ദേശീയ ബ്രാന്‍ഡാകാന്‍ കിറ്റ്‌കോ

ദേശീയ ബ്രാന്‍ഡാകാന്‍ കിറ്റ്‌കോ

0ca5077പതിനെട്ട് പാലങ്ങള്‍, പൂര്‍ത്തിയാകാന്‍ പോവുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മഞ്ചേരി മെഡിക്കല്‍ കോളേജ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വികസനം. കേരളത്തില്‍ വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ട ഈ പ്രൊജക്ടുകളുടെയെല്ലാം അമരത്ത് കിറ്റ്‌കോ (കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍) എന്ന സ്ഥാപനവും ആറ് വര്‍ഷമായി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ സിറിയക് ഡേവിസിന്റെ നേതൃപാടവവും ഉണ്ടായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ കിറ്റ്‌കോയിലെത്തിയ സിറിയക് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ സ്പന്ദനങ്ങള്‍ ഓരോന്നും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള വ്യക്തികൂടിയാണ്. രാജ്യത്തെ തന്നെ മികച്ച പൊതുമേഖലാ സ്ഥാപനമായി കിറ്റ്‌കോ മാറിയതിനുപിന്നില്‍ അദ്ദേഹത്തിന്റെ സജീവ ഇടപെടലുമുണ്ടായിരുന്നു. 60 കോടി ടേണോവറുള്ള സ്ഥാപനമാക്കി കിറ്റ്‌കോയെ മാറ്റിയത് സിറിയക് ഡേവിസ് ഡയറക്ടറായിരുന്ന കാലത്താണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി സിവില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള സിറിയക് ഡേവിസിനെ ആര്‍ക്കിടെക്ച്ചര്‍, ഡിസൈനിംഗ് മേഖലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കിറ്റ്‌കോയിലെത്തിച്ചത്. പഠനത്തിനുശേഷം 1982-ല്‍ കിറ്റ്‌കോയില്‍ ട്രെയിനിയായി തുടക്കമിട്ട പ്രവര്‍ത്തനങ്ങളാണ് ഇന്ന് അദ്ദേഹത്തെ കിറ്റ്‌കോ എംഡി എന്ന പദവിയില്‍ വരെ എത്തിച്ചിരിക്കുന്നത്.

unnamed-5സംസ്ഥാന സര്‍ക്കാര്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിക്കായി തുടക്കമിട്ട കിറ്റ്‌കോ ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ പദ്ധതികളുമായി ദേശീയ ബ്രാന്‍ഡാകാനുള്ള തയാറെടുപ്പിലാണ്. വിവിധ എയര്‍പോര്‍ട്ടുകള്‍, വ്യവസായ പാര്‍ക്കുകള്‍, ഹൈവേകളും പാലങ്ങളും, ടൂറിസം പദ്ധതികള്‍, ഗോള്‍ഫ് കോഴ്‌സുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ കിറ്റ്‌കോ നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 1972-ല്‍ വ്യവസായമേഖലയ്ക്കു വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍, ഐഡിബിഐ, വിവിധ പൊതുമേഖലാ ബാങ്കുകള്‍ അടങ്ങുന്ന ക്ലസ്റ്ററുകള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് കിറ്റ്‌കോയ്ക്കു തുടക്കമിട്ടത്. ദേശീയതലത്തില്‍ ഏറെ ശ്രദ്ധ നേടാനായതാണ് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമായി സിറിയക് ഡേവിസ് ചൂണ്ടിക്കാട്ടുന്നത്. കിറ്റ്‌കോ പോലുള്ള സ്ഥാപനങ്ങള്‍ കൂട്ടിയിണക്കി ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാനായത് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ആദ്യ ചെയര്‍മാന്‍ കൂടിയായിരുന്നു സിറിയക് ഡേവിസ്. കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്രത്തോളം സജീവമായില്ലെങ്കില്‍പോലും ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ പോലും സ്ഥാപനത്തിന്റെ പേര് എത്തിക്കാനും സ്വീകാര്യത നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ്, ഏവിയേഷന്‍ ആന്‍ഡ് മൊബിലിറ്റി ഹബ്ബ്, ടൂറിസം, ലഷര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, പ്രോസസ് എന്‍ജിനീറിംഗ് പോര്‍ട്ട്‌സ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ്, ടെക്‌നിക്കല്‍ സര്‍വീസ് മാനേജ്‌മെന്റ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ എല്ലാ മേഖലകളിലും ശക്തമായ സാന്നിധ്യമാകാന്‍ കിറ്റ്‌കോയ്ക്ക് കഴിഞ്ഞു. ഐടി മേഖല കേന്ദ്രീകരിച്ച് നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കേരളത്തില്‍ വിജയകരമായ തേരോട്ടം തുടരുമ്പോള്‍ ഈ രംഗത്തേക്കുകൂടി ചുവടുവയ്ക്കാന്‍ സ്ഥാപനം ശ്രമിച്ചിട്ടുണ്ട്. ”സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം, വിപണിയിലേക്കുള്ള പ്രവേശനം തുടങ്ങിയവയും നിയമപരമായ സേവനങ്ങളും ഉറപ്പുവരുത്താന്‍ കിറ്റ്‌കോ ശ്രമിക്കുന്നുണ്ട്. ഇപ്പോഴത്തെ മാറിയ സാഹചര്യത്തില്‍ ഫണ്ടിംഗിനായി ഭൂരിഭാഗം പേരും എയ്ഞ്ചല്‍ ഫണ്ടിംഗ്, ക്രൗഡ് ഫണ്ടിംഗ് തുടങ്ങിയ മേഖലകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇവ ഐടി മേഖലയിലുള്ളവര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ മറ്റ് മേഖലകളിലുള്ളവര്‍ക്ക് ഇവയെക്കുറിച്ചൊന്നും കൃത്യമായ ധാരണയില്ല. ഇതോടൊപ്പം തന്നെ മാര്‍ക്കറ്റിംഗിലെ ന്യൂജനറേഷന്‍ സാധ്യതകളും ഇവര്‍ പ്രയോജനപ്പെടുത്തുന്നില്ല. പല മേഖലകളിലും ഇനിയും ഇന്നവേഷന്‍ വരാനുണ്ട്. സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫണ്ടിംഗിന്റെ സാധ്യതകളെക്കുറിച്ചും മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്നത്തിന്റെ ഡിസൈനിംഗ് തുടങ്ങി ബിസിനസില്‍ അവലംബിക്കേണ്ട എ ടു സഡ് കാര്യങ്ങളെക്കുറിച്ചുമുള്ള അവബോധം ഞങ്ങള്‍ നല്‍കുന്നുണ്ട്,” സിറിയക് ഡേവിസ് പറയുന്നു.

unnamed-3കിറ്റ്‌കോയിലെ ജീവനക്കാരെല്ലാം വളരെ ആത്മാര്‍ത്ഥമായാണ് എക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ താന്‍ ഡയറക്ടറായെത്തിയപ്പോള്‍ നയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ അര്‍ത്ഥത്തിലും കമ്മിറ്റഡായ ഒരു ഓര്‍ഗനൈസേഷനെന്നാണ് അദ്ദേഹം തന്റെ സ്ഥാപനത്തെ വിശേഷിപ്പിക്കുന്നത്. വളര്‍ച്ച ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമാണ് അദ്ദേഹം സ്ഥാപനത്തിന് നല്‍കിയത്. സ്ഥാപനം ഈ വളര്‍ച്ച സ്വന്തമാക്കുകയും ചെയ്തു. ഒരു ഓര്‍ഗനൈസേഷനെ സംബന്ധിച്ച് മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.പ്രതിസന്ധികളെക്കുറിച്ച് മുന്‍കൂട്ടി ചിന്തിക്കണമെന്നും അങ്ങനെ ചെയ്താല്‍ അവ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ കൃത്യമായ തീരുമാനങ്ങളെടുക്കാനാവുമെന്നും സിറിയക് ഡേവിസ് ചൂണ്ടിക്കാട്ടുന്നു. വളരുന്ന സംരംഭകര്‍ക്ക് കേരളത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനത്തിന്റെ അമരക്കാരനെന്ന നിലയില്‍ നല്‍കാനുള്ള ഉപദേശം ഇതാണ്. സ്റ്റാര്‍ട്ടപ്പ് തുടങ്ങാനാണെങ്കിലും ബിസിനസുകള്‍ തുടങ്ങാനാണെങ്കിലും അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വെറും കൗതുകത്തിന്റെ പേരില്‍ മാത്രം ഒരു സംരംഭം തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെടരുത്. ബിസിനസില്‍ നിന്നുള്ള ലാഭം എത്രമാത്രമാണെന്ന് ചിന്തിക്കുകയല്ല മറിച്ച് അതിനെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താനുള്ള നടപടികളെക്കുറിച്ചു കൂടിയാണ് ചിന്തിക്കേണ്ടത്. സാങ്കേതികവിദ്യയിലെ മാറ്റം മുന്‍കൂട്ടിക്കാണാനുള്ള കഴിവും അനിവാര്യമാണ്. പെട്ടന്നുള്ള എടുത്തുചാട്ടത്തിന്റെ പേരില്‍ ചെയ്യേണ്ട കാര്യമല്ല ബിസിനസ്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായങ്ങള്‍ നല്‍കാനും ഒപ്പം തന്നെ ഇത്തരം കാര്യങ്ങളിലും അവബോധം നല്‍കാനും ഞങ്ങള്‍ ശ്രമിക്കാറുണ്ട്. സിറിയക് ഡേവിസ് കൂട്ടിച്ചേര്‍ക്കുന്നു.

അധികമാരും കാലെടുത്തുവച്ചിട്ടില്ലാത്ത പലമേഖലകളിലും കടന്നുചെന്ന് നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്വന്തം കാലയളവില്‍ കഴിഞ്ഞുവെന്നതാണ് സിറിയക് ഡേവിസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാനാവുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഗോള്‍ഫ് കളിയെ ജനകീയമാക്കുന്നതിലും കമ്പനി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. യൂറോപ്യന്‍ നിര്‍മാണ കമ്പനികള്‍ കുത്തകയാക്കി വച്ചിരുന്ന ഗോള്‍ഫ് കോഴ്‌സ് നിര്‍മാണ മേഖലയിലേക്ക് തനതായ ശൈലിയില്‍, അതേസമയം കുറഞ്ഞ ചെലവില്‍ ഗോള്‍ഫ് കോഴ്‌സ് ഒരുക്കിനല്‍കാന്‍ കിറ്റ്‌കോയ്ക്കു കഴിഞ്ഞത് ശ്രദ്ധേയമായ മുന്നേറ്റമായിരുന്നു. ഒമാനിലും മസ്‌കറ്റിലുമൊക്കെ കൂടുതല്‍ പദ്ധതികള്‍ നേടിക്കൊടുക്കാന്‍ ഇത് വഴിയൊരുക്കുകയും ചെയ്തു. കോതമംഗലം എംഎ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബിരുദം നേടിയ ശേഷം 1982-ല്‍ കിറ്റ്‌കോയില്‍ ‘യങ് പ്രൊഫഷണലായി’ ചേര്‍ന്ന സിറിയക് ഡേവിസ് കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്നു. ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊച്ചി മറീന, ചവറ കെ.എം.എം.എല്‍. ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ്, വൈറ്റില മൊബിലിറ്റി ഹബ്, മധ്യപ്രദേശിലേയും കേരളത്തില്‍ ഇടുക്കി പുറ്റടിയിലേയും സ്‌പൈസസ് പാര്‍ക്കുകള്‍ തുടങ്ങി കിറ്റ്‌കോയുടെ മുന്നൂറോളം എന്‍ജിനീയറിങ് പദ്ധതികളുടെ രൂപകല്‍പ്പന നിര്‍വഹിച്ചതും നേതൃത്വം നല്‍കിയതും സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദമുള്ള സിറിയക് ഡേവിസ് ആയിരുന്നു. സൗദി അറേബ്യ, ഒമാന്‍ തുടങ്ങി രാജ്യത്തിന് പുറത്തേക്ക് കിറ്റ്‌കോയുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കാനും സിറിയക് ഡേവിസ് നേതൃത്വം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK Special