സംതൃപ്തമായ യാത്രകള്‍

സംതൃപ്തമായ യാത്രകള്‍

വിശുദ്ധനാടുകളിലേക്ക് യാത്ര ചെയ്യാത്ത വൈദികര്‍ നന്നേ ചുരുക്കമായിരിക്കും. യാത്രയ്ക്കിടയില്‍ തങ്ങള്‍ക്കു ലഭിക്കുന്ന അനുഭവങ്ങള്‍ അവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാറുമുണ്ട്. എന്നാല്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഇത്തരം യാത്രകള്‍ക്കുള്ള അവസരം ഒരുക്കിക്കൊടുക്കാന്‍ പലരും തയാറാകില്ല. അവിടെയാണ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതനായ ഫാ. സ്ലീബാ കാട്ടുമങ്ങാട്ട് വ്യത്യസ്തനാകുന്നത്. തനിക്ക് ലഭിച്ച അനുഭവം മറ്റുള്ളവരിലേക്ക് എത്തിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. 1980-കളുടെ അവസാന കാലത്തായിരുന്നു ഇന്ത്യയില്‍ നിന്ന് വിശുദ്ധ നാടുകളിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്രകള്‍ തുടങ്ങുന്നത്. എങ്കിലും യാത്രക്കാരുടെയും യാത്രകളുടെയും എണ്ണം നന്നേകുറവും ചെലവ് വളരെ കൂടുതലുമായിരുന്നു. 1991-ല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഇടവകകളിലെ വികാരിമാരോട് ഫാ. സ്ലീബാ തന്റെ ആശയം പങ്കുവച്ചു. ഇതിനാകട്ടെ മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് അദ്ദേഹത്തിന് ലഭിച്ചത്. വിശുദ്ധനാട് യാത്രയെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലാണ് സ്ഥാപനത്തിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ആളുകള്‍ക്ക് മുളന്തുരുത്തിയിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് മെട്രോ നഗരമായ കൊച്ചിയിലേക്ക് ഇത് പറിച്ചുനടുകയായിരുന്നു. കൊച്ചിയില്‍ ഓഫീസായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ജീവനക്കാരെ നിയമിക്കേണ്ടി വന്നു. അതായിരുന്നു റോയല്‍ ഒമാനിയ ടൂര്‍സ് എന്ന സ്ഥാപനത്തിന്റെ തുടക്കം. 1994-ല്‍ തുടക്കമിട്ട സ്ഥാപനം ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി മാറാന്‍ അധികകാലം വേണ്ടി വന്നില്ല. ഒമാനില്‍ വൈദികനായി സേവനമനുഷ്ഠിച്ചിട്ടുള്ളതിനാല്‍ സ്ഥാപനം തുടങ്ങിയപ്പോള്‍ മറ്റൊരു പേര് ഫാ. സ്ലീബയ്ക്ക് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് ഒമാനിയ എന്ന പേരില്‍ തന്റെ ട്രാവല്‍സിന് അദ്ദേഹം തുടക്കമിട്ടത്. എന്നാല്‍ ഒമാന്‍ എയര്‍ലൈന്‍സുമായി സാമ്യമുള്ള പേരാണ് ഇതെന്നതിനാല്‍ പേരില്‍ പിന്നീട് മാറ്റം വരുത്തുകയായിരുന്നു. അങ്ങനെയാണ് റോയല്‍ പേരിനൊപ്പം ചേരുന്നത്.

വര്‍ഷത്തില്‍ രണ്ടോ, മൂന്നോ യാത്രകളായിരുന്നു തുടക്കകാലങ്ങളില്‍ റോയല്‍ ഒമാനിയയില്‍ നിന്ന് നടത്തിയിരുന്നത്. ചെലവു കുറഞ്ഞ ടൂറുകളുമായിരുന്നു അവ. മുപ്പത് പേരുമായി ഇസ്രായേലിലേക്കുള്ള ഒരാഴ്ചത്തെ ടൂര്‍ ആയിരുന്നു റോയല്‍ ഒമാനിയ ആദ്യമായി നടത്തിയത്. വിശുദ്ധനാടുകളിലേക്കുള്ള തീര്‍ത്ഥാടന യാത്രകള്‍ ഏഷ്യയില്‍ തന്നെ ആരംഭിക്കുന്നത് റോയല്‍ ഒമാനിയയില്‍ നിന്നായിരുന്നു. പിന്നീട് റോയല്‍ ഒമാനിയയെ കാത്തിരുന്നത് വളര്‍ച്ചയുടെ കാലങ്ങളായിരുന്നു. കമ്പനി വളര്‍ന്നതോടെ കൂടുതലാളുകളെ നിയമിക്കേണ്ടത് അനിവാര്യമായി. അവര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കാന്‍ വിശുദ്ധനാട് യാത്ര മാത്രം നടത്തിയാല്‍ മതിയാവില്ലെന്നു വന്നു. ഇതാണ് എല്ലാതരത്തിലുമുള്ള യാത്രകള്‍ നടത്താന്‍ റോയല്‍ ഒമാനിയയെ തെരഞ്ഞെടുക്കാന്‍ കാരണം. ഒരു മാസം ഏഴോളം യാത്രകളാണ് റോയല്‍ ഒമാനിയ എന്ന സ്ഥാപനത്തില്‍ നിന്ന് ഇവര്‍ നടത്തുന്നത്. കേരളത്തിലും മറ്റുനാടുകളിലുമുള്ള ക്രൈസ്തവര്‍ക്കായാണ് സ്ഥാപനം തുടങ്ങിയതെങ്കിലും ഗള്‍ഫ് നാടുകളിലെ പ്രവാസികളും ഇതര മതവിഭാഗത്തില്‍പ്പെട്ടവരും ഇത്തരം യാത്രകളില്‍ പങ്കാളികളാകുന്നതിലൂടെ എല്ലാ മതങ്ങള്‍ക്കിടയിലുമുള്ള സാഹോദര്യം വര്‍ധിപ്പിക്കാനാവുന്നുണ്ട്.
സ്ഥാപിതമായി 22 വര്‍ഷം പിന്നിടുമ്പോഴേക്കും ആയിരക്കണക്കിനാളുകള്‍ക്ക് സംതൃപ്തമായ യാത്രകള്‍ സമ്മാനിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഫാ. സ്ലീബാ കാട്ടുമങ്ങാട്ടും അണിയറ പ്രവര്‍ത്തകരും. കുടുംബത്തില്‍ നിന്നു ലഭിച്ച പൂര്‍ണ പിന്തുണയാണ് സ്ഥാപനം തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. ”ആദ്യകാലങ്ങളില്‍ റോയല്‍ ഒമാനിയയില്‍ ടിക്കറ്റിംഗ് സൗകര്യങ്ങളുണ്ടായിരുന്നില്ല. മറ്റാളുകളില്‍ നിന്നും ടിക്കറ്റ് വാങ്ങുകയാണ് ചെയ്തിരുന്നത്. ഇതിന് ചെലവ് കൂടുതലുമായിരുന്നു. ആദ്യം ട്രാവല്‍സില്‍ ടൂര്‍ ബുക്ക് ചെയ്ത ആളില്‍ നിന്ന് പി
ന്നീട് പണം വാങ്ങാനാവില്ല. ഇത് നഷ്ടമുണ്ടാക്കിയിരുന്നു,” ഫാ.സ്ലീബാ കാട്ടുമങ്ങാട്ട് പറയുന്നു. ഒരു വൈദീകനാണ് എന്നതുകൊണ്ടു തന്നെ മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്തിയാല്‍ അത് പറഞ്ഞ് തിരുത്താന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുവാണ് എന്നും തനിക്ക് മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
”ഇന്ന് ആരെങ്കിലും ഒരു ബിസിനസ് ആരംഭിച്ച് അത് വിജയിച്ചുവെന്നു കണ്ടാല്‍ ആ മാതൃകയില്‍ അതുപോലുള്ള ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുകയാണ് കൂടുതലാളുകളും ചെയ്യുന്നത്. ഇത് ബിസിനസ് മേഖലയില്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു,” ഫാ. സ്ലീബാ പറയുന്നു. മാത്രമല്ല, വിദേശികളോടുള്ള മലയാളികളുടെ സമീപനത്തിലും മാറ്റം വരേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അവശ്യ സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതിനു പകരം അവഗണിക്കുകയാണ് പല മലയാളികളും ചെയ്യുന്നതെന്നും ഫാ.സ്ലീബാ കാട്ടുമങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു.
റോയല്‍ ഒമാനിയ എന്ന ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോഴും തനിക്ക് ഇപ്പോഴും ഒരു ബിസിനസുകാരനാവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ വൈദികവൃത്തിയോടൊപ്പം സ്ഥാപനവും മികച്ച രീതിയില്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ”ജീവിതത്തില്‍ ഏത് പ്രതിസന്ധികള്‍ വന്നാലും അതിനെ നേരിടാനാവുകയെന്നതാണ് പ്രധാനം. അതു തന്നെയാണ് പ്രതിസന്ധികള്‍ അഭിമുഖീകരിക്കാനുള്ള ധൈര്യം തരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ശക്തി നമ്മളിലുണ്ട്. ഓരോ മതവിശ്വാസികളിലും ആ ശക്തി വ്യത്യസ്തമാണ്,” താന്‍ എങ്ങിനെയാണ് പ്രതിസന്ധികളെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇസ്രായേലിലേക്കുള്ള ആയിരം ട്രിപ്പുകള്‍ കഴിഞ്ഞപ്പോള്‍ അവിടുത്തെ വിദേശകാര്യ മന്ത്രാലയം ഫാ. സ്ലീബായ്ക്ക് അവാര്‍ഡും നല്‍കിയിരുന്നു. ഇത്തരം യാത്രകള്‍ നടത്തുന്നതിലൂടെ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലായിരുന്നു ഈ അവാര്‍ഡ് അച്ചന് നല്‍കിയത്. ഭാര്യയുടെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ഈ മേഖലയില്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ഫാ.സ്ലീബാ പറയുന്നു. മകന്‍ ജോസ് സ്ലീബാ, ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഒപ്പം കമ്പനിയുടെ ഇസ്രായേലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പി
ടിക്കുന്നതും അദ്ദേഹമാണ്. ഭാര്യ സലിയും റോയല്‍ ഒമാനിയയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.
ഇതിനോടകം വിശുദ്ധനാടുകള്‍, യൂറോപ്പ്, ചൈന, സിംഗപ്പൂര്‍, മലേഷ്യ, ദുബായ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 1800 ഓളം ഗ്രൂപ്പുകള്‍ക്ക് റോയല്‍ ഒമാനിയ സേവനം നല്‍കിക്കഴിഞ്ഞു. ഇരുപതോളം പാക്കേജുകളിലായി വര്‍ഷംതോറും നിരവധി ടൂറുകളാണ് റോയല്‍ ടൂര്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ഒരു വൈദികന്റെ നേതൃത്വത്തില്‍ തുടങ്ങിയ റോയല്‍ ഒമാനിയ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് സംതൃപ്തമായ യാത്രകള്‍ സമ്മാനിച്ച് വിജയകരമായി തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.

Comments

comments

Categories: FK Special