ചെല്‍സിക്കും എവര്‍ട്ടണിനും ജയം

ചെല്‍സിക്കും എവര്‍ട്ടണിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ചെല്‍സിക്ക് മികച്ച ജയം. എവേ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സതാംപ്ടണിനെയാണ് ചെല്‍സി തകര്‍ത്തത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ വെച്ച് എവര്‍ട്ടണ്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-0ത്തിന് പരാജയപ്പെടുത്തി.

മത്സരത്തിന്റെ ആറാം മിനുറ്റില്‍ തന്നെ ബെല്‍ജിയം താരം ഈഡല്‍ ഹസാര്‍ഡിലൂടെ ചെല്‍സി മുന്നിലെത്തി. സതാംപ്ടണ്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു ഗോള്‍. തന്നെ മാര്‍ക്ക് ചെയ്യാന്‍ ആളില്ലെന്ന് കണ്ട് പന്തുമായി കുതിച്ച ഹസാര്‍ഡ് എതിര്‍ ഡിഫന്‍ഡര്‍ സ്റ്റീവന്‍ ഡേവിസിനെ മറികടന്ന് ഷോട്ടുതിര്‍ത്തു.

ഈഡന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് സതാംപ്ടണ്‍ ഗോള്‍ കീപ്പറായ ഫ്രേസര്‍ ഫോസ്റ്ററിനെ കാഴ്ചക്കാരനാക്കി വലയിലാവുകയായിരുന്നു. 2014-15 പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരമായിരുന്ന ഈഡന്‍ ഹസാര്‍ഡ് ഈ സീസണില്‍ നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു സതാംപ്ടണിനെതിരായത്.

സ്പാനിഷ് സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റയാണ് ചെല്‍സിയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. മത്സരത്തിന്റെ അന്‍പത്തിയഞ്ചാം മിനുറ്റിലായിരുന്നു കോസ്റ്റ ചെല്‍സിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. അവസാനം കളിച്ച പതിനൊന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നും ഡീഗോ കോസ്റ്റ നേടുന്ന ഒന്‍പതാം ഗോളായിരുന്നു ഇത്.

എവര്‍ട്ടണിന് വേണ്ടി വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 50, 76 മിനുറ്റുകളില്‍ യഥാക്രമം ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു, ബാര്‍ക്‌ലെ എന്നീ താരങ്ങളാണ് ഗോളുകള്‍ നേടിയത്. പത്ത് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും രണ്ട് തോല്‍വിയുമായി 22 പോയിന്റുള്ള ചെല്‍സി ലീഗില്‍ നാലാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ എവര്‍ട്ടണ്‍ 18 പോയിന്റുമായി ആറാമതാണ്.

Comments

comments

Categories: Sports