ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുമ്പോള്‍

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുമ്പോള്‍

ചൈനയുടെ സാമ്പത്തിക രംഗം കടുത്ത പരിവര്‍ത്തനത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോക സമ്പദ് വ്യവസ്ഥയ്ക്ക് അത് പുതിയ ഷോക്ക് നല്‍കാനിരിക്കുകയാണ്. ലോകത്തേക്ക് കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന പതിവ് ചൈന നിര്‍ത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശരിക്കും ലോകവിപണിയിലേക്ക് ചൈനയുടെ കടന്നുകയറ്റം ഉറപ്പാക്കിയത് വില കുറഞ്ഞ അവരുടെ ഉല്‍പ്പന്നങ്ങളായിരുന്നു.

ഇപ്പോള്‍ ചൈന തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ പോകുകയാണ്. 2010നു ശേഷം ആദ്യമായാണ് വലിയ തോതില്‍ വിലവര്‍ധന വരുന്നത്. വര്‍ധിച്ചുവരുന്ന തൊഴില്‍ വേതനും ഉല്‍പ്പാദന ചെലവുകളുമെല്ലാമാണ് ചൈനയെ ഇപ്പോള്‍ കുഴക്കുന്നത്. അധിക ചെലവിന്റെ ബാധ്യത മറികടക്കണമെങ്കില്‍ കൂടുതല്‍ വരുമാനം നേടിയേ മതിയാകൂ. അതിന് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടുകയാണ് നല്ലതെന്ന നയമാണ് അവര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കുറയുകയും തൊഴില്‍ വേതന ബില്‍ കൂടുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയാണ് പല കമ്പനികളിലും സൃഷ്ടിച്ചിരിക്കുന്നത്. ജിയാങ്‌മെന്‍ ലക്ക് ടിഷ്യു എംഫി ലിമിറ്റഡ് എന്ന പ്രമുഖ കമ്പനി അടുത്തിടെ പകുതി ജീവനക്കാരെയാണ് വെട്ടിച്ചുരുക്കിയത്. അതിജീവനത്തിന് ഓട്ടോമേഷനിലേക്ക് മാറുകയാണ് അവര്‍.

ഉല്‍പ്പന്നങ്ങളുടെ മേലുള്ള ലാഭമാര്‍ജിന്‍ നന്നായി കുറയാന്‍ തുടങ്ങിയതോടെ ഇനി പിടിച്ചു നില്‍ക്കണമെങ്കില്‍ ഉല്‍പ്പാദനരംഗത്തെ കമ്പനികള്‍ക്ക് വില കൂട്ടിയേ മതിയാകൂ. എന്നാല്‍ ഇത് മറ്റ് രാജ്യങ്ങളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യതയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ലോകത്തിന്റെ ഫാക്റ്ററി എന്ന നിലയിലുള്ള ചൈനയുടെ സ്ഥാനമാകും അതോടെ നഷ്ടമാകുക. ചൈനയുടെ ഉല്‍പ്പാദന ചെലവുകള്‍ സെപ്റ്റംബറില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ചൈനയുടെ പ്രധാന വിപണികളായ യുഎസ്, ഹോങ്കോംഗ്, ജപ്പാന്‍, സൗത്ത് കൊറിയ, മെക്‌സികോ തുടങ്ങിയിടങ്ങളിലേക്കുള്ള കയറ്റുമതിയെ പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ചൈനയിലേക്ക് വലിയ തോതില്‍ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളെയും വിലകൂട്ടുന്ന നടപടി ബാധിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ ശക്തമായ ചൈനാ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രധാന ആകര്‍ഷണീയത വിലക്കുറവ് ആണെന്നതിനാല്‍ തന്നെ പുതിയ പരിഷ്‌കരണങ്ങള്‍ ഉപഭോക്താക്കളെ അവരില്‍ നിന്ന് അകറ്റി നിര്‍ത്തും.

ഈ വര്‍ഷം ദീപാവലി ഉത്സവ സീസണില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 60 ശതമാനം കുറവ് ഇന്ത്യന്‍ വിപണിയില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഉറി ആക്രമണത്തിനു ശേഷമുളള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാനെ പരോക്ഷമായും പ്രത്യക്ഷമായും ചൈന പിന്തുണയ്ക്കുന്നുവെന്ന വസ്തുത തിരിച്ചറിഞ്ഞ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യത്ത് വലിയ പ്രചാരണം നടന്നിരുന്നു. ബഹിഷ്‌കരണ പ്രഖ്യാപനം നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും പല വ്യാപരികളും പിന്മാറിയിരുന്നു.

ഈ വര്‍ഷം ചൈനീസ് ഉല്‍പ്പന്നങ്ങളേക്കാള്‍ കൂടുതലായി മണ്‍വിളക്കുകളും പേപ്പര്‍, കളിമണ്ണ്, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പ്പനങ്ങളുമാണ് ദീപാവലിക്ക് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ചിലര്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച് സൂക്ഷിച്ചുവച്ച വസ്തുക്കള്‍ തന്നെ പ്രയോജനപ്പെടുത്തിയും ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണത്തില്‍ പങ്കാളികളായി. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും ഇന്ത്യന്‍ ജനതയുടെ ഉത്സവാഘോഷങ്ങളെ ഇത് ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഉല്‍പ്പന്ന ബഹിഷ്‌കരണത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ആഹ്വാനം ചെയ്തില്ലെങ്കിലും നവമാധ്യമങ്ങളിലൂടെ ഈ വിഷയത്തിനു ലഭിച്ച പ്രചാരമാണ് രാജ്യമെമ്പാടുമുള്ള ജനങ്ങളില്‍ ബഹിഷ്‌കരണ മനോഭാവം വളര്‍ത്താന്‍ സഹായകമായത്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വില കൂട്ടി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയാല്‍ ആവശ്യക്കാരുണ്ടാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Comments

comments

Categories: Editorial