റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മെഹ്ദി ഹസന്‍

റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മെഹ്ദി ഹസന്‍

 

ധാക്ക: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സര വിജയത്തോടെ ബംഗ്ലാദേശും അവരുടെ യുവ ബൗളറായ മെഹ്ദി ഹസന്‍ മിര്‍സയും സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നത്. ബംഗ്ലാദേശിന്റെ എട്ടാം ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരായത്. ആദ്യ എട്ട് ടീമുകള്‍ക്കെതിരെയുളള ആദ്യ ജയവും. 2009ല്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇവര്‍ തോല്‍പ്പിച്ചിരുന്നു.

പരമ്പരയിലെ രണ്ട് മത്സരങ്ങളിലുമായി വീണ 40 ഇംഗ്ലീഷ് വിക്കറ്റുകളില്‍ 38 എണ്ണവും നേടിയത് ബംഗ്ലാദേശ് ബൗളര്‍മാരായിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് മെഹ്ദി നേടിയത്. ഇത് ലോക ക്രിക്കറ്റിലെ നാലാമത്തെ മികച്ച പ്രകടനമാണ്.

ഒരു മത്സരത്തില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്ന ആറാമത്തെ പ്രായം കുറഞ്ഞ ലോക താരമാണ് മെഹ്ദി ഹസന്‍. ഇനാമുല്‍ ഹഖ്, വസീം അക്രം, എസ് വെങ്കടരാഘവന്‍, എല്‍ ശിവരാമകൃഷ്ണന്‍, വഖാര്‍ യൂനിസ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

മിര്‍പൂര്‍ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലുമായി 159 റണ്‍സിന് 12 വിക്കറ്റായിരുന്നു മെഹ്ദിയുടെ സമ്പാദ്യം. ഒരു ബംഗ്ലാദേശ് ക്രിക്കറ്ററുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇത്.

ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ താരം കൂടിയാണ് 19-കാരനായ മെഹ്ദി ഹസന്‍. നരേന്ദ്ര ഹിര്‍വാനി, ക്ലാരി ഗ്രിമിത്ത് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.

രണ്ടാം ടെസ്റ്റില്‍ 108 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനോട് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ 296 റണ്‍സ് അടിച്ചെടുത്തു.

തുടര്‍ന്ന് 273 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് നിര 164 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മെഹ്ദി ഹസന്‍, ഷാക്കിബുല്‍ ഹസന്‍ എന്നിവരുടെ ബൗളിംഗ് മികവില്‍ പുറത്താവുകയായിരുന്നു.

രണ്ടാം ടെസ്റ്റ് മത്സരം വിജയിച്ചതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര 1-1 സമനിലയിലാക്കാനും ബംഗ്ലാദേശിന് സാധിച്ചു. ആദ്യ മത്സരത്തില്‍ 22 റണ്‍സ് അകലെ മാത്രമാണ് ബംഗ്ലാദേശിന് ജയം നഷ്ടമായത്.

Comments

comments

Categories: Sports