ജിഎസ്ടി ഘടന: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നത തുടരുന്നു

ജിഎസ്ടി ഘടന:  കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നത തുടരുന്നു

 

ന്യൂഡെല്‍ഹി : ജിഎസ്ടി കൗണ്‍സില്‍ നവംബര്‍ 3,4 തീയതികളില്‍ വീണ്ടും യോഗം ചേരാനിരിക്കെ കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചരക്ക് സേവന നികുതിയുടെ നിരക്കുകളും ഘടനയും സംബന്ധിച്ച് ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാട് കടുപ്പിക്കുന്നതാണ് പ്രശ്‌നമാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാനങ്ങളും മാധ്യമങ്ങളിലൂടെ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച്ച, ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിവിമാധ്യമങ്ങളുടെ എഡിറ്റര്‍മാരുടെ യോഗം വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നികുതി നിരക്കുകളും സ്ലാബുകളും സെസ്സും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ കേരളത്തിന്റെ ധനകാര്യ മന്ത്രി തോമസ് ഐസക് തന്റെ ആശങ്കകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലൂടെ പങ്കുവെച്ചിരുന്നു.

6, 12, 18, 26 ശതമാനം നികുതി നിരക്കുകളാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. സ്വര്‍ണത്തിന് നാല് ശതമാനം നികുതി മാത്രമാണ് പരിഗണിക്കുന്നത്. 26 ശതമാനം നികുതി സ്ലാബില്‍ വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍, ആഢംബര കാറുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയ്ക്ക്മീതെ സെസ്സ് ചുമത്താനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

ജിഎസ്ടി പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നികത്തും. ക്ലീന്‍ എനര്‍ജി സെസ്, ആഡംബര വസ്തുക്കളിന്‍മേലുള്ള സെസ്സുകള്‍, പുകയില ഉല്‍പ്പന്നങ്ങളുടെ മേലുള്ള സെസ് എന്നിവയെല്ലാം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി തന്റെ ഫേസ്ബുക് പോസ്റ്റില്‍ പ്രസ്താവിച്ചിരുന്നു. ഇത് നികുതിദായകര്‍ക്ക് ഭാരമാകില്ലെന്നും സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നതിന് ഉപകരിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കുന്നുണ്ട്.

ഇത്തരം സെസ്സുകളും 26 ശതമാനമെന്ന ഉയര്‍ന്ന സ്ലാബുമാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ മൂലകാരണം. ആഡംബര വസ്തുക്കള്‍ക്കുള്ള ഉയര്‍ന്ന സ്ലാബ് 28നും 30 ഇടയിലായി വര്‍ധിപ്പിക്കണമെന്നാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി വരുമാനം സെസ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിലെത്തി പിന്നീട് നഷ്ടപരിഹാരം എന്ന നിലയില്‍ വിതരണം ചെയ്യുന്നതിനെയും സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നു.

Comments

comments

Categories: Slider, Top Stories