ബാങ്കിംഗ് മേഖലയില്‍ മാറ്റം അനിവാര്യം

ബാങ്കിംഗ് മേഖലയില്‍ മാറ്റം അനിവാര്യം

m-purushothamanസംസ്ഥാന സഹകരണബാങ്കുകളുടെ പട്ടികയെടുത്താല്‍ ആദ്യനിരയില്‍ തന്നെ സ്ഥാനമുറപ്പിക്കുന്ന ബാങ്കുകളിലൊന്നാണ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്. ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോര്‍ ഉടന്‍ വിപുലീകരിക്കുമെന്നും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സഹകരണ മേഖലയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?
ഒന്‍പത് പേരടങ്ങുന്ന പ്രമോട്ടിംഗ് കമ്മിറ്റിയില്‍ തുടങ്ങിയതാണ് ബാങ്കുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം. പിന്നീട് ആദ്യകാല ഭരണസമിതിയില്‍ അംഗമായി. പടിപടിയായുള്ള തുടക്കമായിരുന്നു അത്. ഇതില്‍ നിന്ന് പിന്തിരിയാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഉപദേശിക്കുമായിരുന്നു. അക്കാലത്ത് സഹകരണ മേഖലയ്ക്കു കാര്യമായ പകിട്ടില്ലായിരുന്നു. എന്നാല്‍ ഞാന്‍ എന്റെ വഴി തെരഞ്ഞെടുക്കുകയും എനിക്കു കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനുമായിരുന്നു തുടക്കംമുതല്‍ ശ്രമിച്ചത്.

ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്കിടെ നേരിട്ട വെല്ലുവിളികള്‍ ?
മുമ്പുണ്ടായിരുന്ന ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നാണ് പുതിയ സഹകരണ ബാങ്ക് മണ്ണാര്‍ക്കാട് തുടങ്ങുന്നത്. ഒരുപക്ഷേ ആദ്യ ബാങ്കിനുണ്ടായിരുന്ന പേരുദോഷം തുടക്കത്തില്‍ കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ബാങ്കിന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളുമായി സഹകരിക്കാന്‍ ജനങ്ങള്‍ക്കും മറ്റ് ബാങ്കുകള്‍ക്കും മടിയായിരുന്നു. തുടക്കത്തില്‍ 30,000 രൂപ ഓഹരി മൂലധനവും 305 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഈ വെല്ലുവിളി തരണം ചെയ്യാനുള്ള മനക്കരുത്തു നല്‍കിയത് അന്നു സഹകരിക്കാതെ പരിഹസിച്ച് മാറി നിന്നവര്‍ തന്നെയാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് എന്തെങ്കിലുമാകാന്‍ പ്രാപ്തി നല്‍കിയതും സ്ഥാപനത്തിന്റെ അടിത്തറ കരുത്തുറ്റതാക്കാന്‍ സഹായിച്ചതും ഈ അനുഭവങ്ങളായിരുന്നു.

2016-09-11-photo-00000057നേട്ടത്തിലേക്കുള്ള പ്രയാണം എങ്ങനെയായിരുന്നു?
ബാങ്ക് തുടങ്ങിയ ശേഷമുള്ള മൂന്നുവര്‍ഷക്കാലം വളരെ സങ്കീര്‍ണമായിരുന്നു. ബോധ്യപ്പെടുത്തലിന്റെ പ്രശ്‌നമായിരുന്നു അത്. സ്വന്തം കാലില്‍ നില്‍ക്കാനാവുമെന്ന് തെളിയിക്കാനായതാണ് വിജയത്തിന്റെ ആദ്യ പടി. 1989 മേയ് 17-ന് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. 1993-ല്‍ ബാങ്ക് ലാഭത്തിലെത്തി. അവിടെയാണ് സ്ഥാപനത്തിന്റെ വേറിട്ട സമീപനം പ്രകടമാകുന്നത്. മണ്ണാര്‍ക്കാട് ടൗണില്‍ എട്ട് സെന്റ് സ്ഥലവും ബാങ്കിന് സ്വന്തമാക്കാനായി. 1994 ഒക്ടോബര്‍ 31 -ന് മുന്‍ മുഖ്യമന്തി ഇ കെ നായനാരാണ് ബാങ്കിന്റെ ആദ്യകെട്ടിടം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നുള്ള നാളുകളില്‍ ഉയര്‍ച്ചകള്‍ മാത്രമാണ് ബാങ്കിന് ഉണ്ടായിട്ടുള്ളത്.

അംഗീകാരങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
പ്രത്യേക പരിഗണനയോ അംഗീകാരമോ ലഭിക്കാനായി ഒന്നും ചെയ്യേണ്ടതില്ല. ചെയ്യേണ്ട കാര്യം വളരെ കൃത്യതയോടെ ചെയ്താല്‍ മാത്രം മതി. ആത്മാര്‍ഥമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന അംഗീകാരം തന്നെയാണ് ഏറ്റവും വലുത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് 24 മണിക്കൂറും 365 ദിവസവും ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ബാങ്കിന് സ്വന്തമായി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വരെ നിലവിലുണ്ട്. ആധുനിക കാലഘട്ടത്തില്‍ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. മറ്റു ബാങ്കുകളുമായി മത്സരിക്കുമ്പോള്‍ പരമാവധി അപ്‌ഡേറ്റഡാവുകയെന്നത് മാത്രമാണ് പോംവഴി. ജനങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാനാവുന്നതു തന്നെയാണ് ഞങ്ങളുടെ നേട്ടം. മണ്ണാര്‍ക്കാട്ടെ ജനങ്ങള്‍ മറ്റ് ബാങ്കുകളെക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നതും ഈ ബാങ്കിനെ തന്നെയാണ്. 30,000 രൂപയില്‍ നിന്ന് 215 കോടിയിലധികം നിക്ഷേപം സമാഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ബാങ്കിന്റെ ഇത്രയും വലിയ നേട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതാണ് എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം.

2016-09-11-photo-00000052റെസ്‌പോണ്‍സിബിള്‍ 40 യെ കുറിച്ച്?
നിലവില്‍ ഞങ്ങള്‍ നടത്തിവരുന്ന പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയവും സാമൂഹിക പ്രാധാന്യവുമുള്ളതാണ് റെസ്‌പോള്‍സിബിള്‍ 40. തെരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ഥികള്‍ക്ക് റെസ്‌പോണ്‍സിബിള്‍ 40 എന്ന പ്രോഗ്രാമിലൂടെ സിവില്‍ സര്‍വീസ് കോച്ചിംഗ് നല്‍കുന്നു. സിവില്‍ സര്‍വീസ് നേടിയവര്‍ മാത്രമാണ് ക്ലാസുകളെടുക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെ വാര്‍ത്തെടുക്കുകയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഞങ്ങള്‍ ഈ നല്‍കുന്ന കോച്ചിംഗ് യാതൊരു ലാഭേച്ഛയും കൂടാതെ ഉള്ളതാണ്. അത് കൊണ്ട് കുട്ടികളില്‍ നിന്ന് ഫീസിന് പകരം ഞങ്ങള്‍ വാങ്ങുന്നത് സാമൂഹ്യ സേവനം മാത്രമാണ്. സാമൂഹ്യ സേവനത്തില്‍ ഊന്നിയ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ഭാവിയില്‍ ഉത്തരവാദിത്വമുള്ള പൗരന്മാരും ഉദ്യോഗസ്ഥരുമായിരിക്കാന്‍ ഇവരെ സഹായിക്കും. സിവില്‍ സര്‍വീസ് റാങ്ക് ജേതാവായിരുന്ന ഹരിത വി കുമാര്‍, ഒറ്റപ്പാലം സബ് കളക്ടര്‍ പി ബി നൂഹ് ഐഎഎസ്, തുടങ്ങി ഒരു പറ്റം പ്രഗത്ഭരായ സിവില്‍ സര്‍വീസുകാരാണ് ക്ലാസെടുക്കുന്നത്. കുട്ടികളില്‍ സേവനത്തിന്റേയും സത്യസന്ധതയുടേയും സാമൂഹിക പ്രതിബദ്ധതയുടേയുമുള്ള മാര്‍ഗ്ഗം കാട്ടിക്കൊടുക്കാന്‍ ബാങ്കിന്റെ ഭഗത്തുനിന്നുള്ള ശ്രമമാണ് റെസ്‌പോണ്‍സിബിള്‍ 40 എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് . കുട്ടികളെ ഉള്‍പ്പെടുത്തി നിരവധി ബോധവത്ക്കരണ പരിപാടികള്‍ റെസ്‌പോള്‍സിബിള്‍ 40 യിലൂടെ ഇതിനോടകം നടത്തിക്കഴിഞ്ഞു.
ബാങ്കിന്റെ മറ്റ് ജനകീയ പദ്ധതികള്‍?
നിരവധി ജനകീയ പദ്ധതികള്‍ ഞങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നുണ്ട്. സഹകരണമേഖലയിലെ ജൈവ പച്ചക്കറി കൃഷിയുടെ സംസ്ഥാന മാതൃകയാണ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്. കൂടാതെ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ചുരുങ്ങിയത് 25000 രൂപ വകയിരുത്തുന്നുണ്ട്.
ബാങ്കിന് കീഴില്‍ മികച്ച മെഡിക്കല്‍ ലാബുമുണ്ട്. ഗുണമേന്മയുള്ള സൗകര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പരമാവധി 700 പേര്‍ക്ക് സ്‌കാനിംഗ് എക്‌സറേ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊതുസമൂഹത്തോട് ഞങ്ങള്‍ക്കുള്ള കടപ്പാടാണ് ഇത്തരം പദ്ധതികള്‍ക്കു പിന്നിലുള്ളത്. മികച്ചരീതിയില്‍ പ്രവര്‍ത്തിച്ച് ലാഭകരമായി വ്യവസായം നടത്താന്‍ കഴിയുന്നതിനാലാണ് ഇത്തരം കാര്യങ്ങളെല്ലാം ചെയ്യാനാവുന്നത്. നിക്ഷേപകന്റെ പണമെടുത്തല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇതിനുള്ള പണം ലാഭത്തില്‍ നിന്നു തന്നെ കണ്ടെത്തണം. ബാങ്കിന് ഇന്ന് കോടികളുടെ ആസ്തിയുണ്ട്. 50 സെന്റിലധികം സ്ഥലം മണ്ണാര്‍ക്കാട് ടൗണില്‍ ബാങ്കിന് സ്വന്തമായുണ്ട്.

unnamedബാങ്കിംഗ് മേഖലയിലെ രീതികളില്‍ എന്തെങ്കിലും മാറ്റം അനിവാര്യമാണെന്ന് തോന്നുന്നുണ്ടോ?
സമൂഹം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മാറുകയാണ് ആദ്യം വേണ്ടത്. ഓരോ കാലഘട്ടത്തിനനുസരിച്ചും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. സഹകരണ മേഖലയുടെ മാത്രം കാര്യം പരിഗണിച്ചാല്‍ സഹകരണ സംഘമെന്ന രൂപത്തില്‍ അതാത് പ്രദേശത്തെ ജനങ്ങളുടെ വികസനത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സഹകരണ മേഖലയ്ക്ക് ഇനിയും മാറ്റം ആവശ്യമാണ്. നാട്ടുകാരന്റെ ബാങ്ക് ആ പ്രദേശത്തെ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കാണ്. റിസര്‍വ് ബാങ്ക് നയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നിരവധി കാര്യങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ചെയ്യാനാവും. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ശക്തമാണ് കേരളത്തിലെ സഹകരണ മേഖല. കേരളത്തിലെ പൊതുസമൂഹത്തിന് സഹകരണ മേഖലയുടെ സേവനം വളരെ പ്രയോജനം ചെയ്തിട്ടുണ്ട്. മറ്റൊന്ന് കുടുംബങ്ങള്‍ക്കുള്ള പാചകവാതക സബ്‌സിഡി ദേശസാത്കൃത ബാങ്കുകളിലൂടെ മാത്രമേ നല്‍കുകയുള്ളുവെന്ന നയം സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സഹകരണ ബാങ്കുകളില്‍ മാത്രം ഇടപാടുകള്‍ നടത്തുന്നവര്‍ ഇതിനായി മറ്റ് ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ജനങ്ങളിലേക്ക് അടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സഹകരണ മേഖലയിലൂടെ വര്‍ധിപ്പിക്കുകയാണ് വരുംകാലങ്ങളില്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ നിലവിലുള്ള ഇടപാടുകാരില്‍ ഭൂരിഭാഗവും ഈ മേഖലയെ ഉപേക്ഷിച്ചുപോകാനിടയാകും. ഇതില്‍ മാറ്റമുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ.

ബാങ്കിന്റെ ഭാവി പദ്ധതികള്‍?
സാമൂഹികപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ആരോഗ്യ മേഖലയില്‍ ഇടപെടല്‍ ശക്തിപ്പെടുത്താനും ആലോചനയുണ്ട. ഇതോടൊപ്പം വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ സംഭാവന നല്‍കണം. ഇതെല്ലാം കാലഘട്ടം ആവശ്യപ്പെടുന്നവയാണ്. ഇതിന്റെ ആദ്യപടിയായി ബാങ്കിന് കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് ദിശാബോധം നല്‍കാനാവുന്ന തരത്തില്‍ സാധ്യമായ ഇടപെടലുകള്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്താനും ആലോചിക്കുന്നുണ്ട്.

Comments

comments

Categories: FK Special