സൈബര്‍ സുരക്ഷ: കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കു ഡിജറ്റല്‍ പരിരക്ഷ നല്‍കി ഹെമെന്‍ വിമദലാല്‍

സൈബര്‍ സുരക്ഷ:  കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കു ഡിജറ്റല്‍ പരിരക്ഷ നല്‍കി ഹെമെന്‍ വിമദലാല്‍

 

നൂതനമായ ആശയങ്ങളുടെ പിന്‍ബലത്താല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അനുകരണീയമായ ബിസിനസ് മാതൃക സൃഷ്ടിച്ച നിരവധി വ്യക്തികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തിലൊരു വ്യക്തിയാണ് ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ സിമിയോ സൊല്യൂഷന്‍സിന്റെ സ്ഥാപകനും സിഇഒയുമായ ഹെമെന്‍ വിമദലാല്‍. മുപ്പത്തിയാറുകാരനായ ഹെമെന്‍ രൂപം നല്‍കിയ കമ്പനി എട്ടുവര്‍ഷത്തിനുള്ളിലാണ് 1500 കോടി രൂപ മൂല്യമുള്ള സ്ഥാപനമായി മാറിയത്.

മുംബൈ സര്‍വകലാശാലയിലും യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹെമെന്‍ 2002ലാണ് കോര്‍പ്പറേറ്റ് രംഗത്തെ തിരിച്ചറിയല്‍ നടപടികള്‍ക്കു സഹായകമാകുന്ന വാവുവിന് രൂപം കൊടുക്കുന്നത്. അക്കാലത്ത് കമ്പനികളിലെ എച്ച്ആര്‍ വിഭാഗങ്ങള്‍ക്കു ജീവനക്കാരുടെ ചുമതലയ്ക്കനുസരിച്ച് മുഖ്യമായ ഡിജിറ്റല്‍ വിവരങ്ങള്‍ പരിമിതപ്പെടുത്താനുള്ള അറിവ് ഉണ്ടായിരുന്നില്ല. വാവുവിന്റെ ഉല്‍പ്പന്നമാണ് ഡിജിറ്റല്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന സംവിധാനം കോര്‍പ്പറേറ്റ് കമ്പനികളുടെ എച്ച്ആര്‍ വിഭാഗത്തിന് പരിചയപ്പെടുത്തിയത്. വാവുവിന്റെ വിജയകരമായ പ്രവര്‍ത്തനം അഞ്ചുവര്‍ഷത്തിനു ശേഷം 75 ദശലക്ഷം ഡോളറിന് സണ്‍ മൈക്രോസിസ്റ്റംസ് സ്ഥാപനം ഏറ്റെടുക്കുന്നതിന് കാരണമായി.

അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഉചിതമായ പ്രതിഫലം ലഭിച്ചതിനാല്‍ കുറച്ചു കാലത്തേക്ക് സംരംഭകരംഗത്ത് നിന്നു മാറാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ ബിസിനസ് പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷയാണ് അടുത്തതായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സിമിയോ സൊല്യൂഷന്‍സ് ജനിച്ചത്- ഹെമെന്‍ വിമദലാല്‍ വിശദമാക്കി. എട്ടുവര്‍ഷത്തിനുള്ളില്‍ വ്യക്തിഗതമായ തിരിച്ചറിയല്‍ സംവിധാനത്തിലൂടെ 60 ദശലക്ഷത്തോളം ജീവനക്കാര്‍ക്കു ഡിജിറ്റല്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം വിതരണം ചെയ്യാന്‍ സിമിയോ സൊല്യൂഷന്‍സിനു സാധിച്ചു. വിപണി നിരീക്ഷകരായ മാര്‍ക്കെറ്റ്‌സ് ആന്‍ഡ് മാര്‍ക്കെറ്റ്‌സ് നല്‍കുന്ന സൂചനയനുസരിച്ച് ആക്‌സെസ് മാനേജ്‌മെന്റ് മേഖലയുടെ വലിപ്പം നിലവിലെ 7.20 ബില്യണ്‍ ഡോളറില്‍ നിന്ന് 2020 ആകുമ്പോഴേക്കും 12.7 ബില്യണ്‍ ഡോളറായി വര്‍ധിക്കും.

വാര്‍ഷികമായി പുതുക്കാവുന്ന രീതിയിലാണ് വെബ് അധിഷ്ഠിത സേവനങ്ങള്‍ ആഗോളതലത്തില്‍ സിമിയോ സൊല്യൂഷന്‍സ് നല്‍കുന്നത്. സൈബര്‍ സുരക്ഷയെന്നാല്‍ കേവലം ഫയര്‍വാളുകളും ഗേറ്റ് വേകളും മാത്രമല്ലെന്ന് വിമന്‍ദലാല്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റ് തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും ഡിജിറ്റല്‍ വിവരങ്ങള്‍ മോഷ്ടിക്കപ്പെടാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് വിമദലാല്‍ പറഞ്ഞു. ഹെമെന്റെ പുതിയ ആശയം പിറവി കൊണ്ടത് ആഗോളസാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു. ജീവനക്കാരുടെ കൊഴിഞ്ഞു പോക്കും പിരിച്ചുവിടലും തുടര്‍ക്കഥയായ സമയത്ത് നിരവധി പ്രമുഖ കമ്പനികള്‍ സിമിയോ സൊല്യൂഷന്‍സിന്റെ സേവനങ്ങള്‍ ആവശ്യപ്പെട്ട് മുന്നോട്ടു വന്നു. ഇന്ന് ലോകവ്യാപകമായി നെറ്റ്‌വര്‍ക്ക് സുരക്ഷയേക്കാള്‍ തിരിച്ചറിയല്‍ സംവിധാനത്തിന്റെ സംരക്ഷണത്തിലൂടെയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വിഭവങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന അടിസ്ഥാന തത്വം ഹെമെന്‍ സിമിയോ സൊല്യൂഷന്‍സിലൂടെ പ്രചരിപ്പിക്കുന്നു.

സൈബര്‍ മോഷണം നെറ്റ് വര്‍ക്ക് കൈകാര്യം ചെയ്യുന്നതില്‍ ഒതുങ്ങുന്നതല്ലെന്നും ഏതെങ്കിലും കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഫോണ്‍കോള്‍ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ പോലും ഹാക്കര്‍മാര്‍ക്ക് തങ്ങളുടെ പദ്ധതി എളുപ്പമുള്ളതാക്കി തീര്‍ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 30 ഓളം ഇതര കമ്പനികള്‍ ഉണ്ടെങ്കിലും സിമിയോയ്ക്കാണ് വിപണിയില്‍ മേല്‍ക്കയ്യെന്ന് ആക്‌സിലോര്‍ വെഞ്ച്വേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി ഗണപതി വ്യക്തമാക്കി. വെളിപ്പെടുത്താത്ത വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ മുഖാന്തരമാണ് നിക്ഷേപസമാഹരണം സിമിയോ സൊല്യൂഷന്‍സ് സാധിച്ചിട്ടുള്ളത്. 50 മില്യണ്‍ ഡോളറിലധികം വരുമിതെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Categories: Branding