സംവത് 2073 പ്രതീക്ഷയേകുമോ

സംവത് 2073 പ്രതീക്ഷയേകുമോ

പുതുവര്‍ഷം തുടങ്ങിക്കഴിഞ്ഞു നിക്ഷേപകര്‍ക്ക്. സംവത് 2072 അവസാനിച്ചത് നിക്ഷേപകര്‍ക്ക് അത്രവലിയ നേട്ടം നല്‍കിയല്ല. വലിയ സംഭവബഹുലമായ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു കഴിഞ്ഞ വര്‍ഷം വിപണിയുടേത്. ഏകദേശം 11 ശതമാനം നേട്ടം വിപണി നല്‍കിയതായാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യന്‍ നിക്ഷേപകര്‍ പുതുവര്‍ഷത്തിലേക്ക് (സംവത് 2073) കടന്നിരിക്കുമ്പോള്‍ ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത്. വിപണി മികച്ച നേട്ടം തരുമെന്നു തന്നെയാണ് നിക്ഷേപകരുടെ വിശ്വാസം. ചെലവിടല്‍ കൂടുമെന്നും വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നിക്ഷേപകര്‍ക്ക് ധൈര്യമായി ഓഹരിയെ ആശ്രയിക്കാവുന്ന അവസ്ഥയാണ് ഇപ്പോഴെന്നാണ് പല വിദഗ്ധരും നിര്‍ദേശിക്കുന്നത്.

അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്ത് ഈ വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ വിപണി നിലവിലെ അവസ്ഥയില്‍ തന്നെ തുടര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. സംവത് 2073 നികഷേപകരെ തുണയ്ക്കാന്‍ നിരവധി കാരണങ്ങളുണ്ട്. കോര്‍പ്പറേറ്റുകളുടെ വരുമാനം ഉയരുന്നതും ചരക്കുസേവനനികുതി(ജിഎസ്ടി-ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്) നടപ്പാക്കപ്പെടുന്നത് വിപണിയില്‍ വലിയ മാറ്റമുണ്ടാക്കും. മാത്രമല്ല റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ധനനയ നിലപാടുകളും വിപണിയെ ഉണര്‍ത്താന്‍ പര്യാപ്തമായേക്കും.

അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്-ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) വേള്‍ഡ് ബാങ്കുമെല്ലാം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി) വളര്‍ച്ചയില്‍ പ്രതീക്ഷ കല്‍പ്പിക്കുന്നതും നിക്ഷേപകുടെ ആത്മവിശ്വാസം ഉയര്‍ത്തും. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയില്‍ ഇന്ത്യക്ക് നന്നായി പിടിച്ചുനില്‍ക്കാനും മുന്നോട്ടു നീങ്ങാനും പറ്റുമെന്നാണ് പ്രതീക്ഷ. ഇത് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കും.

Comments

comments

Categories: Editorial