സ്പാനിഷ് ലീഗ്: വമ്പന്മാര്‍ വിജയിച്ചു

സ്പാനിഷ് ലീഗ്:  വമ്പന്മാര്‍ വിജയിച്ചു

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകള്‍ക്ക് ജയം. പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ അലാവ്‌സിനെയാണ് റയല്‍ മാഡ്രിഡ് തകര്‍ത്തത്. അതേസമയം, രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് മലാഗയെയും എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സലോണ ഗ്രനാഡയെയും പരാജയപ്പെടുത്തി.

അലാവ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനുറ്റില്‍ തന്നെ ഗോള്‍ കണ്ടെത്തി ആതിഥേയര്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ ഞെട്ടിച്ചു. എന്നാല്‍ ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയ റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ 17-ാം മിനുറ്റില്‍ തൊടുത്ത പെനാല്‍റ്റിയിലൂടെ സമനില ഗോള്‍ കണ്ടെത്തി.

മുപ്പത്തി മൂന്ന്, എണ്‍പത്തിയെട്ട് മിനുറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മറ്റ് ഗോളുകള്‍. ഇതിനിടെ സൂപ്പര്‍ താരം ഒരു പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. റയല്‍ മാഡ്രിഡിനായി ഇരുപത് വ്യത്യസ്ത ക്ലബുകള്‍ക്കെതിരെ ഹാട്രിക്ക് നേടുന്ന ഫുട്‌ബോളര്‍ എന്ന റെക്കോര്‍ഡും അലാവ്‌സിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കി.

എണ്‍പത്തി നാലാം മിനുറ്റില്‍ അല്‍വാരോ മൊറാറ്റയിലൂടെയായിരുന്നു റയലിന്റെ മറ്റൊരു ഗോള്‍. ലാ ലിഗയുടെ ഈ സീസണില്‍ ഹോം ഗ്രൗണ്ടിലെ അലാവ്‌സിന്റെ അപരാജിത കുതിപ്പിനാണ് ഇതോടെ അവസാനമായത്. പത്ത് മത്സരങ്ങളില്‍ നിന്നും 24 പോയിന്റുള്ള റയല്‍ മാഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്.

കരാസ്‌കോ, ഗമെയ്‌റോ എന്നീ താരങ്ങള്‍ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് മാലാഗയെ പരാജയപ്പെടുത്തിയത്. റാമിറെസ്, കമാചോ എന്നിവരാണ് മാലാഗയുടെ ഗോള്‍ സ്‌കോറര്‍മാര്‍. മത്സരത്തില്‍ അത്‌ലറ്റിക്കോയുടെ സാവിച് 60-ാം മിനുറ്റിലും മലാഗയുടെ കാസ്‌ട്രോ 88-ാം മിനുറ്റിലും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

മത്സരത്തിന്റെ 48-ാം മിനുറ്റില്‍ റഫീഞ്ഞോ നേടിയ ഗോളിലാണ് ബാഴ്‌സലോണ ഗ്രനാഡയെ മറികടന്നത്. സൂപ്പര്‍ താരം നെയ്മറുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങവെ റഫീഞ്ഞോ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ബാഴ്‌സലോണ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ നെയ്മറും സുവാരസും നിരവധി തവണ ഗോളിനരികിലെത്തിയെങ്കിലും പന്ത് വലയിലാക്കാന്‍ സാധിച്ചില്ല.

ലാ ലിഗയിലെ മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് ഗിജോണും സെവിയ്യയും 1-1 സമനിലയില്‍ പിരിഞ്ഞു. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ ലീഗിലെ പത്ത് മത്സരങ്ങളില്‍ നിന്നും യഥാക്രമം 22, 21 പോയിന്റുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. 21 പോയിന്റുള്ള സെവിയ്യയാണ് നാലാമത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 19 പോയിന്റുള്ള വിയ്യാ റയല്‍ മുന്‍ നിരക്കാര്‍ക്ക് ഭീഷണിയായി തൊട്ടുപിന്നിലുണ്ട്.

Comments

comments

Categories: Sports