ഒറ്റ-ഇരട്ട ഫോര്‍മുല ഡെല്‍ഹിയിലെ വായു മെച്ചപ്പെടുത്തിയില്ല

ഒറ്റ-ഇരട്ട ഫോര്‍മുല ഡെല്‍ഹിയിലെ വായു മെച്ചപ്പെടുത്തിയില്ല

അഭിഷേക് വാഗ്മാറെ

ആംആദ്മിപാര്‍ട്ടി (എഎപി) സര്‍ക്കാര്‍ വായു മലിനീകരണത്തെ ചെറുക്കാനായി നടപ്പിലാക്കിയ ഒറ്റ-ഇരട്ട ഫോര്‍മുല ഡെല്‍ഹിയിലെ വായുവിനെ മെച്ചപ്പെടുത്തിയില്ല. ഒറ്റ അക്കം നമ്പറായി വരുന്ന കാറുകള്‍ ഒറ്റ അക്ക ദിനങ്ങളിലും ഇരട്ട അക്കം നമ്പറായി വരുന്ന കാറുകള്‍ ഇരട്ട അക്ക ദിനങ്ങളിലും മാത്രം നിരത്തിലിറങ്ങുന്ന രീതിയാണ് ഒറ്റ-ഇരട്ട കാര്‍ ഫോര്‍മുല.

ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള ലോകത്തെ നഗരങ്ങളുടെ പട്ടികയില്‍ 11ാമതാണ് ഡെല്‍ഹി. ഒറ്റ-ഇരട്ട ഫോര്‍മുലയിലൂടെ വായു മലിനീകരണത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം, ശൈത്യകാലത്ത് കാറുകളും ട്രക്കുകളും 25 ശതമാനത്തിലധികം വിഷമയം പുറത്തേക്ക് വിടുകയും അത് നിയന്ത്രിക്കുന്നതിന് പകരം പിഴ ഈടാക്കുന്നതുമാണെന്ന് ഡെല്‍ഹി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂര്‍ (ഐഐടി- കെ) 2016 ന്റെ പഠനം വിശദമാക്കുന്നു. ഒറ്റ-ഇരട്ട ഫോര്‍മുലയുടെ പരാജയത്തെ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞയാഴ്ച നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ (എന്‍ജിടി) പുറത്തുവിട്ടിരുന്നു.

വായു മലിനീകരണ അളവ് കുറയ്ക്കുവാന്‍ ഒറ്റ-ഇരട്ട സംവിധാനത്തിന് കഴിഞ്ഞില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ പോലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി), ഡെല്‍ഹി സര്‍ക്കാരിന്റെ ഡെല്‍ഹി പോലൂഷന്‍ കണ്‍ട്രോള്‍ കമ്മറ്റി (ഡിപിസിസി), ഇന്ത്യാസ്‌പെന്‍ഡിന്റെ ബ്രീത്ത് നെറ്റ്‌വര്‍ക്ക് തുടങ്ങി വായു ഗുണനിലവാരം കണക്കാക്കുന്ന മൂന്ന് കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുന്നു.

പൊടി, അഴുക്ക്, പുകപ്പൊടി, പുക, ദ്രാവക തുള്ളികള്‍ ഉള്‍പ്പെടെ ഡയാമീറ്ററിലേക്ക് തരംതിരിക്കുന്ന വായുവില്‍ കണ്ടെത്തുന്ന കണങ്ങള്‍ പാര്‍ടിക്യുലേറ്റ് മാറ്റര്‍ അല്ലെങ്കില്‍ പിഎം ആണ്. ഈ കണങ്ങള്‍ 2.5 മൈക്രോ മീറ്ററില്‍ കുറവാണെങ്കില്‍ അവയെ പിഎം 2.5 എന്നു വിളിക്കുന്നു. മനുഷ്യന്റെ മുടിയുടെ മുപ്പതില്‍ ഒരു ശരാശരി വീതി വരുമിത്. 2.5 നും 10 നും ഇടയിലുള്ള ഡയാമീറ്റര്‍ കണങ്ങളെ പിഎം 10 എന്നു വിളിക്കുന്നു.

ശൈത്യകാലത്ത് വായു മലിനീകരണത്തില്‍ പകുതിയും വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണമാണ്. എന്നാല്‍ വേനല്‍ക്കാലത്തേക്കാള്‍ പത്തിലൊന്ന് കുറവാണിതെന്ന് ഐഐടി-കെയുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഡെല്‍ഹിയിലെ വായു മലിനീകരണം തുടച്ചുനീക്കുവാന്‍ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം മാത്രം മതിയാവില്ലെന്ന് സ്വതന്ത്ര നിരീക്ഷണ ശൃംഖലകളുടെയും ഐഐടി-കെയുടെയും ഡാറ്റ വ്യക്തമാക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വായു ഗുണനിലവാര സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ മറ്റു പല മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിച്ച് ഡെല്‍ഹിയില്‍ മാത്രമല്ല ഡെല്‍ഹിക്കു ചുറ്റുവട്ടത്തും വായു മലിനീകരണം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. 40 ശതമാനത്തോളം വിഷകണങ്ങള്‍ റോഡിലെ പൊടിയില്‍ നിന്നാണ് വരുന്നത്. 10 ശതമാനം ഊര്‍ജ്ജ പ്ലാന്റുകള്‍ പുറത്തുവിടുന്നതാണ്. മലിനീകരണത്തില്‍ പിഎം 2.5 ല്‍ രണ്ടാം സ്ഥാനത്തും പിഎം 10 ല്‍ നാലാംസ്ഥാനത്തുമാണ് വാഹനങ്ങള്‍.

വാഹനങ്ങള്‍ക്ക് പുറമെ, ഊര്‍ജ്ജ പ്ലാന്റുകളില്‍ കല്‍ക്കരി കത്തുമ്പോഴുണ്ടാകുന്ന പുക, പൊടി എന്നിവ പറന്നു വ്യാപിക്കുന്നത്, റോഡിലെ പൊടി, പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക, ഡെല്‍ഹിയിലെ റസ്റ്റോറന്റുകള്‍ തീയില്‍ ഭക്ഷണം വേവിക്കുമ്പോഴുണ്ടാകുന്ന പുക തുടങ്ങിയവ ഡെല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനുള്ള കാരണങ്ങളാണെന്ന് ഐഐടി-കെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഊര്‍ജ്ജ പ്ലാന്റുകള്‍, റിഫൈനറീസ്, വാഹനങ്ങള്‍ തുടങ്ങിയവ പുറത്തേക്കു വിടുന്ന നൈട്രജന്‍ ഓക്‌സൈഡ് വായു മലിനീകരണത്തിന് ഇടയാക്കുന്നുണ്ട്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിലൂടെ ഇതിനെ മറികടക്കാനാവില്ലെന്ന് സിപിസിബി, ഡിപിസിസി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പിഎം 10, പിഎം 2.5 മലിനീകരണത്തിന്റെ 56 ശതമാനവും 38 ശതമാനവും റോഡിലെ പൊടി മൂലമാണ്. ഡെല്‍ഹിയിലെ സള്‍ഫര്‍ ഓക്‌സൈഡ് (എസ്ഒഎക്‌സ്) മലിനീകരണത്തിന്റെ 90 ശതമാനവും നൈട്രജന്‍ ഓക്‌സൈഡ് (എന്‍ഒഎക്‌സ) മലിനീകരണത്തിന്റെ പകുതിയും ഊര്‍ജ്ജ പ്ലാന്റുകളുടെ സംഭാവനയാണ്. ഡെല്‍ഹിയിലെ വായുവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വ്യാപിപ്പിക്കുന്നത് വാഹനങ്ങളാണ്. കാലാവസ്ഥ അനുസരിച്ച് മലിനീകരണ സ്രോതസുകളുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും.

ഒക്‌സൈഡുകളായ സള്‍ഫര്‍, നൈട്രജന്‍ എന്നിവ ശൈത്യകാലത്ത് വായു മലിനീകരണം വ്യാപിപ്പിക്കുന്നു. ശൈത്യകാലത്ത് വായു മലിനീകരണം വ്യാപിക്കുന്നതിന് വാഹനങ്ങളും ഇടയാക്കുന്നുണ്ട്. എങ്കിലും വേനല്‍കാലത്തേക്കാള്‍ കുറവാണിത്. വേനല്‍കാലത്തെ വായു മലിനീകരണത്തില്‍ 6 മുതല്‍ 9 ശതമാനം വരെ വാഹനങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്. അതേസമയം കല്‍ക്കരി ചാരം, ഊര്‍ജ്ജ പ്ലാന്റുകളില്‍ നിന്ന് പറക്കുന്ന പൊടി, മണ്ണ്, റോഡിലെ പൊടി ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുളള പൊടിപടലങ്ങളുമാണ് വേനല്‍ക്കാലത്തെ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍.

ഡെല്‍ഹിയില്‍ എല്ലാവര്‍ഷവും മൂന്നുമാസം നീണ്ടു നില്‍കുന്ന മഴക്കാലം വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നുണ്ട്. മഴക്കൊപ്പം ഉണ്ടാകുന്ന ശക്തമായ കാറ്റ് വിഷ കണങ്ങള്‍ തുടച്ചു നീക്കി വായു വൃത്തിയാകുവാന്‍ ഉപകരിക്കും. മഴക്കാലം പിന്‍വാങ്ങുമ്പോള്‍, ഒക്‌റ്റോബറിലെ ചൂട് ശൈത്യകാലത്തിന് വഴിയൊരുക്കും. ഊര്‍ജ്ജ പ്ലാന്റുകളിലേയും റിഫൈനറികളിലേയും സള്‍ഫര്‍ ഓക്‌സൈഡും നൈട്രജര്‍ ഓക്‌സൈഡും വായു മലിനീകരണം വ്യാപിക്കുന്നതിന് ഇടയാക്കുന്നുണ്ട്.

ബയോമാസ് കത്തിക്കുന്നതും വായു മലിനികരണത്തിന് വഴിയൊരുക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ മഴക്കാലത്തിന് ശേഷം വിളകളുടെ അവശിഷ്ടം കത്തിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത് ഡെല്‍ഹിയിലെ വായുവിനെ ബാധിക്കുന്നുണ്ടെന്ന് 2016 ജനുവരിയില്‍ ഇന്ത്യാസ്‌പെന്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ശൈത്യകാലം പോകുന്നതോടു കൂടി വേനല്‍ക്കാലം വരും, ഊര്‍ജ്ജ പ്ലാന്റുകളില്‍ കല്‍ക്കരി കത്തുമ്പോഴുണ്ടാകുന്ന ചാരവും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും റോഡില്‍ നിന്നുമുള്ള പൊടിയുമെല്ലാം ദീര്‍ഘ സമയം വായുവില്‍ നിലനില്‍ക്കുകയും രൂക്ഷമായ വായു മലിനീകരണത്തിനിടവരുത്തയും ചെയ്യും.

ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒറ്റ-ഇരട്ട വാനഹനിയന്ത്രണത്തിന്റെ രണ്ടാംഘട്ടത്തില്‍ ഡെല്‍ഹിയിലെ വായു മലിനീകരണ സ്ഥിതി ആദ്യഘട്ടത്തേക്കാള്‍ 23 ശതമാനം ഉയര്‍ന്നെന്ന് ഇന്ത്യാസ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഡെല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഒറ്റ- ഇരട്ട പദ്ധതിക്ക് സാധിച്ചില്ലെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കുമെന്ന് ഡിപിസിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

(നിരീക്ഷകനാണ് ലേഖകന്‍)

Comments

comments

Categories: FK Special