സത്യം ശിവം സുന്ദരം…

സത്യം ശിവം സുന്ദരം…

എസ് പി നമ്പൂതിരി

”നിങ്ങള്‍ സത്യത്തിലെത്തിച്ചേരുന്നത് കവിതയിലൂടെയാണ്. ഞാന്‍ കവിതയിലെത്തിച്ചേരുന്നത് സത്യത്തിലൂടെയാണ്.”- ജൌബേര്‍ട്ട്

യലാര്‍ രാമവര്‍മ്മയുടെ ജീവിതത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ചെറുതല്ലാത്ത ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നു തോന്നുന്നു. വയലാറിന്റെ അമ്മ ഗുരുവായൂരപ്പനെ ആരാധിച്ചിരുന്ന ഒരു ഉത്തമഭക്തയായിരുന്നു-സ്വന്തമാത്മാവിനെ ഒരു പൂജാമലരാക്കാന്‍ കൊതിച്ചിരുന്ന ഒരു കൃഷ്ണഭക്ത. വയലാര്‍ ആ നിലയിലൊരു ഭക്തനായിരുന്നില്ല. അതേസമയം, അമ്മയുടെ ഒരു ഭക്തനായിരുന്നു വയലാര്‍-അമ്മയോടുള്ള വയലാറിന്റെ സ്‌നേഹാദരങ്ങള്‍ ഈശ്വരഭക്തിക്കു തുല്യമായിരുന്നു. വയലാറിന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലാവണമെന്ന് തീരുമാനിച്ചത് അമ്മയായിരുന്നു. വയലാര്‍ സ്‌നേഹപൂര്‍വ്വം അതനുസരിക്കുകയും ചെയ്തു.

ചുരുക്കത്തില്‍ ഗുരുവായൂരപ്പന്റെ ഭക്തയുടെ ഭക്തനായിരുന്നു വയലാറെന്നു വേണമെങ്കില്‍ പറയാം. ഈശ്വര സങ്കല്‍പ്പം, ക്ഷേത്രാരാധന, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം യുക്തിഭദ്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്ന ഒരു ബുദ്ധിജീവിയായിരുന്നു വയലാറെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ യുക്തിചിന്തകള്‍ക്കുമപ്പുറം അമ്മ വയലാറിനൊരു ദൗര്‍ബല്യമായിരുന്നു. ഒരിക്കല്‍ അമ്മ വയലാറിനോടു പറഞ്ഞു: ”നീയേതെല്ലാം വിഷയങ്ങളെക്കുറിച്ച് പാട്ടെഴുതുന്നു. ഗുരുവായൂരപ്പനെക്കുറിച്ച് കുട്ടനൊരു പാട്ടെഴുതിക്കൂടെ? മേല്‍പ്പത്തൂരും പൂന്താനവുമൊക്കെ എഴുതിയത് നീ വായിച്ചിട്ടുമുണ്ടല്ലോ.” അമ്മയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന്‍ ബദ്ധകങ്കണനായ വയലാര്‍ ഗുരുവായൂരപ്പനെക്കുറിച്ചൊരു പാട്ടെഴുതി. യേശുദാസിന്റെ മധുരോദാരശബ്ദത്തിലൂടെ മലയാളികള്‍ മുഴുവന്‍ ആ ഗാനമാസ്വദിച്ചു: ”ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും ഗോപുരവാതില്‍ തുറക്കും ഞാന്‍ ഗോപകുമാരനെ കാണും.”

ഈ ഗാനത്തിന് മറ്റൊരര്‍ത്ഥതലവും പ്രസക്തിയും പ്രാധാന്യവും യാദൃച്ഛികമായി വന്നുചേര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം മോഹിച്ചിരുന്ന ഒരു ഗുരുവായൂരപ്പഭക്തനാണ് യേശുദാസ്. ക്ഷേത്രവേദിയില്‍ ഗുരുനാഥനായ ചെമ്പൈ വൈദ്യനാഥഭാഗവതരോടൊപ്പം പാടാനുദ്ദേശിച്ചിരുന്നതുമാണ്. വിവരമറിഞ്ഞ ദേവസ്വമധികൃതര്‍ യേശുദാസിന് ക്ഷേത്ര പ്രവേശനാനുവാദം നിഷേധിച്ചു. ഇതറിഞ്ഞ ചെമ്പൈ ആ പരിപാടി റദ്ദാക്കുകയും തൊട്ടടുത്തൊരു ക്ഷേത്രത്തില്‍ (തിരുവെങ്കിടം) അതേ സമയത്തുതന്നെ യേശുദാസിനോടൊപ്പം കച്ചേരി നടത്തുകയും ചെയ്തു. ക്ഷേത്രമതില്‍ക്കകത്ത് മനുഷ്യനെ ഹിന്ദുവെന്നും അഹിന്ദുവെന്നും വേര്‍തിരിക്കുന്ന അനാചാരത്തിനെതിരെ നടന്ന അതിശക്തമായ ഒരു പ്രതിഷേധ പ്രകടനവും കൂടിയായിത്തീര്‍ന്നു യേശുദാസിനെ ഒപ്പമിരുത്തിക്കൊണ്ട് നടത്തിയ ആ സംഗീതക്കച്ചേരി. യേശുദാസിനാണെങ്കില്‍ വയലാറിന്റെ വരികള്‍ പാടിയപ്പോള്‍ അത് സ്വന്തം വികാരം പ്രകടിപ്പിക്കുന്ന ഒരാത്മാവിഷ്‌കാരവുമായിത്തീര്‍ന്നു.

പില്‍ക്കാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ യേശുദാസിന് ദര്‍ശനാനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് വയലാര്‍ പല വേദികളിലും പ്രസംഗിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം നടത്തുന്ന കാര്യം ആലോചിക്കണമെന്നും അതില്‍ ഒരെളിയ സന്നദ്ധഭടനായി പങ്കെടുക്കാന്‍ തനിക്കഭിമാനമുണ്ടെന്നും വയലാര്‍ പ്രഖ്യാപിക്കുന്നതു കേള്‍ക്കാന്‍ ഈ ലേഖകനവസരമുണ്ടായിട്ടുണ്ട്. പക്ഷേ, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ക്കും യാഥാസ്ഥിതിക ചിന്താഗതിയുള്ളവര്‍ക്കും വയലാറിന്റെ അഭിപ്രായമുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍ വയലാറിന്റെ വാദമുഖങ്ങളെ ഖണ്ഡിക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. മണ്ഡലവ്രതമനുഷ്ഠിച്ച്, മല ചവിട്ടി ശബരിമലയില്‍ ദര്‍ശനം നടത്തുന്നയാളാണ് യേശുദാസ്. അദ്ദേഹത്തെ ഗുരുവായൂരിലെ ക്ഷേത്രഗോപുരത്തില്‍ തടയാനാര്‍ക്കാണ് അധികാരം? ഇതായിരുന്നു വയലാറിന്റെ ചോദ്യം.

സ്വന്തം പിറന്നാളിന് എല്ലാ വര്‍ഷവും മൂകാംബികയില്‍ പോയി ക്ഷേത്രദര്‍ശനം നടത്തുകയും അവിടെ നാദോപാസന എന്ന നിലയില്‍ സംഗീത ക്കച്ചേരി നടത്തുകയും ചെയ്യുന്നയാളാണ് യേശുദാസ്. യേശുദാസാണ് ശരിയായ ഹിന്ദുവെന്നും ക്ഷേത്രവ്യാപാരികള്‍ കപട ഹിന്ദുക്കളാണെന്നും പ്രഖ്യാപിക്കുന്നതും വേദേതിഹാസങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ളതുമായ വയലാറിന്റെ പ്രസംഗം ഒരുജ്ജ്വല കലാസൃഷ്ടി തന്നെയായിരുന്നു.

ഏറെക്കുറെ സമാനമായ ഒരു സംഭവം പില്‍ക്കാലത്ത് ഗുരുവായൂരില്‍ അരങ്ങേറി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയമാണ് വേദി. നാരായണീയദിനത്തോടനുബന്ധിച്ച് അവിടെ ഒരു കവിസമ്മേളനം നടക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന കവികളില്‍ പലരും അവിടെ എത്തിയിട്ടുണ്ട്. ആ വേദിയില്‍ വയലാര്‍ ഒരു കവിത അവതരിപ്പിച്ചു. മീന്‍തൊട്ടുകൂട്ടിയ പട്ടേരി എന്നാണാ കവിതയുടെ പേര്‍. കവിത അവസാനിക്കുന്നതിങ്ങനെയാണ്: ”വാകച്ചാര്‍ത്തണിയുന്ന വിഗ്രഹത്തിനല്ലിന്നു- വാഗര്‍ത്ഥസ്വരൂപിയാം കവിക്കെന്‍ പുഷ്പാഞ്ജലി” ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിത്യവും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിപാടാണ് വാകച്ചാര്‍ത്ത്. ഇവിടെ കവി ഗുരുവായൂരപ്പനെയല്ല വണങ്ങുന്നത്. ഗുരുവായൂരപ്പഭക്തനായ ഒരു കവിക്കാണദ്ദേഹം പുഷ്പാഞ്ജലി നടത്തുന്നത്.

ഗുരുവായൂരമ്പലനടയില്‍ വച്ച് ഇത്തരമൊരു വിഗ്രഹനിന്ദ വേണ്ടിയിരുന്നില്ലെന്ന് പലരും പറയാനിടയായി. എന്നാല്‍ പ്രക്രിയാസര്‍വ്വസ്വമുള്‍പ്പെടെയുള്ള മേല്‍പ്പത്തൂര്‍ സംഭാവനകളെ ആസ്വദിച്ചയവിറക്കുന്ന ആ കവിതയുടെ കലാഭംഗിയെ ആര്‍ക്കും ചോദ്യം ചെയ്യാനുമായില്ല. ഇതുപോലെ അല്ലെങ്കിലും ഗുരുവായൂരപ്പനെ സ്‌നേഹപൂര്‍വ്വം പരിഹസിക്കുന്ന ഒരു വയലാറിനെയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതും ഗുരുവായൂര്‍ വച്ചുതന്നെ. മലയാറ്റൂര്‍ രാമകൃഷ്ണന്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞിരിക്കുന്നു-വോളണ്ടറി റിട്ടയര്‍മെന്റ്. സാഹിത്യാദികലകളിലും പൊതുപ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു. മലയാറ്റൂരിന് ദേവസ്വം ഭരണസമിതിയില്‍ അംഗമാകാന്‍ താല്‍പര്യം. വിവരമറിഞ്ഞ ആത്മസുഹൃത്തായ പി കെ വി മലയാറ്റൂരിനെ സിപി ഐ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്തു.

ഈ സമയത്താണ് മലയാറ്റൂരും വയലാറും ഒരു വിവാഹ ചടങ്ങിനോടു ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ദേവസ്വം ഗസ്റ്റ്ഹൗസില്‍ താമസം. വിശ്രമവേളയിലെ ചര്‍ച്ചകളില്‍ സ്വാഭാവികമായും ഗുരുവായൂര്‍ ദേവസ്വം ഭരണവും ഇടംപിടിച്ചു. മലയാറ്റൂര്‍:”ഇവിടെ അടിമുടി അഴിമതിയും മോഷണവും ആണെന്ന് കേള്‍ക്കുന്നു. നമ്മുടെ ഭരണത്തിലെങ്കിലും ഇതിനൊരു മാറ്റം വരുത്തണ്ടേ? ഇവിടെ ഗുരുവായൂരപ്പനൊഴികെ മറ്റെല്ലാവരും കള്ളന്മാരാണത്രേ” വയലാര്‍:”ഗുരുവായൂരപ്പനും അത്ര മോശക്കാരനൊന്നുമല്ല. കുട്ടിക്കാലത്ത് മോഷണം ഒരു കലയാക്കി വളര്‍ത്തിയെടുത്ത ആളാണെന്നത് പ്രസിദ്ധമാണല്ലോ? രുക്മിണിയെ വിവാഹവേദിക്കു സമീപമുള്ള ക്ഷേത്രത്തില്‍ നിന്ന് മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് അപഹരിച്ചുകൊണ്ടുപോയി ഭാര്യയാക്കിയ കഥയും നമുക്കറിയാം. ചെറുപ്പകാലത്ത് ഇത്തരം കുറ്റവാസനകളുണ്ടായിരുന്നെങ്കിലും പിന്നീട് ഗീതപോലുള്ള ദര്‍ശനരത്‌നങ്ങള്‍ ലോകത്തിനു കൈമാറിയ ഒരു മഹാത്മാവായി ഉയരാനും കൃഷ്ണനു കഴിഞ്ഞുവെന്നതും ഐതിഹ്യം.”

പുതിയൊരീശ്വരോദയം

ക്ഷേത്ര സംബന്ധിയായ മറ്റൊരു വയലാര്‍ സ്മരണയും മനസ്സിലേക്ക് കയറിവരുന്നു. പാലായ്ക്കു സമീപം കടപ്പാട്ടൂരെന്ന സ്ഥലത്ത് ഒരു മരം വെട്ടിയപ്പോള്‍ യാദൃച്ഛികമായൊരു വിഗ്രഹം കണ്ടെത്തി. സ്ഥലമുടമ ക്രിസ്ത്യാനിയായിരുന്നു. ഈ അത്ഭുതവാര്‍ത്തയില്‍ ഭക്തജനങ്ങള്‍ ആവേശഭരിതരായി. അവിടെ ഒരു ക്ഷേത്രം തന്നെ ഉയര്‍ന്നുവന്നേക്കുമെന്ന നിലയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വാസ്തുശില്‍പ്പ വിദഗ്ധരും തന്ത്രവിദ്യാവിശാരദരും ചരിത്രകാരന്മാരും വിഗ്രഹം സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. പത്രങ്ങളിലെല്ലാം ദിവസവും ഈ ക്ഷേത്രം ഒരു പ്രധാന വാര്‍ത്തായിത്തീര്‍ന്നു.

ഇക്കാലത്ത് ഒരു സ്‌കൂള്‍ വാര്‍ഷികത്തോടു ബന്ധപ്പെട്ട് വയലാര്‍ കുറിച്ചിത്താനത്തുണ്ടായിരുന്നു. ഇടനാട് സ്‌കൂളിന്റെ വാര്‍ഷികത്തിലാണ് വയലാര്‍ പ്രസംഗിച്ചത്. ആ സമ്മേളനത്തില്‍ ഇന്നത്തെ പ്രശസ്തകവി ഏഴാച്ചേരി രാമചന്ദ്രന്‍ ഒരു വിദ്യാര്‍ത്ഥിയായി സദസ്സിലുണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോള്‍ കടപ്പാട്ടൂര്‍ വരെ പോയി ആ വിഗ്രഹമൊന്നു കണ്ടുകളയാമെന്ന് വയലാര്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ കടപ്പാട്ടൂരെത്തി. വിഗ്രഹം കണ്ടു. ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു പീഠത്തില്‍ വിഗ്രഹം വച്ചിരിക്കുന്നു. മുന്നില്‍ വലിയ ഒരു ഉരുളിയുമുണ്ട്. അതില്‍ കാണിക്ക വീണുകൊണ്ടിരിക്കുന്നു. തൂക്കുവിളക്കുകളും നിലവിളക്കുകളും ഒക്കെ കതിരൊളി വീശി അകമ്പടി സേവിക്കുന്നു. പുകയുന്ന ചന്ദനത്തിരികളും പുഞ്ചിരിക്കുന്ന പൂമാലകളും ഒരലൗകികാന്തരീക്ഷം സൃഷ്ടിക്കുന്നു. ആ അപൂര്‍വ്വ വിഗ്രഹത്തിന്റെ പിന്നിലെ ദൈവസങ്കല്‍പ്പത്തേക്കുറിച്ചുള്ള അത്ഭുതകഥകളും അഭ്യൂഹങ്ങളും കൊണ്ട് അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്നു. എല്ലാം പ്രശ്‌നംവച്ച് കണ്ടുപിടിക്കേണ്ടതാണെന്ന വാദമുഖം വേറെയും-ചുരുക്കത്തില്‍ പത്രക്കാര്‍ക്ക് വകയായി.

മടക്കയാത്രയില്‍ വയലാര്‍ പറഞ്ഞു: ”നമ്മുടെയൊക്കെ കുടുംബങ്ങളിലെ സര്‍പ്പക്കാടുകളില്‍ ഇത്തരം വിഗ്രഹങ്ങളുണ്ടാവും. ഏതൊ ഒരു തകര്‍ന്ന കുടുംബത്തിലെ സര്‍പ്പക്കാടുള്‍പ്പെടെയുള്ള ഭൂമി ഒരു ക്രിസ്ത്യാനിയുടെ കയ്യില്‍ പെട്ടു. കാലക്രമത്തില്‍ ഒരു വിഗ്രഹം ചേലകയറി മൂടിപ്പോയി. മരം വെട്ടിയപ്പോള്‍ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. ഈ യാദൃച്ഛികതയാണിതിലെ അത്ഭുതം. ഒരു മഹാക്ഷേത്രമാക്കി വളര്‍ത്തിയെടുക്കാനുള്ള വിത്ത് ഈ അത്ഭുതത്തിലുണ്ട്. സര്‍പ്പം ഒരു ശൈവസങ്കല്‍പ്പമാണല്ലോ. പക്ഷേ, സര്‍പ്പമെന്നുപറഞ്ഞാല്‍ ഒരു മഹാക്ഷേത്രത്തിനതു മതിയാവില്ല. ശിവനാണെന്നു സ്ഥാപിച്ചെടുക്കണം. അതിന് ജ്യോത്സ്യന്മാരുടെ സഹായം വേണ്ടിവരും. മഹാക്ഷേത്രങ്ങളുടെയെല്ലാം കഥയിങ്ങനെയാണ്. ജ്യോത്സ്യന്മാരും ഭരണകൂടവും പൗരോഹിത്യവും ഒത്തുപിടിച്ചാല്‍ മഹാക്ഷേത്രങ്ങള്‍ സൃഷ്ടിച്ചെടുക്കാം.

കമ്പോളവല്‍ക്കരണ  യുഗത്തിലെ ക്ഷേത്രങ്ങള്‍

കുറിച്ചിത്താനത്ത് തിരിച്ചെത്തി കിടക്കുന്നതിനു മുമ്പായി നാലുവരി കവിത വയലാര്‍ എന്നെ ചൊല്ലി കേള്‍പ്പിച്ചു: ”നാഗഫണച്ഛത്രമണ്ഡലത്തിന്‍ താഴെ യോഗാസനസ്ഥനായ് മന്ദസ്മിതാര്‍ദ്രനായ് ലോചനപത്മദലങ്ങള്‍ വിടര്‍ത്തുമാ- മേചകശൈവശിലാവിഗ്രഹത്തിനെ.” ‘ഒരു കവിതയുടെ ചട്ടക്കൂട് ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ആ കവിതയിലെ വിഗ്രഹവര്‍ണ്ണനയിങ്ങനെയാവും”. യാദൃച്ഛികതയുടെ ഒരത്ഭുതപരിവേഷം കൂടിയായപ്പോള്‍ നാളെ ഇവിടെ ഒരു മഹാക്ഷേത്രമുണ്ടാവുമെന്ന് ഉറപ്പായി. വേദകാലഘട്ടത്തില്‍ ക്ഷേത്രങ്ങളുണ്ടായിരുന്നില്ല. ഇതിഹാസപുരാണങ്ങളുടെ കാലത്തും ആശ്രമങ്ങള്‍ക്കായിരുന്നു പ്രാധാന്യം.

ആദ്യകാല ജീവിതസമരങ്ങളില്‍ പരമപ്രധാനം ഭക്ഷണത്തിനുവേണ്ടിയുള്ള കൃഷിയായിരുന്നു. ക്ഷേത്രമെന്ന പദത്തിന് വിളനിലം, നല്ല വയല്‍ എന്നൊക്കെയേ അര്‍ത്ഥമുണ്ടായിരുന്നുള്ളു. ക്ഷേത്രത്തിന് ഇന്നീക്കാണുന്ന അര്‍ത്ഥവ്യാപ്തി പില്‍ക്കാലത്തുണ്ടായതാണ്. വിദൂരഭാവിയില്‍ ക്ഷേത്രത്തിന് അങ്ങാടി എന്നൊരര്‍ത്ഥം വന്നാലും അത്ഭുതപ്പെടേണ്ടതില്ല. രാജഭരണത്തിന്‍ കീഴിലാണ് ക്ഷേത്രങ്ങള്‍ തഴച്ചുവളര്‍ന്നത്. ഈ വ്യവസായിക യുഗത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പോലെയായി അവ. കാലത്തിനനുസരിച്ചുള്ള കോലങ്ങള്‍ തന്നെയല്ലേ ഇന്നത്തെ ക്ഷേത്രങ്ങള്‍? ഗീതോപദേശത്തില്‍ ശ്രീകൃഷ്ണന്‍ പറയുന്ന ക്ഷേത്രങ്ങളാണോ ഇന്ന് നമുക്കുള്ളത്? ”ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ” നിന്റെ ശരീരം തന്നെയാണ് ക്ഷേത്രം. ഈശ്വരന്‍ നിന്നില്‍ത്തന്നെയാണ്-എന്നല്ലേ ഇതിനര്‍ത്ഥം.

സാമൂതിരിയെന്ന രാജാധികാരത്തിന്റെ രക്ഷാകര്‍തൃത്വവും വില്വമംഗലവും മേല്‍പ്പത്തൂരും പൂന്താനവും മുതല്‍ വള്ളത്തോള്‍ വരെയുള്ള കവികളുടെ ഭാവനാവിലാസങ്ങളും ചെമ്പൈ വൈദ്യനാഥഭാഗവതരേപ്പോലുള്ള സംഗീതജ്ഞരുടെ നാദോപാസനകളും പോരാ, ജീവിതത്തിന്റെ സകലമേഖലകളിലുമുള്ള പ്രഗത്ഭമതികളുടെ ഭക്ത്യാദരങ്ങളും ഗുരുവായൂരില്‍ ഒരു മഹാക്ഷേത്രം സൃഷ്ടിച്ചെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വളര്‍ച്ചയുടെ പിന്നിലുള്ള സാഹചര്യങ്ങള്‍ നാം മനസിലാക്കണം. കൃഷ്ണ സാന്നിധ്യമാണിതിനൊക്കെ കാരണമെങ്കില്‍ മറ്റെത്രയോ കൃഷ്ണ ക്ഷേത്രങ്ങളിലിത് സംഭവിച്ചില്ല?” വയലാറിന്റെ പ്രസംഗമാധുരി മുഴങ്ങിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ‘ഒരു ദൈവംകൂടി’ എന്ന വയലാറിന്റെ പ്രസിദ്ധകവിത പുറത്തുവന്നു. അതില്‍ വിഗ്രഹവര്‍ണ്ണനയായി മേല്‍പ്പറഞ്ഞ നാലുവരികളും ഉണ്ടായിരുന്നു.

ഒരു തകര്‍ന്ന നായര്‍ തറവാടിന്റെ നായകനായ കുണ്ടുണ്ണി മേനോന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ‘തറവാടിന്റെ മാനം’ എന്നൊരു കവിത വയലാര്‍ മുമ്പെഴുതിയിരുന്നു. അതിന്റെ രണ്ടാംഭാഗമെന്ന നിലയിലാണ് ‘ഒരു ദൈവംകൂടി’ എന്ന കവിത ജന്മമെടുക്കുന്നത്. പുരോഗമനാശയങ്ങളോട് പ്രതിബദ്ധതയുള്ള, കമ്മ്യൂണിസ്റ്റ് സഹയാത്രികനായ, മനുഷ്യസ്‌നേഹിയായ ഒരു മഹാകവിയെ നമുക്ക് വയലാറില്‍ ദര്‍ശിക്കാം. ഗാനരചയിതാവെന്ന നിലയ്ക്കാണ് വയലാര്‍ ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചത്.

പക്ഷേ, വയലാര്‍ വെറുമൊരു പാട്ടെഴുത്തുകാരനായിരുന്നില്ല. അദ്ദേഹം രചിച്ച ഓരോ ഗാനവും ശ്രേഷ്ഠസുന്ദരമായ ഭാവഗാനമായിരുന്നു-ആറ്റിക്കുറുക്കിയ കവിതകള്‍ തന്നെ. ചിന്തയുടെ സംഗീതമാണ് കവിത. ഭാഷയുടെ സംഗീതത്തിലൂടെ നാം അതനുഭവിക്കുന്നു. വയലാറിനേപ്പോലൊരു മഹാകവിയുടെ പ്രതിഭാസ്പര്‍ശമേല്‍ക്കുമ്പോള്‍ ഏതു വിഷയത്തിലും കവിത വിരിഞ്ഞുവരും-സ്വര്‍ഗ്ഗമാവട്ടെ ഭൂമിയാവട്ടെ, ദൈവമാവട്ടെ മനുഷ്യനാവട്ടെ, മരുഭൂമിയാവട്ടെ മലര്‍വാടിയാവട്ടെ, ഒരു വാര്‍മഴവില്ലു പ്രത്യക്ഷപ്പെടും- വയലാര്‍ സാഹിത്യത്തേക്കുറിച്ച് ഇങ്ങനെ ചുരുക്കിപ്പറയാമെന്നു വിചാരിക്കുന്നു.

(കോട്ടയം ശ്രീധരിയുടെ മേധാവിയാണ് ലേഖകന്‍)
ഇ-മെയ്ല്‍ espsyreedhary@gmail.com

 

Comments

comments

Categories: FK Special