ഏകീകൃത വൈദ്യുതി ബില്‍ സംവിധാനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി

ഏകീകൃത വൈദ്യുതി ബില്‍ സംവിധാനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്കിടയിലെ വിഭാഗീകരണം കുറച്ച് വൈദ്യുതി ബില്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. വൈദ്യുതി നിരക്ക് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനൊപ്പം വിതരണ കമ്പനികള്‍ക്ക് ആരോഗ്യപ്രദമായ പ്രവര്‍ത്തനം നടത്താനും പുതിയ പരിഷ്‌കരണത്തിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

വൈദ്യുതി നിരക്കില്‍ ഉപഭോക്താക്കള്‍ക്കിടയിലുള്ള വിഭാഗീകരണം കുറച്ച് കൂടുതല്‍ യുക്തിപരമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വൈദ്യുതി ഉപയോക്താക്കളെ സങ്കീര്‍ണ്ണമായ രീതിയിലാണ് സംസ്ഥാനങ്ങള്‍ വിഭാഗങ്ങളും ഉപവിഭാഗങ്ങളുമാക്കി തരം തിരിച്ചിട്ടുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നു.

വൈദ്യതി നിരക്ക് പിരിക്കുന്നതിലെ സങ്കീര്‍ണത ഇല്ലാതാക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുന്നതിനായി കേന്ദ്ര-സംസ്ഥാന വൈദ്യുത വകുപ്പുകള്‍, കേന്ദ്ര-സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്റര്‍മാര്‍, കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നതായും ഊര്‍ജ്ജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഈ മാസം ആദ്യം വഡോദരയില്‍ വച്ചു നടന്ന കേന്ദ്ര-സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തില്‍ വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായി ഒരേ തരം വിഭാഗീകരണം ഏര്‍പ്പെടുത്തുക എന്ന ആശയം ഭൂരിപക്ഷം സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട്. നിലിവില്‍ ഉപഭോക്താക്കള്‍ക്കിടയിലുള്ള വിഭാഗങ്ങള്‍ വെട്ടിചുരുക്കി രണ്ടോ മൂന്നോ എണ്ണം മാത്രമായി പരിമിതപ്പെടുത്തി വൈദ്യുതി ബില്‍ ഏകീകരണം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Comments

comments

Categories: Slider, Top Stories