മാര്‍ക്കറ്റ്‌പ്ലേസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക്

മാര്‍ക്കറ്റ്‌പ്ലേസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക്

ബെംഗളൂരു: ഫേസ്ബുക് തങ്ങളുടെ മാര്‍ക്കറ്റ്‌പ്ലേസ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. യുഎസ്സിലും മറ്റ് മൂന്ന് രാജ്യങ്ങളിലും നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക് മാര്‍ക്കറ്റ്‌പ്ലേസിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇത് ഇന്ത്യയിലെ ഓണ്‍ലൈന്‍ ക്ലാസ്സിഫൈഡ് വിപണിയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ തങ്ങളുടെ മാര്‍ക്കറ്റ്‌പ്ലേസ് യുഎസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതായും ഇന്ത്യയിലെ ബിസിനസും ഉപയോക്താക്കളുടെ രീതികളും പഠിച്ചശേഷം പ്രത്യേക മോഡല്‍ അവതരിപ്പിക്കുമെന്നും ഫേസ്ബുക് എസ്എംഇ ഇന്ത്യ മേധാവി എസ്‌മെ ലീന്‍ അറിയിച്ചു. ഓരോരുത്തര്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനും വിറ്റഴിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമായതായിരിക്കും തങ്ങളുടെ മാര്‍ക്കറ്റ്‌പ്ലേസ് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ എന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമാക്കിയില്ല.

കഴിഞ്ഞ മാസത്തിലാണ് യുഎസ്, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഫേസ്ബുക് തങ്ങളുടെ മാര്‍ക്കറ്റ്‌പ്ലേസ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്ക് മാര്‍ക്കറ്റ്‌പ്ലേസിലെത്തി തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും സൗകര്യമുണ്ടായിരിക്കും. ഇന്ത്യയില്‍ ഇത് ഓണ്‍ലൈന്‍ ക്ലാസ്സിഫൈഡ് വിപണിയില്‍ പരസ്പരം മത്സരിക്കുന്ന നാസ്‌പെര്‍സിന്റെ ഒഎല്‍എക്‌സിനും ടൈഗര്‍ ഗ്ലോബലിന്റെ ക്വിക്‌റിനും വന്‍ ഭീഷണി ഉയര്‍ത്തും.

202ഓടെ ഇന്ത്യയിലെ ഡിജിറ്റല്‍ ക്ലാസ്സിഫൈഡ് മേഖല മൂന്നിരട്ടി വളര്‍ച്ച നേടി 7,900 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മുപ്പത് ശതമാനം ഹൊറിസോണ്ടല്‍ ക്ലാസ്സിഫൈഡ്‌സിന്റെ വിഹിതമായിരിക്കുമെന്ന് സെപ്റ്റംബറില്‍ ഗൂഗ്‌ളും കെപിഎംജിയും ചേര്‍ന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. പൂനെ, അഹമ്മദാബാദ്, ചണ്ഡീഗഢ്, കൊച്ചി, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഇ-സര്‍വീസസ്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍സ് തെരച്ചിലുകളില്‍ മെട്രോ നഗരങ്ങളേക്കാള്‍ നാല് മടങ്ങ് വളര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് ഗൂഗ്ള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories