ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിക്കുകീഴിലുള്ള ആദ്യ വ്യാപാരം ആരംഭിച്ചു

ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിക്കുകീഴിലുള്ള ആദ്യ വ്യാപാരം ആരംഭിച്ചു

ഇസ്ലാമാബാദ്: ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിക്കു (ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ പ്രൊജക്ട്-സിപിഇസി) കീഴിലുള്ള ആദ്യ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ചൈന-പാക് അതിര്‍ത്തിയിലെ ആദ്യ ഔദ്യോഗിക തുറമുഖമായ സസ്തി(ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍)ല്‍ കസ്റ്റംസ് പരിശോധയ്ക്ക് ശേഷം 100 കണ്ടെയ്‌നറുകള്‍ എത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് അതിര്‍ത്തിക്കു മുന്‍പായി കാരക്കോറം ഹൈവേയോടു ചേര്‍ന്നുള്ള പാകിസ്ഥാനിലെ അവസാനത്തെ പട്ടണമാണ് സസ്ത്.

പാക് അധീനിവേശ കശ്മീര്‍ വഴിയുള്ള ചൈന-പാക് വ്യാപാര പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ചയാണ് നടന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനിന്റെ മുഖച്ഛായ മാറുമെന്നും എല്ലാ ആഴ്ചകളിലും കാരക്കോറം ഹൈവേ വഴി ചൈനയുടെ 1000ത്തിലധികം കണ്ടെയ്‌നറുകള്‍ കടന്നുപോകുമെന്നും മുഖ്യമന്ത്രി ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ ഹഫീസുര്‍ റഹ്മാന്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു. ഈ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഇസി പ്രൊജക്ടില്‍ ചൈനയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഈടാക്കില്ലെന്ന് സസ്ത് പോര്‍ട്ട് കസ്റ്റംസ് സൂപ്രണ്ട് ഇഷാക് കിയാനി പറഞ്ഞു. സസ്തിലെത്തിയ കണ്ടെയ്‌നറുകളില്‍ 45 എണ്ണം പുറപ്പെട്ടതായും ബാക്കി വരുന്നവ പരിശോധയ്ക്കു ശേഷം പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories