത് പുനര്‍ചിന്തയ്ക്ക് വിധേയമാക്കണമെന്നും നോണ്‍ ഒഹ് യുന്‍ നിര്‍ദേശിച്ചു. കമ്പനിക്ക് പ്രതിസന്ധികളെ അതിജീവിക്കുന്ന കാര്യത്തില്‍ ദീര്‍ഘകാല ചരിത്രമാണുള്ളതെന്നും നോണ്‍ ഒഹ് യുന്‍ സൂചിപ്പിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടം കൂടുതല്‍ പുരോഗതിക്കും നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ പുനഃപരിശോധിക്കുന്നതിനുമുള്ള അവസരമായി കാണണമെന്നും നോണ്‍ ഒഹ് യുന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഗാലക്‌സി നോട്ട് 7 അമിതമായി ചൂടായി പൊട്ടിത്തകര്‍ന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ പ്രതിച്ഛായ തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് സ്ഥാപനമുള്ളതെന്ന് സാംസംഗ് വൃത്തങ്ങള്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ഗാലക്‌സി നോട്ട് 7ന്റെ അപകടവാര്‍ത്തകള്‍ മൂന്നാമത്തെ സാമ്പത്തിക പാദത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിലേറ്റവും താഴ്ന്ന വരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചിരുന്നു.

Comments

comments

Categories: Branding, Slider