എയര്‍ ഏഷ്യയില്‍ യാത്രക്കാരുടെ എണ്ണം 42% വര്‍ധിച്ചു

എയര്‍ ഏഷ്യയില്‍ യാത്രക്കാരുടെ എണ്ണം 42% വര്‍ധിച്ചു

ന്യൂഡെല്‍ഹി: കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യ (എഎഐ)യില്‍ യാത്ര ചെയ്തവരുടെ എണ്ണം സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 42 ശതമാനം വര്‍ധിച്ച് 5.89 ലക്ഷത്തിലെത്തി.

രണ്ടാം പാദത്തില്‍ കമ്പനിയുടെ റൂട്ട് ശൃംഖലയില്‍ മൂന്ന് പുതിയ കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതിനാല്‍ സീറ്റ് കപ്പാസിറ്റി 23 ശതമാനം വര്‍ധിക്കുന്നതിന് സഹായകരമായെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരു-ഗുവഹാത്തി, ബെംഗളൂരു-ഹൈദരാബാദ്, ഹൈദരാബാദ്-ഗോവ എന്നീ മൂന്നു റൂട്ടുകള്‍ രണ്ടാംപാദത്തില്‍ പുതിയതായി ചേര്‍ത്തിരുന്നു. കൂടാതെ ബെംഗളൂരു-ഗോവ റൂട്ടിലെ ഫ്രീക്വന്‍സിയും വര്‍ധിപ്പിച്ചിരുന്നു.

ടാറ്റ സണ്‍സിനും മലേഷ്യയിലെ വിമാന കമ്പനിയായ എയര്‍ ഏഷ്യ ബെര്‍ഹാഡിനും എഎഐയില്‍ 49 ശതമാനം ഓഹരികളുണ്ട്. കൂടാതെ എഎഐയുടെ ഡയറക്റ്റര്‍മാരായ എസ് രാമദൊരെ, ആര്‍ വെങ്കട്ടരാമന്‍ എന്നിവര്‍ക്ക് 2 ശതമാനം ഓഹരികളുമുണ്ട്. പുതിയ റൂട്ടുകളോടാപ്പം രണ്ടാം പാദത്തില്‍ സീറ്റ് ഫാക്ടറും 12 ശതമാനം വര്‍ധിപ്പിച്ച് 88 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 76 ശതമാനമായിരുന്നു വിമാനത്തിന്റെ സീറ്റ് ഫാക്ടര്‍. സെപ്റ്റംബര്‍ 30 ഓടെ എഎഐയ്ക്ക് എട്ട് എ320 എയര്‍ബസുകളായി. കഴിഞ്ഞ വര്‍ഷം അഞ്ച് എ320 എയര്‍ബസുകളേ എഎഐയ്ക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding