2019 ലോകകപ്പ് വരെ ധോണി ടീം ക്യാപ്റ്റനായി തുടരാന്‍ സാധ്യത

2019 ലോകകപ്പ് വരെ ധോണി ടീം ക്യാപ്റ്റനായി തുടരാന്‍ സാധ്യത

 

മുംബൈ: മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പ് വരെ ടീം ഇന്ത്യ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് വേണ്ടി ശക്തമായ ഒരു ടീമിനെ ധോണി വളര്‍ത്തിക്കൊണ്ടു വരികയാണെന്നും സൂചനയുണ്ട്.

2017ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ തന്റെ ഏകദിന കരിയറിന്റെ ഭാവി സംബന്ധിച്ച വ്യക്തമായ തീരുമാനം എം എസ് ധോണി കൈക്കൊള്ളുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

2016ന് ശേഷം തന്റെ ഫോമും ശാരീരിക ക്ഷമതയും അനുസരിച്ച് ഭാവി തീരുമാനിക്കുമെന്നതായിരുന്നു മുമ്പ് ധോണിയുടെ നിലപാട്. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര വിജയിച്ചതോടെ ലോകകപ്പ് വരെ ടീമില്‍ തുടരാനാണ് ധോണിയുടെ തീരുമാനമെന്നാണറിവ്.

അതേസമയം, 2019 ലോകകപ്പില്‍ ധോണി കളിക്കുന്നതിനെ അനുകൂലിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ രംഗത്തെത്തി. ലോകകപ്പിന്റെ സമയമാകുമ്പോള്‍ ധോണിക്ക് 38 വയസാകുമെന്നറിയിച്ച നെഹ്‌റ പ്രായം പ്രശ്‌നമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ താരങ്ങളായ യൂനിസ് ഖാന്‍, മിസ്ബ ഉള്‍ഹഖ് തുടങ്ങിയവര്‍ 40 വയസിന് ശേഷവും അന്താരാഷ്ട്ര രംഗത്ത് തുടരുന്നുണ്ടെന്നും 2019 ലോകകപ്പില്‍ കളിക്കാന്‍ ധോണിക്ക് കായിക ക്ഷമതയുണ്ടാകുമെന്നതാണ് തന്റെ വിശ്വാസമെന്നും നെഹ്‌റ പറഞ്ഞു.

ന്യൂസിലാന്‍ഡുമായുള്ള ഏകദിന മത്സരങ്ങള്‍ അവസാനിച്ചതിനാല്‍ ഇംഗ്ലണ്ടുമായുള്ള അടുത്ത പരമ്പരയ്ക്ക് മുമ്പായി ധോണിക്ക് രണ്ട് മാസത്തോളം വിശ്രമം ലഭിക്കുമെന്നും ഇതോടെ അദ്ദേഹം കൂടുതല്‍ കരുത്തനായി തിരിച്ചെത്തുമെന്നും നെഹ്‌റ വ്യക്തമാക്കി.

കളി ആസ്വദിക്കുന്ന കാലത്തോളം ധോണി തുടരണമെന്നതാണ് തന്റെ അഭിപ്രായമെന്ന് ടീം ഇന്ത്യ മുന്‍ ഡയറക്ടറായ രവി ശാസ്ത്രിയും പറഞ്ഞു. മോശം ഫോമിലോ കായിക ക്ഷമത ഇല്ലാതെയോ ധോണി ഒരിക്കലും ടീമില്‍ തുടരാന്‍ ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Sports