ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തും: അമിത് അഗര്‍വാള്‍

ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തും: അമിത് അഗര്‍വാള്‍

ബെംഗളൂരു: യുഎസ് ആസ്ഥാനമായ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്ന് കമ്പനിയുടെ ഇന്ത്യാ മേധാവി അമിത് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച് തുടങ്ങിയതായി കഴിഞ്ഞയാഴ്ച്ച ആമസോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രയാന്‍ ഓല്‍സാവ്‌സ്‌കൈ വ്യക്തമാക്കിയതിന് പിറകേയാണ് അമിത് അഗര്‍വാളിന്റെ പ്രസ്താവന പുറത്തുവരുന്നത്. അതേസമയം മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ ആമസോണിന് കഴിഞ്ഞിരുന്നില്ല.

ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന്റെ വേഗം ഒരു കാരണവശാലും കുറയ്ക്കില്ലെന്നാണ് അമിത് അഗര്‍വാള്‍ ഒരു അഭിമുഖത്തില്‍ അമിത് അഗര്‍വാള്‍ വ്യക്തമാക്കിയത്. ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്ന ആമസോണ്‍ പിന്നീട് ഈ വര്‍ഷം ജൂണില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ആമസോണിന് ഇന്ത്യയില്‍ ലഭിക്കുന്ന പ്രതികരണം കമ്പനിക്ക് ആവേശം പകരുന്നതാണെന്ന് അഗര്‍വാള്‍ പറഞ്ഞു. ഇ-കോമേഴ്‌സ് മേഖല ഇന്ത്യയില്‍ ഇപ്പോഴും അതിന്റെ പ്രാരംഭദശയിലാണ്. ഇന്ത്യയില്‍ ആമസോണും അതിനനുസരിച്ചുള്ള വളര്‍ച്ചയേ പ്രകടിപ്പിച്ചിട്ടുള്ളൂ. ഇന്ത്യക്കാരുടെ വാങ്ങല്‍ രീതികളുമായി പൊരുത്തപ്പെടുന്നതിന് കൂടുതല്‍ സമയമെടുക്കും. ഇതിന് കൂടുതല്‍ നിക്ഷേപവും കൂടുതല്‍ വര്‍ഷങ്ങളും വേണ്ടിവരുമെന്നും അമിത് അഗര്‍വാള്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ആമസോണ്‍ തങ്ങളുടെ പ്രൈം സര്‍വീസിനാണ് ഊന്നല്‍ നല്‍കുന്നത്. വരും മാസങ്ങളില്‍ ഇത് കൂടുതല്‍ വില്‍പ്പനയ്ക്ക് വഴിവെക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്തൊഴികെ ഒക്‌റ്റോബര്‍ മാസത്തിലുടനീളം മുന്‍മാസങ്ങളിപ്പോലെ പ്രൈം വിഭാഗത്തിലൂടെ തന്നെയാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. പ്രൈം അംഗത്വത്തിലൂടെയുള്ള വില്‍പ്പന തന്നെയാകും വരും മാസങ്ങളിലും മുന്നിലെത്തുകയെന്നും അഗര്‍വാള്‍ പ്രതീക്ഷിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.7 ശതമാനം വര്‍ധിച്ചുവെന്ന് ആമസോണ്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Comments

comments

Categories: Branding