വിനോദവ്യവസായമേഖല: ആലിബാബ 100 ബില്യണ്‍ യുവാന്റെ സാമ്പത്തിക നിധി രൂപീകരിച്ചു

വിനോദവ്യവസായമേഖല:  ആലിബാബ 100 ബില്യണ്‍ യുവാന്റെ സാമ്പത്തിക നിധി രൂപീകരിച്ചു

ബീയ്ജിംഗ്: ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനികളിലെ അതികായരായ ആലിബാബ 100 ബില്യണ്‍ യുവാന്‍ (1.48 ബില്യണ്‍ ഡോളര്‍) വിനോദ വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയതായി രൂപം നല്‍കിയ ഡിജിറ്റല്‍ മീഡിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആലിബാബ ഈ തുക ചെലവഴിക്കുകയെന്ന് വാര്‍ത്താവിതരണ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആലിബാബയുടെ കീഴിലുള്ള മാധ്യമ സ്ഥാപനങ്ങളായ യൂകു ടുഡോ ഇന്‍കോര്‍പ്പറേറ്റഡ്, യുസി വെബ് ഇന്‍കോര്‍പ്പറേറ്റഡ്, ആലിബാബ പിക്‌ചേഴ്‌സ് ഗ്രൂപ്പ് മുതലായവയുടെ പ്രവര്‍ത്തനത്തിനാണ് തുക ചെലവഴിക്കുക. യുസിവെബിന്റെ മുന്‍ സിഇഒ യു യോംഗ്ഫുവാണ് പുതുതായി രൂപം നല്‍കിയ ആലിബാബ ഡിജിറ്റല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്‌മെന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയും. ആലിബാബ സിഇഒ ഡാനിയല്‍ ഷാംഗുമായാണ് നേരിട്ട് യോംഗ്ഫുവിന് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. യൂകു ടുഡോ ചെയര്‍മാനും സിഇഒയുമായ വിക്റ്റര്‍ കൂവാണ് ആലിബാബ ഡിജിറ്റല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്‌മെന്റ് ഗ്രൂപ്പിന്റെ നയപരവും നിക്ഷേപസംബന്ധിയുമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന യോഗത്തിന്റെ അധ്യക്ഷന്‍. പുതിയ സാമ്പത്തിക നിധിയില്‍ നിന്ന് സ്ഥാപനത്തിന് ലഭ്യമാക്കുന്ന തുക എങ്ങനെ വിനിയോഗിക്കുന്നുവെന്ന് അവലോകനം ചെയ്യുക ഈ യോഗമായിരിക്കുമെന്ന് ആലിബാബ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.

ആലിബാബ ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികളുടെ വിശദാംശം വ്യക്തമാക്കാന്‍ കമ്പനി വൃത്തങ്ങള്‍ ഇനിയും തയാറായിട്ടില്ല. എന്നാല്‍ സാമ്പത്തിക നിധി ഡിജിറ്റല്‍, വിനോദ വ്യവസായങ്ങള്‍ക്കായി മാത്രമാണ് ചെലവഴിക്കുകയെന്ന് ആലിബാബ ഗ്രൂപ്പ് പറഞ്ഞു.

വിനോദവ്യവസായ മേഖലയില്‍ ആലിബാബ ഗ്രൂപ്പിനു കീഴില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏകസ്ഥാപനമാണ് ആലിബാബ പിക്‌ചേഴ്‌സ്. ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണ സ്ഥാപനമായ താവോ പ്യാവോ പ്യാവോയെ ഏറ്റെടുക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആലിബാബ പിക്‌ചേഴ്‌സ് ആരംഭിച്ചിട്ടുണ്ട്. ചലച്ചിത്രനിര്‍മാണത്തില്‍ സഹകരിക്കുന്നതു സംബന്ധിച്ച് സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ആംബ്ലിന്‍ പിക്‌ചേഴ്‌സുമായി സഹകരിക്കുന്നതിനുള്ള കരാറില്‍ അടുത്തിടെ ആലിബാബ പിക്‌ചേഴ്‌സ് ഒപ്പുവെച്ചിരുന്നു. 10ാം വാര്‍ഷികത്തോട് അടുക്കുന്ന യൂകു ടുഡോ ഇന്‍കോര്‍പ്പറേറ്റഡിനെ കഴിഞ്ഞവര്‍ഷം ഒക്‌റ്റോബറിലാണ് ആലിബാബ പിക്‌ചേഴ്‌സ് ഏറ്റെടുത്തത്. 3.5 ബില്യണ്‍ ഡോളറിനാണ് യൂകൊ ടുഡോയെ ആലിബാബ പിക്‌ചേഴ്‌സ് ഏറ്റെടുത്തത്.

Comments

comments

Categories: Branding