‘ഞങ്ങള്‍ പഠനത്തില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരും’

‘ഞങ്ങള്‍ പഠനത്തില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരും’

പുതിയ ഉല്‍പ്പന്നവുമായി വിദേശ വിപണികളിലേക്ക് കടക്കുമെന്നും കേരളത്തിലെ സംരംഭകത്വ സംസ്‌കാരത്തില്‍ മാറ്റം സംഭവിച്ചുവെന്നും ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍

കൊച്ചി: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ലഭിച്ച പുതിയ നിക്ഷേപത്തിന്റെ ബലത്തില്‍ ലോകത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ഉല്‍പ്പന്നം പുറത്തിറക്കുമെന്ന് ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. അടുത്തിടെയാണ് സുക്കര്‍ബര്‍ഗിന്റെ സിഎസ്ആര്‍ സംരംഭമായ ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് എഡുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 330 കോടി രൂപയുടെ ഫണ്ടിംഗ് സമാഹരിച്ചത്. സുക്കര്‍ബര്‍ഗ് ഏഷ്യയില്‍ നടത്തുന്ന ആദ്യ നിക്ഷേപമായിരുന്നു അത്.

പഠനം ലളിതവും വ്യക്ത്യാധിഷ്ഠവുമാക്കുന്ന ബൈജൂസ് ആപ്പ് പോലൊരു ഉല്‍പ്പന്നം അന്താരാഷ്ട്ര വിപണിയില്‍ ഇല്ലെന്നും ആ സാധ്യത തങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും ഫ്യൂച്ചര്‍ കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബൈജു പറഞ്ഞു. ആഗോള വിപണിയെ ലക്ഷ്യമിട്ടുള്ള അത്തരമൊരു ഉല്‍പ്പന്നം വികസിപ്പിക്കാനുള്ള വൈദഗ്ധ്യവും ഇന്നൊവേഷനും ഇന്ത്യന്‍ സംരംഭങ്ങള്‍ക്കുണ്ടെന്നും അഴീക്കോടുകാരനായ ബൈജു പറഞ്ഞു.

കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങളായി കേരളത്തില്‍ നിരവധി യുവസംരംഭകര്‍ സ്റ്റാര്‍ട്ടപ്പുകള്‍ വ്യാപകമായി തുടങ്ങുന്നുണ്ട്. സംരംഭകത്വത്തെക്കുറിച്ച് മലയാളികളുടെ മനസ്ഥിതിയില്‍ വന്ന മാറ്റവും സ്റ്റാര്‍ട്ടപ്പുകളുടെ വിജയവും ആയിരക്കണക്കിന് പേരെയാണ് സ്വന്തമായി സംരംഭം തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്-ബൈജു ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ ശ്രദ്ധേയമാകാന്‍ ശേഷിയുള്ള നിരവധി സംരംഭകരും ബ്രാന്‍ഡുകളും കേരളത്തില്‍ നിന്ന് പിറവിയെടുക്കുമെന്ന കാര്യത്തില്‍ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും ബൈജു പറഞ്ഞു. ബൈജൂസ് ആപ്പിലൂടെ പഠനത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ബൈജു.

അഭിമുഖത്തിന്റെ പൂര്‍ണരൂപത്തിന് ഇവിടെ ക്ലിക് ചെയ്യുക

Comments

comments