വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന് പ്രതീക്ഷകളേറെ

വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന് പ്രതീക്ഷകളേറെ

തിരുവനന്തപുരം: ഈ വര്‍ഷം ലണ്ടനില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ധാരാളം പ്രതീക്ഷകളുമായാണ് കേരളാ ടൂറിസം പങ്കെടുക്കുന്നതെന്ന് കേരള ടൂറിസം സെക്രട്ടറി ഡോ. വേണു. കേരളം ഊന്നല്‍ നല്‍കുന്ന ഉത്തരവാദിത്ത വിനോദസഞ്ചാര(ആര്‍ടി) പദ്ധതിയ്ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. നവംബര്‍ ഏഴ് മുതല്‍ പത്ത് വരെയാണ് ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. ഇത്തവണത്തെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ ഔദ്യോഗിക പ്രീമിയം പാര്‍ട്ണറാണ് ഇന്ത്യ.

ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ കേരളത്തിന്റെ ടൂറിസം ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് പ്രദാനം ചെയ്യുന്നതെന്ന് ഡോ. വേണു പറഞ്ഞു. ആയുര്‍വേദം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളുമായി കേരളത്തില്‍ നിന്നുള്ള എട്ടുപേരെങ്കിലും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്തു നിന്നും ഇന്റര്‍സൈറ്റ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ്, മാര്‍വെല്‍ ടൂര്‍സ്, പയനീര്‍ ട്രാവല്‍സ്, കുമരകം ലേക്ക് റിസോര്‍ട്ട്, സാന്‍ബാരി റിസോര്‍ട്ട്, പുനര്‍നാവ ആയുര്‍വേദ റീട്രീറ്റ് സെന്റര്‍, പുന്നമട റിസോര്‍ട്ട്, സ്‌പൈസ് ലാന്‍ഡ് റിസോര്‍ട്ട് എന്നിവര്‍ മാര്‍ട്ടില്‍ പങ്കെടുക്കും.

ഉത്തരവാദിത്ത ടൂറിസം അടക്കം ഇന്നത്തെ വിനോദസഞ്ചാര മേഖലയിലെ പ്രവണതകള്‍ വിശകലനം ചെയ്യുന്ന പരിപാടി ഭാവിയിലെ ടൂറിസം വ്യവസായത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും. ഇന്ത്യയിലെ ഗോള്‍ഡന്‍ ട്രയാന്‍ഗിളായ ഡെല്‍ഹി, ആഗ്ര, ജയ്പ്പൂര്‍ എന്നിവിടങ്ങളും ഗോവ, കേരള, കശ്മീര്‍, വടക്കു കിഴക്കന്‍ മേഖല എന്നീ സ്ഥലങ്ങള്‍ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായി വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് തെരഞ്ഞെടുത്തിട്ടുണ്ട്.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിനുശേഷമുള്ള ആദ്യത്തെ ട്രാവല്‍ മാര്‍ട്ടായതിനാല്‍ ഇത്തവണത്തെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായും ബ്രിക്‌സിറ്റിന്റെ പ്രത്യാഘാതങ്ങള്‍ ടൂറിസം മേഖലയിലാകെ പ്രകടമാകുമെന്നും കേരള മാര്‍ട്ട് പ്രസിഡന്റും ഇന്റര്‍സൈറ്റ് ചെയര്‍മാനുമായ അബ്രഹാം ജോര്‍ജ് വ്യക്തമാക്കി.

Comments

comments

Categories: Branding, Slider