ഗെക്കോലിസ്റ്റ്: മോബ്മിയുടെ പുതിയ ഉല്‍പ്പന്നം

ഗെക്കോലിസ്റ്റ്: മോബ്മിയുടെ പുതിയ ഉല്‍പ്പന്നം

 

കൊച്ചി: ഉപഭോക്തൃ പരിചയത്തിലൂടെ സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന തരത്തില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മോബ്മി പുതിയ ഉല്‍പ്പന്നം പുറത്തിറക്കി. ഇ-കൊമേഴ്‌സ്, റീട്ടെയില്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയില്‍ ഉപഭോക്താക്കളുടെ അനുഭവവും പരിചയവും വിശകലനം ചെയ്യുന്നതിനു വേണ്ടിയാണ് ഗെക്കോലിസ്റ്റ് എന്ന ഉല്‍പ്പന്നം കമ്പനി പുറത്തിറക്കിയത്.

ടെലികോം രംഗത്തെ ഉപഭോക്തൃ സേവനങ്ങളെ വിശകലനം ചെയ്യുന്ന കാംപസ് സ്റ്റാര്‍ട്ടപ്പ് ആയാണ് മോബ്മി എന്ന കമ്പനി ഒരു ദശകത്തിനു മുമ്പ് തുടങ്ങുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്ന തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കിയ മോബ്മി ഇ-കൊമേഴ്‌സ്, എയര്‍ലൈന്‍, ചില്ലറ വ്യാപാരം എന്നീ മേഖലകളിലേയക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണ് ഗെക്കോലിസ്റ്റിന് രൂപം നല്‍കിയത്.

വിവിധ മേഖലകളിലെ ഉപഭോക്തൃ പ്രതികരണങ്ങളെ മികച്ച രീതിയില്‍ വിശകലനം ചെയ്യുന്നതിനു വേണ്ടിയാണ് പുതിയ സംരംഭമെന്ന് മോബ്മി സിഇഒ സത്യ കല്യാണസുന്ദരം പറഞ്ഞു. ഉപഭോക്താവിന്റെ പ്രതികരണം ഏത് ഉറവിടത്തില്‍ നിന്നും വിശകലനം ചെയ്യാനാവുന്ന രീതിയിലാണ് ഗെക്കോലിസ്റ്റിന്റെ ഘടന. കോള്‍സെന്റര്‍, സര്‍വേ റിപ്പോര്‍ട്ട്, സോഷ്യല്‍മീഡിയ, ഉപഭോക്തൃ ഇ-മെയിലുകള്‍, വില്‍പ്പന കേന്ദ്രത്തിലെ വിവരങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ വിശകലനം ചെയ്യാന്‍ ഗെക്കോലിസ്റ്റിനാകും. ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് കൃത്യമായ സംയോജിത പരാതിപരിഹാര സംവിധാനമാക്കി മാറ്റുമെന്നും സത്യ കല്യാണസുന്ദരം പറഞ്ഞു.

നവീന ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ നിരവധി ഉത്പന്നങ്ങള്‍ മോബ്മി ഇതിനകംതന്നെ വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ബാങ്ക് എക്കൗണ്ടുകള്‍ തമ്മില്‍ പണം കൈമാറ്റം ചെയ്യുന്നതിനുള്ള ‘ചില്ലര്‍ ആപ്പി’ല്‍ മാത്രം ഇതിനകം 50 കോടി രൂപയുടെ നിക്ഷേപം വന്നിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ മൊബൈല്‍ സാങ്കേതികവിദ്യ നവീകരണത്തില്‍ മുന്‍കൈയെടുക്കുന്ന സീക്വിയ ക്യാപിറ്റല്‍, ഡിജിറ്റല്‍ ബാങ്കിംഗ് ലാബ്‌സ് എന്നിവയും ചില്ലറില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

മൂല്യവല്‍കരിക്കപ്പെട്ട സേവനങ്ങളിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെലികോം, അനലിറ്റിക്‌സ്, ബാങ്കിംഗ് എന്നീ പ്രധാന മേഖലകളിലാണ് മോബ്മി കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവയില്‍ ഓരോ മേഖലയിലും ഉപഭോക്താവുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ബാങ്കിംഗ്, മൈക്രോഫിനാന്‍സ്, പെയ്‌മെന്റ് ബാങ്കിംഗ് മേഖലകളില്‍ കുറ്റമറ്റ ഉപഭോക്തൃ പരിഹാര സംവിധാനം രൂപപ്പെടുത്തിയെടുക്കുന്നതിലൂടെ മികച്ച സേവനം മോബ്മിയുടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നും സത്യ കല്യാണസുന്ദരം പറഞ്ഞു.

മൂന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 2006ലാണ് മോബ്മിക്ക് രൂപം നല്‍കിയത്. ടെലികോം രംഗത്താണ് മോബ്മിയുടെ തുടക്കമെങ്കിലും പിന്നീട് വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. സാമ്പത്തിക, മൊബീല്‍ രംഗത്തെ സാങ്കേതിക വിദ്യയില്‍ നൂതനത്വത്തിനാണ് മോബ്മി എല്ലായ്‌പ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ടെലികോം, ബാങ്കിംഗ്, റീട്ടെയ്ല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വിശകലനം ചെയ്യുന്നത് മോബ്മിയാണ്. ഉപഭോക്തൃ സംതൃപ്തിയില്‍ വിപ്ലവകരമായ കാല്‍വയ്പാകും ഗെക്കോലിസ്റ്റ് കൊണ്ടുവരികയെന്ന് സത്യ പറഞ്ഞു. മോബ്മിയുടെ വളര്‍ച്ചയിലും ഇത് പ്രധാന പങ്കു വഹിക്കും. മികച്ച മാനേജ്‌മെന്റ് ടീമിനാണ് ഗെക്കോലിസ്റ്റിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Branding, Slider