സംയുക്ത സംരംഭങ്ങള്‍ വളര്‍ച്ച കൈവരിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്

സംയുക്ത സംരംഭങ്ങള്‍ വളര്‍ച്ച കൈവരിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്

 

മുംബൈ: സിംഗപ്പൂര്‍ എയര്‍ലൈന്‍സു (എസ്‌ഐഎ)മായും എയര്‍ ഏഷ്യയുമായുള്ള സഹകരണത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് രംഗത്ത്. മികച്ച വളര്‍ച്ചാ സാധ്യതയാണ് ഈ രണ്ട് സംരംഭങ്ങള്‍ക്കും ഭാവിയില്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍

ടാറ്റയും എസ്‌ഐഎ യും ചേര്‍ന്ന് വിസ്താര എയര്‍ലൈന്‍സ് ആരംഭിച്ച് ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ലഭിച്ച ഓരോ രൂപയുടെ വരുമാനത്തിനും ഏകദേശം 58 പൈസയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്‍കിയ വിവര പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 691 കോടി രൂപയുടെ വരുമാനം ലഭിച്ചപ്പോള്‍ 401 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനിക്കുണ്ടായത്. എയര്‍ ഏഷ്യയുമായുള്ള ടാറ്റയുടെ സംയുക്ത സംരംഭത്തിന് ജൂണില്‍ അവസാനിച്ച പാദത്തില്‍ 180 കോടി രൂപയുടെ വരുമാനം ലഭിച്ചപ്പോള്‍ 19.4 കോടി രൂപ അറ്റനഷ്ടമായി കണക്കാക്കുന്നു.

എന്നാല്‍ വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം ആദ്യ വര്‍ഷങ്ങളിലെ ഇത്തരം നഷ്ടങ്ങള്‍ പുതുമയുള്ളതല്ലെന്നാണ് ടാറ്റ ഗ്രൂപ്പ് വക്താവ് പ്രതികരിച്ചത്. വ്യോമയാന മേഖല നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മാത്രം ലാഭത്തിലെത്താന്‍ സാധിക്കുന്നതാണെന്നും, വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവരുമെന്നും ടാറ്റ ഗ്രൂപ്പ് പറയുന്നു. രണ്ടു കമ്പനികളെയും ലാഭത്തിലെത്തിക്കാന്‍ തങ്ങള്‍ക്ക് വ്യക്തമായ പദ്ധതി രേഖകളുണ്ടെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി.
പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രി ടാറ്റാ സണ്‍സ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ഗ്രൂപ്പിന്റെ വ്യോമയാന മേഖലകളിലെ സംരംഭങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രത്തന്‍ ടാറ്റാ എയര്‍ഏഷ്യയുമായുള്ള പങ്കാളിത്തത്തിന് ധാരണയില്‍ എത്തിയ ശേഷം തന്നോട് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പിന്തിരിപ്പിക്കാനുള്ള തന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ലായെന്നും മിസ്ട്രി കത്തില്‍ പറഞ്ഞിരുന്നു. വിസ്താരയില്‍ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാമുള്ള തീരുമാനത്തിലും താന്‍ ആത്രം സന്തോഷവാനായിരുന്നില്ലെന്നാണ് മിസ്ട്രി വ്യക്തമാക്കിയത.

Comments

comments

Categories: Branding, Slider