കേരളത്തിലെ 15,000 സ്‌കൂളുകളുടെ വിവരങ്ങളുമായി സ്‌കൂള്‍വിക്കി

കേരളത്തിലെ 15,000 സ്‌കൂളുകളുടെ വിവരങ്ങളുമായി സ്‌കൂള്‍വിക്കി

 
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംരംഭമായ ഐടി@സ്‌കൂള്‍ തയാറാക്കുന്ന സ്‌കൂള്‍വിക്കി കേരളപ്പിറവി ദിനത്തില്‍ നവീകരിച്ച് വീണ്ടും പുറത്തിറക്കുന്നു. പുതിയ സ്‌കൂള്‍വിക്കിയില്‍ കേരളത്തിലെ 15,000 സ്‌കൂളുകളുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിക്കിപീഡിയ മാതൃകയില്‍ 2009 കേരളപ്പിറവി ദിനത്തിലാണ് സ്‌കൂള്‍വിക്കി എന്ന സംരംഭം ഐടി@സ്‌കൂള്‍ ആരംഭിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടെഷന്‍ തയാറാക്കിയ വിക്കിമീഡിയ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് സ്‌കൂള്‍ വിക്കി തയാറാക്കിയിരിക്കുന്നത്.
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സ്‌കൂള്‍വിക്കിയിലേക്ക് ഉള്ളടക്കശേഖരണം നടത്തിയിരിക്കുന്നത്. ഇത് പൂര്‍ണമായും മലയാളത്തിലാണ്. സ്‌കൂളുകളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡാറ്റ, പൂര്‍വവിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിവരങ്ങള്‍, സ്‌കൂള്‍ വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍, സ്‌കൂളുകളിലെ പലവിധ ക്ലബുകള്‍ ഫോറങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവയും സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും സ്‌കൂള്‍വിക്കിയില്‍ ഓരോ സ്‌കൂളുകള്‍ക്കും ഉള്‍പ്പെടുത്താവുന്നതാണ്. അതനുസരിച്ച് എല്ലാ സ്‌കൂളുകളുടെയും കൃത്യമായ ഭൂപടം സ്വതന്ത്ര പ്ലാറ്റ്‌ഫോം ആയ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ ലഭ്യമാകും.

സ്‌കൂള്‍വിക്കി പ്രയോജനപ്പെടുത്തുകയും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന സ്‌കൂളുകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
ജില്ലാ അടിസ്ഥാനത്തില്‍ അഡ്മിന്‍, വിക്കി കോമണ്‍സിലെ ചിത്രങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം, വിക്കി എഡിറ്റര്‍, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരച്ചില്‍ എന്നീ പുതിയ സൗകര്യങ്ങള്‍ നവീകരിച്ച സ്‌കൂള്‍വിക്കിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ അവരുടെ സ്‌കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് അതാത് ജില്ലകളുടെ കീഴില്‍ അവര്‍ക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കവിയുന്ന രീതിയിലാണ് സ്‌കൂള്‍വിക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്‌കൂള്‍വിക്കിയില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും നിരീക്ഷിക്കാനുമായി വിദ്യാഭ്യാ ജില്ല തിരിച്ച് അഡ്മിനുകളുടെ സേവനം ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഐടി@സ്‌കൂള്‍ പ്രൊജക്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.

Comments

comments

Categories: Education, Slider

Related Articles