ഇ-കൊമേഴ്‌സ്: ഉത്സവസീസണില്‍ കാഷ്ബാക്ക് ഓഫറുകള്‍ക്ക് മികച്ച പ്രതികരണം

ഇ-കൊമേഴ്‌സ്:  ഉത്സവസീസണില്‍ കാഷ്ബാക്ക് ഓഫറുകള്‍ക്ക് മികച്ച പ്രതികരണം

 

ന്യൂഡെല്‍ഹി: ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവസീസണില്‍ കാഷ്ബാക്ക് ഓഫറുകളും കൂപ്പണുകളുമാണ് വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്. വന്‍തോതിലുള്ള വിലക്കിഴിവുകളേക്കാള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് ഇത്തരം ഓഫറുകളാണെന്ന് വിപണിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാഷ് ബാക്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ 600 ശതമാനം വര്‍ധന ഉണ്ടായിട്ടുള്ളതായി ഷോപ്പ് ക്ലൂസിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ നിതിന്‍ അഗര്‍വാള്‍ വ്യക്തമാക്കി. ഇത്തവണത്തെ ഉത്തവസീസണില്‍ രാജ്യത്തെ പല ബാങ്കുകളും നിരവധി ഇ-കൊമേഴ്‌സ് കമ്പനികളുമായി സഹകരിച്ചിരുന്നു. ഷോപ്പ് ക്ലൂസ് മാത്രം ഐസിഐസിഐ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് അമെക്‌സ് മുതലായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വിപണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. ബാങ്കുകളിലൂടെയുള്ള കാഷ് ബാക്ക് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം പരിമിതമായിരുന്നുവെന്ന് നിതിന്‍ അഗര്‍വാള്‍ സൂചിപ്പിച്ചു. ഈ വര്‍ഷം മുതലാണ് കാഷ് ബാക്ക് ഓഫറുകളിലൂടെ നേട്ടമുണ്ടാക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കായതെന്നും അദ്ദേഹം പറഞ്ഞു. ഇതര ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് മുതലായവയും സമാനമായി വിവധ ബാങ്കുകളുടെ കാര്‍ഡുകള്‍ മുഖേന ഉപഭോക്താക്കള്‍ക്ക് കാഷ് ബാക്ക് ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആക്‌സിസ് ബാങ്ക് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ചില്ലറവിപണന സ്ഥാപനങ്ങള്‍ക്കായി അഞ്ചു മുതല്‍ 10 ശതമാനം വരെ കാഷ്ബാക്ക് പദ്ധതികള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. മേക്ക് മൈ ട്രിപ്പ് പോലുള്ള യാത്രാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കായി 30 ശതമാനം വരെയാണ് ഇത്തരം സൗകര്യങ്ങള്‍ ആക്‌സിസ് ബാങ്ക് ലഭ്യമാക്കിയിരുന്നത്. 2000 രൂപ മുതല്‍ 20,000 രൂപ വരെയുള്ള പാക്കേജുകള്‍ക്കാണ് കാഷ്ബാക്ക് സൗകര്യമുണ്ടായിരുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 250 രൂപ മുതല്‍ 2500 രൂപ വരെ തിരിച്ചു ലഭിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ടെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്, പേമെന്റ് വിഭാഗം തലവന്‍ സംഗ്രാം സിംഗ് പറഞ്ഞു.

കാഷ്ബാക്ക്, കൂപ്പണ്‍ കമ്പനികളായ കാഷ്‌കാരോ, നിയര്‍യു, ക്രൗണിറ്റ് മുതലായ കമ്പനികള്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനയ്ക്ക് സാക്ഷ്യം വഹിച്ചു. ഓഫറുകളുടെ എണ്ണം വര്‍ധിച്ചതിനോടൊപ്പം കാഷ്ബാക്ക് സൗകര്യത്തിന് മാനദണ്ഡങ്ങളിലും കുറവുണ്ടായിട്ടുണ്ടെന്ന് കാഷ്‌കാരോയുടെ സഹസ്ഥാപക സ്വാതി ഭാര്‍ഗവ സൂചിപ്പിച്ചു. മൊബീല്‍, കംപ്യൂട്ടര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ യഥാക്രമം 30,40 ശതമാനം വര്‍ധനയ്ക്ക് കാഷ്‌കാരൊ സാക്ഷ്യം വഹിച്ചതായി സ്വാതി ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding