ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍, സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ആഴ്‌സണല്‍, സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് ജയം

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലൈസസ്റ്റര്‍ സിറ്റി ക്ലബുകള്‍ സമനില വഴങ്ങി. ആഴ്‌സണല്‍ സണ്ടര്‍ലാന്‍ഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ബ്രോമിനെയും തകതര്‍ത്തപ്പോള്‍ ക്രിസ്റ്റല്‍ പാലസിനെതിരെയായിരുന്നു ലിവര്‍പൂളിന്റെ ജയം.

സണ്ടര്‍ലാന്‍ഡിന്റെ തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ വിജയം കണ്ടത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു. ചിലിയുടെ അലക്‌സിസ് സാഞ്ചസും ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിരൂദും നേടിയ ഇരട്ട ഗോളുകളാണ് ഗണ്ണേഴ്‌സിന് മികച്ച വിജയമൊരുക്കിയത്. അലക്‌സിസ് സാഞ്ചസായിരുന്നു കളിയിലെ മികച്ച താരം.

പ്രീമിയര്‍ ലീഗ് സീസണിലെ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകള്‍ സ്വന്തമാക്കിയ സാഞ്ചസ് മൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനായ ഡേവിഡ് മോയസിന് കീഴില്‍ സണ്ടര്‍ലാന്‍ഡിന് ഈ സീസണില്‍ ഒരു ജയം പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.

സീസണിലെ ജയമറിയാത്ത ആറ് മത്സരങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി നേടുന്ന വിജയമായിരുന്നു വെസ്റ്റ്‌ബ്രോമിനെതിരായത്. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയും ഗുന്‍ഡോഗാന്‍ എന്നിവരുടെ ഇരട്ട ഗോള്‍ മികവിലാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയ് സ്വന്തമാക്കിയത്. ഇതോടെ സൂപ്പര്‍ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള ടീമില്‍ നേരിടുന്ന ജയമില്ലെന്ന സമ്മര്‍ദ്ദത്തിന് പരിഹാരമായി.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂളിന്റെ ജയം. മത്സരത്തിന്റെ 16-ാം മിനുറ്റില്‍ എമ്‌റെകാനിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. എന്നാല്‍ രണ്ട് മിനുറ്റിനകം മക് ആര്‍തറിലൂടെ ക്രിസ്റ്റല്‍ പാലസും ഗോള്‍ മടക്കി. സമനില പിടിച്ചു. 21-ാം മിനുറ്റില്‍ ദേജന്‍ ലോറനിലൂടെ ലിവര്‍പൂള്‍ വീണ്ടും ലീഡെടുത്തു.

ഗോളിനായി തീവ്ര ശ്രമം നടത്തിയ ക്രിസ്റ്റല്‍ പാലസിനെ 33-ാം മിനുറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ മക് ആര്‍തര്‍ ലിവര്‍പൂളിനൊപ്പമെത്തിച്ചു. എന്നാല്‍, 44-ാം മിനുറ്റില്‍ ജോയല്‍ മാറ്റിപ്പിന്റെ ഗോളില്‍ ലിവര്‍പൂള്‍ 3-2ന് മുന്നിലെത്തി. 71-ാം മിനുറ്റില്‍ ഫിര്‍മിനോയും ലിവര്‍പൂളിനായി വലകുലുക്കിയതോടെ യൂര്‍ഗന്‍ ക്ലോപ്പിന്റെ ടീം 4-2ന് ജയം സ്വന്തമാക്കി.

ബേണ്‍ലിയോട് ഗോള്‍ രഹിത സമനിലയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി 1-1ന്റെ സമനില വഴങ്ങിയത് ടോട്ടന്‍ ഹാമിനോടും. സ്വന്തം മൈതാനത്ത് നടന്ന കളിയില്‍ 44-ാം മിനുറ്റില്‍ ജാന്‍സെനെടുത്ത പെനാല്‍റ്റിയിലൂടെ ടോട്ടന്‍ഹാമാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ 48-ാം മിനുറ്റില്‍ അഹമ്മദ് മൂസ ലൈസസ്റ്ററിന്റെ തോല്‍വി ഒഴിവാക്കുകയായിരുന്നു.

പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ മിഡില്‍സ്ബറോ ബേണ്‍മൗത്തിനെയും (2-0) വാറ്റ്‌ഫോര്‍ഡ് ഹള്‍ സിറ്റിയെയും (1-0) പരാജയപ്പെടുത്തി. മിഡില്‍സ്ബറോയ്ക്ക് വേണ്ടി റാമിറെസും ഡൗണിംഗുമാണ് വല കുലുക്കിയത്. അതേസമയം, വാറ്റ്‌ഫോര്‍ഡിന്റെ ജയം എതിര്‍ ടീമിലെ കളിക്കാരനില്‍ നിന്നുണ്ടായ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു.

പത്ത് മത്സരങ്ങളില്‍ നിന്നും 23 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ലിവര്‍പൂള്‍ എന്നീ ടീമുകളാണ് പോയിന്റ് പട്ടികയില്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇരുപത് പോയിന്റുള്ള ടോട്ടന്‍ഹാമാണ് നാലാമത്. ഹോസെ മൗറീഞ്ഞോയുടെ പരിശീലനത്തിന്‍ കീഴിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാമതും 12 പോയിന്റുമായി ലൈസസ്റ്റര്‍ സിറ്റി പതിനൊന്നാം സ്ഥാനത്തുമാണ്.

Comments

comments

Categories: Sports