ഐപിഒ നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം

ഐപിഒ നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം

ന്യൂഡെല്‍ഹി: 2016ല്‍ ഓഹരിവിപണിയില്‍ വിവിധ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ -ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്)കളിലൂടെ നടന്ന നിക്ഷേപ സമാഹരണം 20,000 കോടി കടന്നതായി റിപ്പോര്‍ട്ട്. 2010 നു ശേഷമുള്ള റെക്കോഡ് ഐപിഒ ഫണ്ട് സമാഹരണമാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ 20 കമ്പനികളാണ് ഐപിഒ സംഘടിപ്പിച്ചത്. 20,217 കോടി രൂപയുടെ നിക്ഷേപ സമാഹരണം ഇവയില്‍ നിന്നെല്ലാമായി നടന്നെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ വര്‍ഷം വിവിധ മേഖലകളിലുള്ള കമ്പനികള്‍ ഐപിഒ വഴി ഓഹരി വില്‍പ്പന നടത്തിയിട്ടുണ്ട്. ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 6,000 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ട് ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. വില്‍പ്പനയ്ക്ക് വെച്ച ഓഹരികളേക്കാള്‍ ഏകദേശം പത്ത് മടങ്ങിലധികം ഓഹരികള്‍ക്ക് ഐസിഐസിഐ യുടെ ഐപിഒ യില്‍ ആവശ്യക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഇക്വിറ്റിസ് ഹോള്‍ഡിംഗ്‌സ്, ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ രണ്ട് ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെ ഐപിഒയ്ക്കും ഓഹരി വിപണി സാക്ഷ്യം വഹിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ്, ഇ-കൊമേഴ്‌സ് സംയുക്ത സംരംഭമായ ഇന്‍ഫിബീം ഐപിഒ സംഘടിപ്പിച്ചത്. അതായിരുന്നു ഇ-കൊമേഴ്‌സ് മേഖലയില്‍ നിന്നുള്ള ആദ്യ ഐപിഒ.

ഹെല്‍ത്ത്‌കെയര്‍ രംഗത്തു നിന്നും ഈ വര്‍ഷം രണ്ട് ഐപിഒ നടന്നിട്ടുണ്ട്. ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍, തൈറോകെയര്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളാണ് ഹെല്‍ത്ത്‌കെയര്‍ ഐപിഒയ്ക്ക് ഈ വര്‍ഷം വേദിയൊരുക്കിയത്. ഒരു ദശാബ്ദകാലത്തിനിടയ്ക്ക് സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ നടന്ന ആദ്യ ഐപിഒ ആണ് ആര്‍ബിഎല്‍ ബാങ്കിന്റേത്.
പഞ്ചാബ് നാഷണല്‍ ബാങ് 3000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് നടത്തിയ ഐപിഒ യ്ക്ക് 30 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് നിക്ഷേപകരില്‍ നിന്നു ലഭിച്ചത്. ഒക്‌റ്റോബര്‍ 26 മുതല്‍ 28 വരെയായിരുന്നു ഈ ഐപിഒ നടന്നത്.

Comments

comments

Categories: Slider, Top Stories