ഹിജാബ് ധരിക്കണമെന്ന നിര്‍ദ്ദേശം: ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരം പിന്മാറി

ഹിജാബ് ധരിക്കണമെന്ന നിര്‍ദ്ദേശം:  ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരം പിന്മാറി

 

ബംഗളൂരു: ഇറാനിലെ ടെഹ്‌റാനില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരം ഹീന സിദ്ധു പിന്മാറി. മത്സരത്തില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന ഇറാന്‍ നിയമത്തില്‍ പ്രതിഷേധിച്ചാണ് ലോക മുന്‍ ഒന്നാം നമ്പര്‍ താരവും കോമണ്‍ വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവുമായ ഹീന സിദ്ധു ടൂര്‍ണമെന്റ് ബഹിഷ്‌കരിച്ചത്.

വിദേശികളെയും സഞ്ചാരികളേയും നിര്‍ബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അതിനാല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുകയാണെന്നുമാണ് ഇന്ത്യന്‍ താരം അറിയിച്ചത്. 2013ലും ഇതേ കാരണത്താല്‍ ഇറാനില്‍ നടന്ന മത്സരത്തില്‍ നിന്ന് ഹീന പിന്മാറിയിരുന്നു. ടൂര്‍ണമെന്റിനെത്തുന്ന വനിതാ താരങ്ങള്‍ ഹിജാബ് ധരിക്കണമെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ സംഘത്തിലെ മറ്റ് താരങ്ങള്‍ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഇറാന്റെ സംസ്‌കാരവും പാരമ്പര്യവും എപ്പോഴും ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങള്‍ക്ക് സ്വീകാര്യമായിരുന്നുവെന്ന് ദേശീയ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ് രനീന്ദര്‍ സിംഗും അറിയിച്ചു.

ഇറാനിയന്‍ ഷൂട്ടിങ് ഫെഡറേഷനുമായി നല്ല ബന്ധമാണുള്ളതെന്നും അവരുടെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന എയര്‍ഗണ്‍ ഷൂട്ടിംഗ് ടൂര്‍ണമെന്റില്‍ ഹീന സിദ്ധുവായിരുന്നു സ്വര്‍ണ മെഡല്‍ ജേതാവ്. ഹീന ഉള്‍പ്പെട്ട ടീം 17 മെഡലുകള്‍ നേടി ഓവറോള്‍ കീരിടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Sports