ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗറെ തഴഞ്ഞ് ഹോസെ മൗറീഞ്ഞോ

ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗറെ തഴഞ്ഞ് ഹോസെ മൗറീഞ്ഞോ

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ജര്‍മന്‍ ദേശീയ ടീം മുന്‍ മിഡ്ഫീല്‍ഡറായ ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍ തഴയപ്പെടുന്നു. മാഞ്ചസ്റ്റര്‍ ടീമില്‍ ഷൈ്വന്‍സ്റ്റീഗറെ കളിക്കാന്‍ അനുവദിക്കാത്ത ക്ലബ് പരിശീലകനായ ഹോസെ മൗറീഞ്ഞോ തന്റെ ഗെയിം പ്ലാനില്‍ താരത്തിന് സ്ഥാനമില്ലെന്നും ഇതിനോടകം വ്യക്തമാക്കി.

ജര്‍മന്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കിന്റെ ഇതിഹാസ താരമായിരുന്ന ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗറെ കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനായ ലൂയിസ് വാന്‍ ഗാലാണ് ഓള്‍ഡ് സ്ട്രാറ്റ്‌ഫോര്‍ഡിലെത്തിച്ചത്. എന്നാല്‍ ഡച്ച് പരിശീലകന്‍ ടീമിന് പുറത്തായതോടെ ജര്‍മന്‍ താരത്തിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു.

ഹോസെ മൗറീഞ്ഞോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ചായി സ്ഥാനമേറ്റതോടെ ടീമില്‍ ഷൈ്വന്‍സ്റ്റീഗറുടെ സാന്നിധ്യം അപ്രസക്തമായി. നിലവില്‍ ക്ലബിന്റെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താന്‍ പോലും താരത്തെ മൗറീഞ്ഞോ അനുവദിക്കുന്നില്ല. ലീഗ് കപ്പിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഗാലറിയിലിരുന്ന് കളി കാണേണ്ടി വന്ന താരത്തെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീമിന്റെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും ഒഴിവാക്കി.

അപമാനം സഹിക്കേണ്ടി വന്നിട്ടും യുണൈറ്റഡ് ടീമില്‍ നിന്നും വിട്ടുപോകാന്‍ ഷൈ്വന്‍സ്റ്റീഗര്‍ ഇതുവരെ തയാറായിട്ടില്ല. മുപ്പത്തിരണ്ടുകാരനായ താരത്തെ തേടി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും യുണൈറ്റഡില്‍ തുടരാനാണ് താരത്തിന്റെ തീരുമാനം. 2018 സീസണ്‍ വരെയാണ് ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

Comments

comments

Categories: Sports