ദീപാവലി സീസണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 60% കുറഞ്ഞു

ദീപാവലി സീസണ്‍:  ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 60% കുറഞ്ഞു

 

ന്യൂഡെല്‍ഹി: ഈ വര്‍ഷം ദീപാവലി ഉത്സവസീസണില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 60 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉറി ആക്രമണത്തിനു ശേഷമുളള ഇന്ത്യയുടെ നടപടികളില്‍ പാക്കിസ്ഥാനെ പരോക്ഷമായും പ്രത്യക്ഷമായും ചൈന പിന്തുണയ്ക്കുന്നു എന്ന ആരോപണമുന്നയിച്ച് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യത്ത് വലിയ പ്രചാരണം നടന്നിരുന്നു. ബഹിഷ്‌കരണ പ്രഖ്യാപനം നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും പല വ്യാപരികളും പിന്മാറിയിരുന്നു.

ഈ വര്‍ഷം ചൈനീസ് ഉല്‍പ്പന്നങ്ങളേക്കാള്‍ കൂടുതലായി മണ്‍വിളക്കുകളും പേപ്പര്‍, കളിമണ്ണ്, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പ്പനങ്ങളുമാണ് ദീപാവലിക്ക് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ചിലര്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച് സൂക്ഷിച്ചുവച്ച വസ്തുക്കള്‍ തന്നെ പ്രയോജനപ്പെടുത്തിയും ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണത്തില്‍ പങ്കാളികളായി. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും ഇന്ത്യന്‍ ജനതയുടെ ഉത്സവാഘോഷങ്ങളെ ഇത് ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഉല്‍പ്പന്ന ബഹിഷ്‌കരണത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ആഹ്വാനം ചെയ്തില്ലെങ്കിലും നവമാധ്യമങ്ങളിലൂടെ ഈ വിഷയത്തിനു ലഭിച്ച പ്രചാരമാണ് രാജ്യമെമ്പാടുമുള്ള ജനങ്ങളില്‍ ബഹിഷ്‌കരണ മനോഭാവം വളര്‍ത്താന്‍ സഹായകമായത്. വ്യാപാരികള്‍ തങ്ങളുടെ കടകളിലെ കൗണ്ടറുകളില്‍ നിന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തതായും ചിലര്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡെല്‍ഹി, മുംബൈ, നാഗ്പൂര്‍, ജയ്പൂര്‍, അഹമ്മദാബാദ്, കാണ്‍പൂര്‍, ഭോപ്പാല്‍ തുടങ്ങി രാജ്യത്തെ 20 പ്രധാന നഗരങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ച് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കോണ്‍ഫെഡറേഷ (സിഎഐടി)ന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

‘ഇന്ത്യയ്ക്ക് കുരക്കാനെ കഴിയു, മല്‍സരിക്കാന്‍ കഴിയില്ല’ എന്ന ചൈനീസ് മാധ്യമങ്ങളുടെ പരാമര്‍ശത്തോടെ അതി തീവ്രമായ രീതീയില്‍ തന്നെ സോഷ്യല്‍ മീഡിയ വഴിയുള്ള ഉല്‍പ്പന്ന ബഹിഷ്‌കരണ കാംപെയ്ന്‍ ഉപഭോക്താക്കളെ സ്വാധീനിച്ചതായി സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാട്ടിയയും, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാലും പറഞ്ഞു.

Comments

comments

Categories: Slider, Top Stories