ഫ്‌ളിപ്പ്കാര്‍ട്ട് ഭക്ഷ്യവിതരണത്തിലേക്ക്

ഫ്‌ളിപ്പ്കാര്‍ട്ട് ഭക്ഷ്യവിതരണത്തിലേക്ക്

 

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് ഭക്ഷ്യവിതരണമേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പൊതുവേ നല്ല അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലാത്ത ഒരു മേഖലയിലേക്ക് കടക്കാന്‍ ഫ്‌ളിപ്പ്കാര്‍ട്ട് തയാറെടുക്കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി നിരവധി സാമ്പത്തിക നിരീക്ഷകര്‍ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ചരക്കുനീക്കഘടകമായ ഇ-കാര്‍ട്ടിലൂടെ ഈ മേഖലയില്‍ നിന്ന് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് നേതൃത്വം. പരീക്ഷണാടിസ്ഥാനത്തില്‍ മാര്‍ച്ച്മാസം ഫ്‌ളിപ്പ്കാര്‍ട്ട് ബെംഗളൂരുവില്‍ മാത്രം ഭക്ഷ്യവിതരണം നടപ്പാക്കിയിരുന്നു. പച്ചക്കറിവിതരണത്തിനായി കമ്പനി ആശ്രയിച്ചിരുന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഇതു പ്രാവര്‍ത്തികമാക്കിയിരുന്നത്. എന്നാല്‍ വൈകാതെ ഇതവസാനിപ്പിച്ചു. നിലവില്‍ ഇ-കാര്‍ട്ടിലൂടെയും മറ്റു വിതരണക്കാരിലൂടെയുമാണ് ഭക്ഷ്യവിതരണ പ്രവര്‍ത്തനങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് മുന്നോട്ടു കൊണ്ടുപോകുന്നത്.

ഭക്ഷ്യവിതരണമെന്നത് തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനമേഖലയാണെന്ന് ഇ-കാര്‍ട്ട് തലവന്‍ സായികിരണ്‍ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഭക്ഷ്യവിതരണത്തിനായി പ്രത്യേകസാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടി വരുന്നതും ഓരോ വിതരണത്തിലും ഉണ്ടാകുന്ന സാമ്പത്തിക ചെലവുകള്‍ക്കനുസരിച്ച് ആദായം നേടാന്‍ ബുദ്ധിമുട്ടാണെന്നതും വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണെന്ന് സായികിരണ്‍ കൃഷ്ണമൂര്‍ത്തി വിശദീകരിച്ചു.

അടുത്ത വര്‍ഷം മാര്‍ച്ച് മാസമാകുമ്പോഴേക്കും പ്രതിദിനം 1000 ഓര്‍ഡറുകള്‍ സ്വീകരിക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ട് ലക്ഷ്യം വയ്ക്കുന്നതെന്നു സായികിരണ്‍ കൃഷ്ണമൂര്‍ത്തി സൂചിപ്പിച്ചു. നിലവില്‍ നൂറോളം ഓര്‍ഡറുകളാണ് ഫ്‌ളിപ്പ്കാര്‍ട്ടിന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളിപ്പ്കാര്‍ട്ടിന് സമാനമായി ആമസോണ്‍ ഇന്ത്യയും ഭക്ഷ്യവിതരണരംഗത്തേക്കു കടക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതു സംബന്ധിച്ച വിപണിപഠനങ്ങളിലാണ് കമ്പനി ഇപ്പോഴുള്ളതെന്ന് ആമസോണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയാകും ഭക്ഷ്യവിതരണമേഖലയിലേക്ക് ആമസോണ്‍ ഇന്ത്യ കടക്കുക. ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗിയുമായി ആമസോണ്‍ നിക്ഷേപസംബന്ധിയായ ചര്‍ച്ചകള്‍ സെപ്റ്റംബറില്‍ നടത്തിയിരുന്നു.

ഉപഭോക്താക്കള്‍ മാസവരുമാനത്തില്‍ നിന്നു ചെലവഴിക്കുന്ന എല്ലാ ആവശ്യങ്ങളും ലഭ്യമാക്കുക എന്നതാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ ലക്ഷ്യമിടുന്നതെന്ന് വിപണിവിദഗ്ധര്‍ പറഞ്ഞു. ദൈനംദിന ആവശ്യങ്ങളില്‍ ഉള്‍പ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനായി പ്രത്യേക വിതരണ സംവിധാനം ആമസോണ്‍ അടുത്തിടെ ആരംഭിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories