ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതുവിപ്ലവം രചിച്ച് ‘ആഥെര്‍ എനര്‍ജി’

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതുവിപ്ലവം രചിച്ച് ‘ആഥെര്‍ എനര്‍ജി’

 
രാജ്യത്തെ സംരംഭകര്‍ക്കിടയിലെ മിന്നും താരങ്ങളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഥെര്‍ എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സാരഥികളായ തരുണ്‍ മേഹ്തയും സ്വപ്‌നില്‍ ജെയ്‌നും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആഥെര്‍ എനര്‍ജി. അമേരിക്കന്‍ കമ്പനിയായ ടെസ്ലയുടെ ഇന്ത്യന്‍ പതിപ്പ് എന്ന് ആഥെര്‍ എനര്‍ജി വിശേഷിപ്പിച്ചാലും അതില്‍ തെറ്റില്ല. ഇന്ത്യയിലെ ഇരുചക്രവാഹനനിര്‍മാതാക്കളിലെ പ്രമുഖ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് 180 കോടി രൂപയാണ് അടുത്തിടെ ആഥെറില്‍ നിക്ഷേപിച്ചത്. ആഥെറിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണത്തില്‍ 26 ശതമാനം ഓഹരികള്‍ ഹീറോ സ്വന്തമാക്കിയിട്ടുണ്ട്.

മദ്രാസ് ഐഐടിയില്‍ സഹപാഠികളായിരുന്ന കാലം മുതല്‍ക്കു തന്നെ തരുണും സ്വപ്‌നിലും ലിഥിയം അയോണ്‍ ബാറ്ററികളെ സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ബാറ്ററികള്‍ പെട്ടെന്നു നശിക്കുന്നതിന് പരിഹാരം കണ്ടെത്താനായിരുന്നു ഇരുവരുടെയും ശ്രമം. ഏതായാലും പഠനാനന്തരം തരുണ്‍ അശോക് ലെയ്‌ലാന്‍ഡിലും സ്വപ്‌നില്‍ ജനറല്‍ മോട്ടോഴ്‌സിലും ഉദ്യോഗം സ്വീകരിച്ചു. എന്നാല്‍ വൈകാതെ ജോലി ഉപേക്ഷിച്ച ഇരുവരും 2013ല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലിഥിയം ബാറ്ററി നിര്‍മിക്കുന്നതിനുള്ള സ്ഥാപനം ആരംഭിച്ചു. മദ്രാസ് ഐഐടി ഇവരുടെ ഗവേഷണങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. മദ്രാസ് ഐഐടി പൂര്‍വവിദ്യാര്‍ഥിയും ഡാറ്റ സ്ഥാപനമായ എയ്‌റോസ്‌പൈക്കിന്റെ സ്ഥാപകനുമായ വി ശ്രീനിവാസന്റെ പിന്തുണയും പിന്നീട് ഇവര്‍ക്കു ലഭിച്ചു.

ലിഥിയം ബാറ്ററി നിര്‍മിക്കുന്ന കാര്യത്തില്‍ വൈകാതെ വിജയം കൈവരിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഇതു സ്വന്തമായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നതിനുള്ള ആത്മവിശ്വാസം നല്‍കി- തരുണ്‍ മേഹ്ത പറഞ്ഞു.

ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നു. ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരുമായുള്ള സൗഹൃദം ഇരുവര്‍ക്കും ന്യൂയോര്‍ക്കിലെ ഓഹരിനിക്ഷേപസ്ഥാപനമായ ടൈഗര്‍ ഗ്ലോബലില്‍ നിന്നും സാമ്പത്തികസഹായം ലഭിക്കുന്നതിനു കാരണമായി.

പെട്രോള്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന 100 സിസി സ്‌കൂട്ടറിനടുത്ത പ്രകടനം കാഴ്ച വയ്ക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് തരുണും സ്വപ്‌നിലും വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 60-80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടറായിരിക്കും ഇതെന്ന് തരുണ്‍ ചൂണ്ടിക്കാട്ടി. ഒരുവര്‍ഷത്തിനുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ തങ്ങള്‍ വികസിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമാക്കുമെന്ന് ഈ യുവസംരംഭകര്‍ വ്യക്തമാക്കുന്നു. ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കും സ്‌കൂട്ടറിന്റെ വിലയെന്നും ഇരുവരും സൂചിപ്പിച്ചു. ഫോസില്‍ ഇന്ധനങ്ങളല്ല ഭാവിയിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രധാന ഉറവിടം എന്ന ഉറച്ചവിശ്വാസമാണ് തരുണ്‍ മേഹ്തയ്ക്കും സ്വപ്‌നില്‍ ജെയ്‌നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രേരണയായിട്ടുള്ള ഘടകം.

Comments

comments

Categories: Branding