യുഎസ് പലിശ നിരക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം

യുഎസ് പലിശ നിരക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം

ലണ്ടന്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യുഎസില്‍ നിന്ന് മറ്റൊരു വാര്‍ത്തയ്ക്കായി കാതോര്‍ക്കുകയാണ് ലോകം. യുഎസ് ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുന്നതിനാണ് വിവിധ കേന്ദ്ര ബാങ്കുകള്‍ കാത്തിരിക്കുന്നത്.

ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്‌സണ്‍ ജാനറ്റ് യെലെനും സംഘവും ഡിസംബറില്‍ ചേരുന്ന യോഗത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവംബര്‍ 8നാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് യോഗം ചേരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണുള്ള മുന്‍തൂക്കം യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതയാണ് വര്‍ധിപ്പിക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ യുഎസ് സമ്പദ് വ്യവസ്ഥയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.9 ശതമാനമെന്ന ഭേദപ്പെട്ട നിലയിലെത്തിയിരുന്നു. ഇന്‍വെന്ററി നിക്ഷേപവും കയറ്റുമതി വര്‍ധിച്ചതുമാണ് യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് അനുഗ്രഹമായത്. ഫെഡറല്‍ ഓപ്പണ്‍ മാര്‍കറ്റ് കമ്മിറ്റി (എഫ്ഒഎംസി) സെപ്റ്റംബറില്‍ ചേര്‍ന്ന യോഗത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് അനുകൂല തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് വിരുദ്ധമായി ഡിസംബറില്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വലിയതോതിലുള്ള വിപണി പ്രതീക്ഷകളാണ് അരങ്ങ് തകര്‍ക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനായ മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിച്ചു.

Comments

comments

Categories: Slider, Top Stories