എഫ്ബിഐ അന്വേഷണം ഹിലരിക്ക് തിരിച്ചടിയാകുമോ ?

എഫ്ബിഐ അന്വേഷണം  ഹിലരിക്ക് തിരിച്ചടിയാകുമോ ?

 

ലോകത്തിലെ ഏറ്റവും ശക്തനായ നേതാവിനെ തെരഞ്ഞെടുക്കുവാനുള്ള ദിനം അടുത്തുവരികയാണ്. നവംബര്‍ എട്ടിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണം ആവേശകരമായി പുരോഗമിക്കുകയാണ്. ഒരാഴ്ച മുന്‍പ് വരെ അഭിപ്രായ സര്‍വേകളില്‍ ഹിലരിയായിരുന്നു മുന്നേറിയിരുന്നത്. സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഹിലരിയുടെ എതിരാളി ട്രംപിനെതിരേ സ്വന്തം പാര്‍ട്ടിയില്‍നിന്നു പോലും പ്രതിഷേധ കൊടുങ്കാറ്റ് ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ തിരിഞ്ഞു വന്നിരിക്കുകയാണ്. ഒക്ടോബര്‍ 27ാം തീയതി വെള്ളിയാഴ്ച യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഹിലരിക്കെതിരേ ഇ-മെയ്ല്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിക്കുന്നതായി സൂചിപ്പിച്ചു കൊണ്ടു യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്ക് കത്ത് എഴുതിയതോടെ ഹിലരിക്ക് സാഹചര്യങ്ങള്‍ പ്രതികൂലമായി തീര്‍ന്നിരിക്കുന്നു.
ഹിലരി ക്ലിന്റന്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന 2009-2013 കാലയളവില്‍ ഉപയോഗിച്ച സ്വകാര്യ ഇ-മെയ്ല്‍ സെര്‍വറിനെ ചുറ്റിപ്പറ്റി പുതിയ അന്വേഷണം നടത്തുന്നതിനെ കുറിച്ചാണു യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് എഴുതിയ കത്തില്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി. കോമേ സൂചിപ്പിച്ചിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ എഫ്ബിഐയുടെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണു ഹിലരിയുടെയും ഡമോക്രാറ്റിക് ചേരിയുടെയുമൊക്കെ ആശങ്ക. കഷ്ടിച്ച് ഒരാഴ്ച മാത്രം അവശേഷിക്കവേ, അന്വേഷണം നടത്തുമെന്ന എഫ്ബിഐയുടെ പ്രഖ്യാപനം, ഇതുവരെ വോട്ടര്‍മാര്‍ക്കിടയില്‍ ഹിലരി കൈവരിച്ച ലീഡ് നഷ്ടപ്പെടുത്താന്‍ ഇടയാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ ആദ്യ ആഴ്ചയാണ് വിസില്‍ ബ്ലോവറായ വിക്കിലീക്‌സ് ഹിലരിയുടെ ക്യാംപെയ്ന്‍ ചീഫായ ജോണ്‍ പൊഡേസ്റ്റയുടെ ഇ-മെയ്ല്‍ രഹസ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് റഷ്യന്‍ ഹാക്കര്‍മാരുടെ സഹായത്തോടെയാണു സംഭവിച്ചതെന്നും യുഎസ് ഇന്റലിജന്‍സ് ആരോപിച്ചിരുന്നു. ഇ-മെയ്‌ലില്‍ ഹിലരിയേക്കാള്‍ കൂടുതല്‍ പരാമര്‍ശിച്ചിരിക്കുന്നതു ഹിലരിയുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബ്ലില്‍ ക്ലിന്റനെ കുറിച്ചാണ്. ക്ലിന്റന്‍ കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ക്ലിന്റന്‍ ഫൗണ്ടേഷന്‍ ബിസിനസ്, ജീവകാരുണ്യം, രാഷ്ട്രീയ താത്പര്യങ്ങള്‍ കൂട്ടിക്കലര്‍ത്തി പ്രവര്‍ത്തിച്ചതും ഇ-മെയ്‌ലില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എഫ്ബിഐയെ അന്വേഷണത്തിന് പ്രേരിപ്പിച്ചിരിക്കുന്നത് ഇതൊന്നുമല്ല.
സമീപകാലത്ത് ഹിലരിയുടെ വിശ്വസ്ത ഹുമ അബേദിന്റെ ഭര്‍ത്താവും യുഎസ് കോണ്‍ഗ്രസ് മുന്‍ അംഗവുമായ അന്തോണി വെയ്‌നര്‍ ഒരു ലൈംഗികാരോപണ കേസില്‍ ഉള്‍പ്പെട്ടിരുന്നു. 15 വയസുകാരിയുമായി വെയ്‌നര്‍ അശ്ലീല സന്ദേശങ്ങള്‍ കൈമാറിയതായിരുന്നു കേസ്. ഈ കേസ് സെപ്റ്റംബര്‍ 22ന് എഫ്ബിഐ അന്വേഷിച്ചപ്പോള്‍, വെയ്‌നറുടെ ലാപ്പ്‌ടോപ്പില്‍ ഭാര്യ ഹുമ അബേദിന്റെ ഇ-മെയ്ല്‍ വിവരങ്ങള്‍ കണ്ടെത്തുകയുണ്ടായി. മാത്രമല്ല, വെയ്‌നര്‍ ഉപയോഗിച്ച ലാപ്പ് ടോപ്പില്‍ ഇ-മെയ്ല്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ഹിലരിയുടെ സെര്‍വര്‍ ഉപയോഗിച്ചായിരുന്നെന്നും എഫ്ബിഐ കണ്ടെത്തി. ഇതാണ് ഇപ്പോള്‍ ഹിലരിക്കെതിരേ അന്വേഷണം പുനരാരംഭിക്കാന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി കോമേയെ പ്രേരിപ്പിച്ചിരിക്കുന്നത്.
2009-13 കാലഘട്ടത്തില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന ഹിലരി, സ്വകാര്യ ഇ-മെയ്ല്‍ സെര്‍വറിലൂടെ അതീവ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ട ഭരണകൂട വിവരങ്ങള്‍ കൈമാറിയിരുന്നതായി നേരത്തേ ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഹിലരിക്കെതിരേ കേസെടുക്കാന്‍ മാത്രം ഗൗരവമുള്ള യാതൊന്നുമില്ലെന്ന് ഈ വര്‍ഷം ജുലൈയില്‍ എഫ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹുമയുടെ ഭര്‍ത്താവ് അന്തോണി വെയ്‌നര്‍ ഇപ്പോള്‍ ഹിലരിക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നതും നികുതി വെട്ടിപ്പിനെ കുറിച്ചു ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതും സൃഷ്ടിച്ച പ്രതിസന്ധിയില്‍ തകര്‍ന്നിരിക്കുമ്പോഴാണു വിക്കിലീക്‌സ് ഹിലരിക്ക് തിരിച്ചടി സമ്മാനിക്കുന്ന ഇ-മെയ്ല്‍ പുറത്തുവിട്ടത്. ഇതോടെ ട്രംപ് ചേരിക്ക് ഉണര്‍വ് കൈവന്നു. ഇപ്പോള്‍ ഇതാ എഫ്ബിഐ പ്രഖ്യാപനം കൂടി വന്നതോടെ ട്രംപിന് കൂടുതല്‍ ആവേശം കൈവന്നിരിക്കുന്നു.
ഹിലരിയെയും ട്രംപിനെയും വോട്ടര്‍മാര്‍ക്ക് വലിയ പ്രതിപത്തിയൊന്നുമില്ലെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ട്രംപിനെതിരേയായാലും ഹിലരിക്കെതിരേയായാലും നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത്തരം ആരോപണങ്ങള്‍ക്ക് സാധിക്കുകയുമില്ല. എങ്കിലും ഒക്ടോബറില്‍ നടന്ന അവസാന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു ശേഷം ഹിലരി നേടിയ ലീഡ് കഴിഞ്ഞ ദിവസം വലിയ തോതില്‍ ഇടിവ് രേഖപ്പെടുത്തുകയുണ്ടായെന്നത് ഹിലരിയുടെ ജയസാധ്യതയ്ക്കു മേല്‍ വീണിരിക്കുന്ന കരിനിഴലാണ്. ഇത് ജനവിധിയെ ബാധിക്കാനും സാധ്യതയുണ്ട്.

Comments

comments

Categories: World