കുട്ടിക്കാല സ്മരണകള്‍ കോര്‍ത്തിണക്കി ‘കോലുമിഠായി’ 4ന് തിയേറ്ററുകളില്‍

കുട്ടിക്കാല സ്മരണകള്‍ കോര്‍ത്തിണക്കി ‘കോലുമിഠായി’  4ന്  തിയേറ്ററുകളില്‍

 

കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി എത്തുന്ന ‘കോലുമിഠായി’ റിലീസിങിന് തയാറെടുക്കുന്നു. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം നവാഗതരുടെ ആദ്യ സംരംഭമാണ് കോലുമിഠായി. നവാഗതനായ അഭിജിത്ത് അശോക് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ക്രയോണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അഭിജിത്ത് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അരുണ്‍ വിശ്വമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാന രംഗത്ത് മുന്‍പരിചയമുണ്ടെങ്കിലും അരുണിന്റെ ആദ്യ സിനിമാ സംരംഭമാണ് കോലുമിഠായി.

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മാസ്റ്റര്‍ ഗൗരവ് മേനോന്‍, അമര്‍ അക്ബര്‍ ആന്റണിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബേബി മീനാക്ഷി, മാസ്റ്റര്‍ നൈഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം എന്‍പതുകളിലെ കഥയാണ് പറയുന്നത്. സൈജു കുറുപ്പ്, ദിനേഷ് പണിക്കര്‍, കലാഭവന്‍ പ്രജോദ്, കൃഷ്ണപ്രഭ , ഡോക്ടര്‍ റോണി, അമിത് ചക്കാലയ്ക്കല്‍, ബിനീഷ് ബാസ്റ്റിന്‍, സോബന്‍ സിനുലാല്‍, ദേവീ അജിത്ത്, ഷിബു മരട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഗ്രാമീണപശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികളുടെ കഥ പറയുന്ന ചിത്രത്തില്‍ നാല് ഗാനങ്ങളാണുള്ളത്. ഇതില്‍ മൂന്നു ഗാനങ്ങളും പുറത്തിറങ്ങിക്കഴിഞ്ഞു. ശ്രീരാജ് കെ സഹജനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഗാനം ലക്ഷ്മി എണ്ണപാടവും മൂന്നെണ്ണം ബി കെ ഹരിനാരായണനുമാണ് എഴുതിയിരിക്കുന്നത്. വസ്ത്രാലങ്കരം നിര്‍വഹിച്ചിരിക്കുന്ന സ്റ്റെഫി സേവ്യര്‍ ഒഴികെ ടെക്‌നിക്കല്‍ സംഘം മുഴുവന്‍ പുതു മുഖങ്ങളാണ്. സുനീഷ് സെബാസ്റ്റ്യനാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. പരസ്യകല ബാലു നാരായണന്‍.

മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടുള്ള കുട്ടികളുടെ സിനിമാ വിഭാഗത്തില്‍ വെച്ച് ഏറ്റവും മാസ് എന്റര്‍ടൈനറായിരിക്കും കോലുമിഠായിയെന്ന് തിരക്കഥാകൃത്ത് അഭിജിത്ത് അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ കുട്ടിക്കാലം എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാനും മുതിര്‍ന്നവര്‍ക്ക് അവരുടെ ബാല്യകാലസ്മരണകളിലൂടെ ഒരു വട്ടം കൂടി പോയി വരാനും സഹായിക്കുന്ന സിനിമയാണ് കോലുമിഠായിയെന്ന് അഭിജിത്ത് പറഞ്ഞു. കുട്ടിക്കാലത്തിന്റെ നോസ്റ്റാള്‍ജിയ പ്രതിഫലിക്കുന്ന, പോസിറ്റീവ് ഊര്‍ജം ഉണ്ടാക്കുന്ന പേര് എന്ന നിലയിലാണ് സിനിമയ്ക്ക് കോലുമിഠായി എന്നു പേരിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധാന മോഹവും മനസില്‍ താലോലിക്കുന്ന അഭിജിത്ത് യുവ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്റെ വലിയ ആരാധകനാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനകം ജനശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഈ മാസം നാലിന് പ്രേക്ഷകര്‍ക്ക് കോലുമിഠായിയുടെ മധുരം നുണയാനാകും.

Comments

comments

Categories: Movies