സ്റ്റീവ് ജോബ്‌സ് മാതൃകാ പുരുഷന്‍: കെ മാധവന്‍

സ്റ്റീവ് ജോബ്‌സ് മാതൃകാ പുരുഷന്‍: കെ മാധവന്‍

 

കൊച്ചി: ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ആണ് തന്റെ മാതൃകാ പുരുഷനെന്ന് ഏഷ്യനെറ്റ് മാനേജിംഗ് ഡയറക്ടര്‍ കെ. മാധവന്‍. വ്യത്യസ്തമായ പരിപാടികളിലൂടെ മലയാള ഭാഷയെ അടുത്ത തലമുറയിലേക്ക് എത്തിക്കുകയും അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതാണ് ഏഷ്യനെറ്റിന്റെ വിജയ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായി ചിന്തിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കൊച്ചി പനമ്പിള്ളി നഗറിലെ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിനിവേശം കൊണ്ട് മാത്രം സ്വന്തമായി തെരഞ്ഞെടുത്ത ജോലിയില്‍ വിജയിച്ചവരുടെ നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. മാധ്യമരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും പുത്തന്‍ സാങ്കേതിക വിദ്യകള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഓരോ മിനിറ്റിലും റെയ്റ്റിംഗില്‍ മാറ്റം വരുന്ന ടെലിവിഷന്‍ മേഖലയില്‍ പ്രേക്ഷകര്‍ പൂര്‍ണ സംതൃപ്തരല്ല. മൊബീല്‍ഫോണുകളുടേയും ഇന്റര്‍നെറ്റിന്റേയും മുമ്പില്‍ കുത്തിയിരിക്കുന്നവരെ ടെലിവിഷനു മുന്നിലെത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ന്യൂസ് ചാനലുകളില്‍ റേറ്റിംഗ് കുറയുമ്പോള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പുറകെ പോകാനുള്ള പ്രവണത കൂട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു.
കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ മരിയ എബ്രഹാം, സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: കൊച്ചി പനമ്പിള്ളിനഗറിലെ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളോട് സംസാരിക്കുന്ന ഏഷ്യനെറ്റ് എം ഡി കെ. മാധവന്‍. കെ.എം.എ പ്രസിഡന്റ് മാത്യു ഉറുമ്പത്ത്, പ്രോഗ്രാം ചെയര്‍മാന്‍ മരിയ എബ്രഹാം, സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ എന്നിവര്‍ സമീപം

Comments

comments

Categories: Branding