സേവനത്തിന് മുന്തിയ പരിഗണന

സേവനത്തിന് മുന്തിയ പരിഗണന

kappen-sirസമൂഹത്തിന്റെയും കാര്‍ഷിക മേഖലയുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ മുന്‍നിരയിലേക്കുയരാന്‍ കോട്ടയം ജില്ലയിലെ പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ തനത് ഭക്ഷ്യവിഭവമായ ചക്ക ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പ്ലാവും ആടും ഒരുമിച്ചു കൃഷി ചെയ്യുന്ന പ്രത്യേക പദ്ധതിക്ക് ബാങ്ക് ഉടന്‍ തന്നെ തുടക്കമിടുമെന്നും ബാങ്കിന്റെ നേതൃത്വത്തില്‍ കിസ്‌കോ റേഡിയോ എന്ന പേരില്‍ എഫ്എം റേഡിയോ സ്‌റ്റേഷന്‍ തുടങ്ങുമെന്നും കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കേരളത്തിലെ മികച്ച സഹകാരിയുമായ ജോര്‍ജ് സി കാപ്പന്‍ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സഹകരണ മേഖലയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
എന്റെ പിതാവ് പൊതു പ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയും സഹകാരിയുമായിരുന്നു. ആ പൈതൃകം എനിക്കും ലഭിച്ചിട്ടുണ്ട്. ഞാന്‍ അഭിഭാഷകന്‍ കൂടിയായിരുന്നു. വിരമിച്ച ശേഷം സഹകരണ മേഖലയാണ് എന്റെ പ്രവര്‍ത്തന രംഗമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. വിദ്യാഭ്യാസ കാലത്ത് തന്നെ പാലായിലെ മില്‍ക്ക് സൊസൈറ്റിയുടെ ഡയറക്ടര്‍ ആയിരുന്നു. 1986-ലാണ് കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. കുത്തക ഭരണം നടത്തുന്ന ആളുകളുടെ പ്രവര്‍ത്തന വൈകല്യം കണ്ടുമടുത്ത് ബാങ്കിനെ കുറച്ചുകൂടി ജനകീയമാക്കണമെന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു ഉത്തരവാദിത്തം എന്നിലേക്ക് എത്തുന്നത്. ആ കാലയളവില്‍ മികച്ച ഭരണം തന്നെ കാഴ്ചവയ്ക്കാന്‍ ഞങ്ങളുടെ ഭരണ സമിതിക്ക് കഴിഞ്ഞു. ബാങ്കിന്റെ അന്നത്തെ നിക്ഷേപം ഒരു കോടി 86 ലക്ഷം രൂപയായിരുന്നു. വായ്പയാകട്ടെ ഒരു കോടിയില്‍ താഴെയായിരുന്നു. ഇതിനു മാറ്റം വരുത്താനും ആധുനികമായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാനും ഞങ്ങള്‍ക്കു കഴിഞ്ഞു.

ambulance-1ആതുരസേവന രംഗത്ത് മറ്റ് സഹകരണ സ്ഥാപനങ്ങളേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ് കിസ്‌കോ. ബാങ്കിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍?
ഏതാനും വര്‍ഷം മുമ്പ് കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്കോ മുന്‍സിപ്പല്‍ ആശുപത്രിക്കോ ആംബുലന്‍സ് സര്‍വീസ് ഉണ്ടായിരുന്നില്ല. ആംബുലന്‍സ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ മതിയായ സേവനം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ തയാറായതുമില്ല. എന്നാല്‍ ആംബുലന്‍സ് വാഹനത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇത്തരം ആശുപത്രികള്‍ നേടുകയും ചെയ്തിരുന്നു. ഇത്തരം സേവനങ്ങള്‍ പൊതുസമൂഹത്തിലെ സാധാരണക്കാര്‍ക്കു ലഭ്യമാക്കാന്‍ ആംബുലന്‍സ് സര്‍വീസുമായി ആദ്യം മുന്നോട്ടുവന്നത് ഞങ്ങളാണ്. 1990-ലാണ് ആംബുലന്‍സ് സര്‍വീസ് നാടിനു സമര്‍പ്പിച്ചത്. സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്കായതുകൊണ്ടുതന്നെ സേവനത്തിനാണ് ഞങ്ങള്‍ മുന്തിയ പരിഗണന നല്‍കുന്നത്. കുറഞ്ഞ വിലയ്ക്ക് മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും സേവനവും വിപണിയിലെത്തിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് വലിയ സഹായമാണ് കിസ്‌കോ ചെയ്യുന്നത്. 50 ശതമാനം വിലക്കിഴിവിലാണ് ഞങ്ങള്‍ മരുന്നുകള്‍ നല്‍കുന്നത്. പ്രതിദിനം മൂന്നര ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ നടക്കുന്നത്. ഇതോടൊപ്പം ഞങ്ങളുടെ ഡയഗ്നോസ്റ്റിക് സെന്റര്‍ സാധാരണക്കാര്‍ക്ക് ഇന്ന് വലിയ ആശ്രയമാണ്. ദിവസം 80,000 മുതല്‍ 90,000 വരെ രൂപയുടെ ഇടപാടാണ് ഇവിടെ നടക്കുന്നത്.

e9da26bf-4efb-490f-8b76-0ed88b5ac4d3ബാങ്കിന്റെ വളര്‍ച്ചയെക്കുറിച്ച് ?
365 കോടി രൂപയാണ് നിലവില്‍ ബാങ്കിന്റെ നിക്ഷേപം. 284 കോടി രൂപയാണ് വായ്പ. അരിയര്‍ 3.17 ശതമാനം മാത്രമാണ്. നിഷ്‌ക്രിയമായ രീതിയിലുള്ള കിട്ടാക്കടം ഒന്നുമില്ല. കേരളത്തിലെ 1636 ബാങ്കുകളില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഇതിനുള്ള അംഗീകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഞങ്ങളെ തേടിയെത്തി. കേരളത്തിലെ ഏറ്റവും മികച്ച സഹകാരിയെന്ന നിലയില്‍ എന്നെ കോഴിക്കോട് വച്ച് ആദരിച്ചിട്ടുണ്ട്. ഈ നിലയിലേക്ക് സ്ഥാപനത്തെ വളര്‍ത്തിയതില്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും നിര്‍ണായക പങ്കാണുള്ളത്. സാമൂഹിക സേവനത്തിനാണ് ഞങ്ങള്‍ മുന്തിയ പരിഗണന നല്‍കുന്നത്. മറ്റ് സഹകരണ സ്ഥാപനങ്ങളുമായി പൂര്‍ണമായും സഹകരിക്കുന്നു. ബാങ്കിംഗ് മേഖലയില്‍ പൂര്‍ണത കൈവരിച്ചിട്ടുള്ള ഒരു സ്ഥാപനം കൂടിയാണിത്. ഇവിടെ പഞ്ചിംഗും കോമണ്‍ ഡ്രസ് കോഡുമുണ്ട്. മേഖലയില്‍ ഇന്ന് ലഭ്യമായ ആധുനിക എല്ലാ സങ്കേതങ്ങളും പ്രയോജനപ്പെടുത്തുന്നുമുണ്ട്. സുഭിക്ഷവും സമ്പന്നവുമാണ് ബാങ്കിംഗ് മേഖല. ജനങ്ങളുടെ പൂര്‍ണമായ സഹകരണവുമുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങളുടെ മുഖമുദ്ര.

diyalisisബാങ്ക് മുന്നോട്ടുവയ്ക്കുന്ന മികച്ച മാതൃകകളിലൊന്നാണ് നന്മ ഫണ്ട്? എങ്ങനെയാണ് ഇതിനുള്ള തുക സമാഹരിക്കുന്നത്? നന്മ ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
മികച്ച സഹകാരിയെന്ന നിലയിലും ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും എനിക്ക് ലഭിച്ച അംഗീകാരങ്ങളില്‍ നിന്നുള്ള തുക ഞാന്‍ ഇതിലേക്കായി മാറ്റിവച്ചിട്ടുണ്ട്. ബാങ്കില്‍ ഏതാണ്ട് 214 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം ഒരു മാസവിഹിതം ഈ ബാങ്കിലേക്ക് തരുന്നുണ്ട്. ഒരു ആനുകൂല്യം ലഭിച്ചു കഴിഞ്ഞാല്‍ അതിന്റെ വിഹിതവും സ്ഥാപനത്തിലേക്ക് നല്‍കുന്നു. നിയമനങ്ങളിലൂടെയും മറ്റും ലഭിക്കുന്ന തുകയും ഫണ്ടിലേക്കായുള്ളതാണ്. കൂടാതെ എല്ലാ മാസവും ഭരണ സമിതി അംഗങ്ങള്‍ 1200 രൂപ വീതം ഫണ്ടിലേക്ക് സംഭാവന നല്‍കുന്നുണ്ട്. ഈ തുക ഉപയോഗിച്ച് ഡയാലിസിസ് രോഗികള്‍ക്ക് ഒരു മാസം 12 ലക്ഷം രൂപ വരെ സഹായമായി നല്‍കുന്നു. ഇതോടൊപ്പം 62 ദീര്‍ഘകാല രോഗികള്‍ക്കായി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കാന്‍സര്‍ രോഗികളായ ഈ മേഖലയിലുള്ള ആളുകള്‍ക്ക് സഹായം നല്‍കുന്നു. 30 പാവപ്പെട്ട കുട്ടികള്‍ക്ക് പൂര്‍ണമായും പഠന സഹായങ്ങളും നല്‍കുന്നു. മാനസിക രോഗികളായ അമ്മമാരുടെ 25 കുട്ടികളുടെ മുഴുവന്‍ ചെലവുകളും ബാങ്കാണ് വഹിക്കുന്നത്. ഒരു മാസം 50000 രൂപയിലധികമാണ് ഇവര്‍ക്കായി നീക്കി വയ്ക്കുന്നത്. ഇതോടൊപ്പം 80 ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളുടെ ചെലവും ബാങ്ക് വഹിക്കുന്നുണ്ട്. ഇതിനെല്ലാമുള്ള ചെലവുകളുടെ ഒരു ഭാഗം നന്മ ഫണ്ടില്‍ നിന്നും ഒരു ഭാഗം ബാങ്കിന്റെ ഫണ്ടില്‍ നിന്നുമാണ് വിനിയോഗിക്കുന്നത്. ബാങ്കിന്റെ എല്ലാ ഭാഗങ്ങളിലും പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. നല്ലവരായ ആളുകള്‍ ഇതില്‍ നിക്ഷേപിക്കുന്ന തുകയും ഇതിനാണ് ഉപയോഗിക്കുന്നത്. വളരെ സുതാര്യമായി അര്‍ഹതയുള്ള ആളുകള്‍ക്ക് മാത്രമാണ് ധനസഹായം ലഭ്യമാക്കുന്നത്. നന്മയുടെ വഴിയേയാണ് ഞങ്ങള്‍ യാത്ര ചെയ്യുന്നത്. നന്മയുടെ ബാങ്കെന്നാണ് ഓള്‍ ഇന്ത്യ റേഡിയോ ഞങ്ങളെ വിശേഷിപ്പിച്ചിട്ടുള്ളത്. മറ്റൊരു ബാങ്കും ഇത്തരത്തില്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെയില്ല.

kisco-diary-1കാര്‍ഷിക മേഖലയ്ക്ക് എത്രത്തോളം മുന്‍തൂക്കം നല്‍കുന്നുണ്ട്?
എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. എങ്കിലും കാര്‍ഷിക മേഖലക്ക് മികച്ച പ്രോത്സാഹനമാണ് ബാങ്കിന്റെ നേതൃത്വത്തില്‍ നല്‍കുന്നത്. ഇവിടെത്തന്നെ ഏഴ് കാര്‍ഷിക ക്ലബ്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നവയാണ്. മീനച്ചിലാറിനെ സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികളും ബാങ്കിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മീനച്ചിലാര്‍ പുനര്‍ജനി എന്ന സംഘടന ഇതിനായി പ്രവര്‍ത്തിക്കുന്നു. മണ്ണ്, വെള്ളം ടെസ്റ്റ് ലാബും ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ബാങ്കിന്റെ ഭാവി പദ്ധതികള്‍?
ഇനി വരാന്‍ പോകുന്നത് ഭക്ഷണത്തിനും ജലത്തിനുമായി വന്‍തോതില്‍ മത്സരം നടന്നേക്കാവുന്ന കാലഘട്ടമാണ്. മലയാളത്തിന്റെ സ്വന്തം ചക്കയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്ലാവും ആടും ഒരുമിച്ച് കൃഷി ചെയ്യുന്ന ഒരു പദ്ധതിക്ക് തുടക്കമിടാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. കിസ്‌കോ റേഡിയോ എന്ന പേരില്‍ ഒരു എഫ്എം റേഡിയോ തുടങ്ങാനും പദ്ധതിയുണ്ട്. പാലായില്‍ ഒരു വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ നിര്‍മിക്കാനും ആലോചിക്കുന്നുണ്ട്.

Comments

comments

Categories: FK Special