എംഎസ്എംഇ: ഒഡിഷ സര്‍ക്കാര്‍ 55,567 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

എംഎസ്എംഇ:  ഒഡിഷ സര്‍ക്കാര്‍ 55,567 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

 

ഭുവനേശ്വര്‍: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ ഒഡിഷ സര്‍ക്കാര്‍ 55,567 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസം വരെയുള്ള ഔദ്യോഗിക രേഖകള്‍ ഇതിനു തെളിവായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

2016-17 കാലയളവില്‍ 66,000 എംഎസ്എംഇ സ്ഥാപനങ്ങളിലൂടെ 3.30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഒഡിഷയിലെ എംഎസ്എംഇ വകുപ്പ് ഈ മേഖലയില്‍ 17,741 യൂണിറ്റുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 2015-16 കാലയളവിലെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാന എംഎസ്എംഇ വകുപ്പ് പരാജയപ്പെട്ടിരുന്നു. 2015-16 കാലയളവില്‍ 60,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാനായിരുന്നു ഒഡിഷ സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ 53,895 യൂണിറ്റുകള്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളൂ.

ഒഡിഷയില്‍ മൊത്തം 15 ലക്ഷം എംഎസ്എംഇ യൂണിറ്റുകളാണുള്ളത്. ഇതിലൂടെ 33 ലക്ഷം ആളുകള്‍ക്കാണ് ജോലി ലഭിച്ചിട്ടുള്ളത്. ദേശീയ ബാങ്കുകള്‍ എംഎസ്എംഇകള്‍ക്കു വായ്പാ സൗകര്യം നല്‍കാത്തതാണ് കൂടുതല്‍ യൂണിറ്റുകള്‍ ഈ മേഖലയില്‍ ഉയരാതിരിക്കുന്നതിന് പ്രധാനകാരണമെന്നും ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്ഥാനതല ബാങ്കര്‍മാരുടെ യോഗത്തില്‍ പലവട്ടം ഒഡിഷ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിരുന്നു.

Comments

comments

Categories: Business & Economy