ബുന്ദസ് ലിഗയില്‍ ബയണ്‍ മ്യൂണിക് മുന്നേറ്റം

ബുന്ദസ് ലിഗയില്‍ ബയണ്‍ മ്യൂണിക് മുന്നേറ്റം

 

മ്യൂണിക്: ജര്‍മന്‍ ബുന്ദസ് ലിഗയിലെ എഫ്‌സി ഓഗ്‌സ്ബര്‍ഗിനെതിരായ എവേ മത്സരത്തില്‍ ബയണ്‍ മ്യൂണിക്കിന് ജയം. പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയണ്‍ മ്യൂണിക്ക് ഓഗ്‌സ്ബര്‍ഗിനെ തകര്‍ത്തത്. ഹോളണ്ട് താരം ആര്യന്‍ റോബനാണ് ബയണിന്റെ മറ്റൊരു ഗോളിനുടമ.

മത്സരത്തിന്റെ പത്തൊന്‍പത്, 48 മിനുറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍. ആര്യന്‍ റോബന്‍ വലകുലുക്കിയത് 21-ാം മിനുറ്റിലും. 67-ാം മിനുറ്റില്‍ കൂയ ഷിയോലാണ് ആതിഥേയ ടീമിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഈ സീസണിലെ ഒന്‍പത് ബുന്ദസ് ലിഗ മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കിയുടെ സമ്പാദ്യം.

മറ്റ് മത്സരങ്ങളില്‍ ബയര്‍ ലെവര്‍ക്യൂസന്‍ 2-1ന് വോള്‍സ്ബര്‍ഗിനെ പരാജയപ്പെടുത്തിയപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഷാല്‍ക്കെയോട് ഗോള്‍ രഹിത സമനില വഴങ്ങി. ബുന്ദസ് ലിഗയില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും 23 പോയിന്റുമായി ബയണ്‍ മ്യൂണിക്കാണ് ഒന്നാമത്. 21 പോയിന്റുള്ള ആര്‍ബി ലീപ്‌സിംഗ് രണ്ടാമതും എട്ട് മത്സരങ്ങളില്‍ നിന്നും 17 പോയിന്റുമായി ഹെര്‍ത ബെര്‍ലിന്‍ മൂന്നാം സ്ഥാനത്തുമാണ്.

Comments

comments

Categories: Sports