അനധികൃത കയറ്റുമതി: വാന്‍ബറി ഫാര്‍മക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം നടത്തുന്നു

അനധികൃത കയറ്റുമതി: വാന്‍ബറി ഫാര്‍മക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം നടത്തുന്നു

മുംബൈ: പ്രമുഖ പ്രമേഹ രോഗ മരുന്നായ മെറ്റ്‌ഫോര്‍മിന്റെ ഏറ്റവും വലിയ കയറ്റുമതി കമ്പനിയായ വാന്‍ബറി ഫാര്‍മ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ) യുടെ നിരീക്ഷണത്തില്‍. നിയമവിരുദ്ധമായി മരുന്നുകള്‍ കയറ്റുമതി ചെയ്തതിന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്പനിയ്‌ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിരുന്നു. ബ്രസീല്‍, മെക്‌സിക്കോ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി മരുന്നുകള്‍ കയറ്റുമതി ചെയ്തു എന്നു കാണിച്ച് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. ആരോപണങ്ങളില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നിലവില്‍ അന്വേഷണം നടത്തി വരികയാണെന്ന്-ഇഎംഎയുടെ മാധ്യമ വിഭാഗം മേധാവി റെബേക്കാ ഹാര്‍ഡിംഗ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് വാന്‍ബറിയ്ക്ക് ഡ്രഗ്‌സ് കണ്‍ഡ്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കയറ്റുമതി സര്‍ട്ടിഫിക്കറ്റ് നല്‍കി രണ്ടാഴ്ചയ്ക്കു ശേഷമാണ് കമ്പനി നിയമനടപടി നേരിടുന്നത്. മികച്ച ഉല്‍പ്പാദന പ്രക്രിയകളാണ് പിന്തുടരുന്നത് എന്നു കാണിച്ച് മരുന്നു നിര്‍മാണ കമ്പനികള്‍ക്ക് പ്രാദേശിക ഏജന്‍സികള്‍ എഴുതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമെ യൂറോപ്യന്‍ യൂണിയനിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കൂ.

മഹാരാഷ്ട്ര എഫ്ഡിഐ നടത്തിയ പ്രാഥമിക അന്വേഷണം പ്രകാരം ഒരു മാസത്തില്‍ വാന്‍ബറി 650 മെട്രിക് ടണ്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ 300 മെട്രിക് ടണ്‍ വരെ മാത്രമെ കയറ്റുമതി ചെയ്യാന്‍ കമ്പനിയ്ക്ക് അനുമതിയുള്ളു. മരുന്നുകളുടെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ (പിപിഐഎല്‍) എന്ന കമ്പനിയുടെ സഹായവും മെറ്റ്‌ഫോര്‍മിന്റെ നിര്‍മാണത്തിനായി വാന്‍ബറി തേടുന്നുണ്ട്. പിപിഐഎല്ലിന് കയറ്റുമതി അനുമതി ഇല്ല. പിപിഐഎല്ലിന്റെ ലേബല്‍ മാറ്റി, പകരം വാന്‍ബറിയുടെ ലേബല്‍ ഒട്ടിച്ച് മരുന്നുകള്‍ കയറ്റുമതി ചെയ്യുകയാണ് വാന്‍ബറി ചെയ്യുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്-മഹാരാഷ്ട്ര എഫ്ഡിഎ അറിയിച്ചു.

Comments

comments

Categories: Branding