മുന്നില്‍ നിന്ന് നയിക്കുന്ന പ്രധാനമന്ത്രി

മുന്നില്‍ നിന്ന് നയിക്കുന്ന പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദിവാലി ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള സൈനികരോടൊപ്പമായിരുന്നു. പാക്കിസ്ഥാന്‍ യാതൊരു നാണവും ധാര്‍മികതയുമില്ലാതെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുമ്പോള്‍ ഓരോ സൈനികനും അവന്റെ വ്യക്തിഗത സന്തോഷങ്ങള്‍ മറന്നാണ് മാതൃഭൂമിക്കായി പ്രതിരോധം തീര്‍ക്കുന്നത്. ഈ വികാരം ഉള്‍ക്കൊണ്ടായിരുന്നു പ്രധാനമന്ത്രി സന്ദേശ് ടു സോള്‍ജിയേഴ്‌സ് എന്ന കാംപെയ്‌നിലൂടെ സൈനികര്‍ക്ക് ദിവാലി ദിനത്തില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെട്ടത്.

നമ്മള്‍ അത് ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയും ചെയ്തു. സര്‍വവും സഹിച്ച് നമുക്കായി ജോലി ചെയ്യുന്ന സൈനികര്‍ക്ക് ദിവാലി ദിനത്തില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസകള്‍ എത്തി ദിവാലി ദിനത്തില്‍. വളരെ ലളിതമായ കാര്യമാണ് മോദി ചെയ്തത്. എന്നാല്‍ അതൊരു വലിയ സന്ദേശമാണ് നല്‍കിയത്. വിമര്‍ശകര്‍ക്ക് അദ്ദേഹം ഇതെല്ലാം പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്ന് പറഞ്ഞ് പരിഹസിക്കാം. എന്നാല്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും ഇങ്ങനെയൊന്നും ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ പട്ടാളക്കാര്‍ക്ക് തങ്ങള്‍ക്കായി എപ്പോഴും പ്രധാനമന്ത്രിയുണ്ടെന്ന തോന്നലുളവാക്കുന്നു എന്നത് വലിയ കാര്യമാണ്. ഇക്കഴിഞ്ഞ ദിവാലി ദിനത്തിലും രാഷ്ട്രം കണ്ടത് അതുതന്നെയായിരുന്നു.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡ് പൊലീസിലെയും ഇന്ത്യന്‍ ആര്‍മിയിലെയും ജവാന്‍മാരോടൊപ്പം സംസാരിച്ചും സന്തോഷം പങ്കുവെച്ചും മധുരം നല്‍കിയുമായിരുന്നു പ്രധാനമന്ത്രിയുടെ ദിവാലി ആഘോഷം. 2001 മുതല്‍ ഓരോ ദിവാലി ദിനത്തിലും മോദി സൈനികരെ സന്ദര്‍ശിക്കാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്നില്‍ നിന്ന് നയിക്കുന്ന ഈ ഗുണമാണ് മോദിയെ മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടി ആണെങ്കിലും അല്ലെങ്കിലും സൈനികര്‍ക്ക് പുതിയ ആത്മവിശ്വാസവും രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എപ്പോഴും തങ്ങളോടൊപ്പമുണ്ടെന്ന ബോധ്യവും പകരാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഉപകാരപ്പെടും. യുക്തിയില്ലാതെ പാക്കിസ്ഥാന്‍ നടത്തുന്ന അക്രമങ്ങളെ പക്വതയോടെ ചെറുക്കാന്‍ ഓരോ സൈനികനും വലിയ ഊര്‍ജ്ജവും രാഷ്ട്രത്തിന്റെ മുഴുവന്‍ പിന്തുണയും ആവശ്യമാണ്. അതാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നിറവേറ്റുന്നത്.
ഇത്തരം കാര്യങ്ങള്‍ തുടര്‍ന്ന് സൈനികര്‍ക്ക് വേണ്ടിയുള്ള കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial