കോര്‍പ്പറേറ്റുകളും സര്‍ക്കാരും തമ്മിലുള്ള ബന്ധം കാഠിന്യമുള്ളതാകരുത്: ധര്‍മേന്ദ്ര പ്രധാന്‍

കോര്‍പ്പറേറ്റുകളും സര്‍ക്കാരും തമ്മിലുള്ള ബന്ധം കാഠിന്യമുള്ളതാകരുത്: ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഊര്‍ജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖല വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്നും, സര്‍ക്കാരിനും ഊര്‍ജ്ജ മേഖലയിലെ കമ്പനികള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന യാതൊന്നും നിലനില്‍ക്കുന്നില്ലെന്നും പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കേന്ദ്ര സര്‍ക്കാരുമായി വിവിധ നിയമപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യത്തെ വന്‍കിട ഊര്‍ജ്ജ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും കെയിന്‍ ഇന്ത്യയ്ക്കുമെല്ലാം ശുഭകരമായ സൂചനയാണ് ഇക്ക്‌ണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയത്.

ഒഎന്‍ജിസിയുടെ നവീകരണത്തിന് ഗൗരവമേറിയ പിന്തുണ ആവശ്യമാണെന്നും ഗ്യാസ് വിതരണത്തിന്റെ സഹായത്തോടെ കിഴക്കേ ഇന്ത്യയിലെ വ്യാവസായികവല്‍ക്കരണം വേഗത്തിലാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഡീസല്‍ വില നിയന്ത്രണം, ആനുകൂല്യങ്ങള്‍ നേരിട്ട് എക്കൗണ്ടിലെത്തിക്കല്‍ തുടങ്ങി സുതാര്യതയും, വിശ്വാസ്യതയും ഉറപ്പുവരുത്തുന്ന നിരവധി പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജ മേഖലയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസ് പൈപ്പ്‌ലൈന്‍ നിര്‍മാണത്തിനായി ഈ വര്‍ഷത്തെ ബജറ്റില്‍ 5,000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതിലൂടെ നടന്നുകൊണ്ടിരിക്കുന്ന ചില വികസന പ്രവര്‍ത്തനങ്ങളില്‍ ഉടന്‍ ഫലം കണ്ടതായും മറ്റുചില പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. വില നിയന്ത്രണ സംവിധാനം കൊണ്ടുവന്നതിലൂടെ എഥനോള്‍ സംഭരണം വര്‍ധിപ്പിക്കാനായിട്ടുണ്ടെന്നും പ്രധാന്‍ ചൂണ്ടിക്കാട്ടി.

അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ നിലവില്‍ ആവിഷ്‌കരിച്ചിട്ടുള്ള എല്ലാ പദ്ധതികളും, നയ പ്രഖ്യാപനങ്ങളും ലക്ഷ്യപ്രാപ്തിയിലെത്തിക്കുകയാണ് മന്ത്രാലയത്തിന്റെ ദൗത്യമെന്നും പ്രധാന്‍ പറഞ്ഞു. ഊര്‍ജ്ജ മേഖലയില്‍ തന്ത്രപ്രധാനമായ പങ്കാളിത്തമാണ് റഷ്യയുമായി ഇന്ത്യയ്ക്കുള്ളത്. ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴും പ്രധാന പങ്കാളി റഷ്യയാണ്. തുടര്‍ന്നും കൂടുതല്‍ മേഖലകളിലേക്ക് റഷ്യയുമായി സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ച നടന്നുവരികയാണെന്നും പ്രധാന്‍ പറയുന്നു. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ നിലവില്‍ ഇന്ത്യ ഒരു ഉപഭോക്തൃ വിപണിയാണ്. മറ്റ് രാഷ്ട്രങ്ങളുമായി പരസ്പര പൂരകമായ ബന്ധം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Comments

comments

Categories: Politics