ട്രംപ്: യുഎസ് രാഷ്ട്രീയത്തിന്റെ പ്രതിരൂപം

ട്രംപ്: യുഎസ് രാഷ്ട്രീയത്തിന്റെ പ്രതിരൂപം

യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സ്ഥാനാര്‍ഥികളായ ട്രംപും ഹിലരിയും പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അഭിപ്രായ സര്‍വേയില്‍ നേരിയ ഭൂരിപക്ഷത്തോടെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി മുന്നേറുന്നുമുണ്ട്. മറുവശത്ത് ട്രംപിനാകട്ടെ, മുന്‍ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ലീഡ് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 2012ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഇപ്രാവിശ്യം പോളിംഗ് ശതമാനം കുറവായിരിക്കുമെന്നാണ് പ്രചരിക്കുന്നത്. ട്രംപിലും ഹിലരിയിലും വോട്ടര്‍മാര്‍ തൃപ്തരല്ലെന്നതാണു കാരണം. ഇതില്‍ ട്രംപിനോട് കൂടുതല്‍ വെറുപ്പ് വോട്ടര്‍മാര്‍ക്കുണ്ടെന്നും അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നു.
ഡൊണാള്‍ഡ് ട്രംപിനെ ഏറ്റവും മോശക്കാരനാക്കുന്നത് ഏത് ഘടകമാണ് ? അദ്ദേഹത്തിന്റെ നുണ പറയുന്ന സ്വഭാവമോ അതോ വംശീയ വിദ്വേഷത്തിലൂന്നിയ പ്രസംഗമോ ? ചിലര്‍ ആരോപിക്കുന്നതു സ്ത്രീകളെ മോശമായി ചിത്രീകരിച്ചു നടത്തിയ സംഭാഷണങ്ങളാണ് അദ്ദേഹത്തിനു വിനയായതെന്ന്. എന്നാല്‍ ഒരു വിഭാഗം പറയുന്നു, തെരഞ്ഞെടുപ്പ് ഫലം ഡമോക്രാറ്റുകള്‍ക്ക് അനുകൂലമാണെങ്കില്‍ അംഗീകരിക്കാന്‍ തയാറാകില്ലെന്നു പറഞ്ഞതു കൊണ്ടാണ് ട്രംപിനെ അവര്‍ വെറുക്കുന്നതെന്ന്. (ഒക്ടോബര്‍ 19നു നടന്ന അവസാന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍, ഡമോക്രാറ്റിക് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് പറയുകയുണ്ടായി).
ഒരു സ്ഥാനാര്‍ഥിക്ക് മോശം പ്രതിച്ഛായ ലഭിക്കാന്‍, അതുമല്ലെങ്കില്‍ തോല്‍വി ഉറപ്പാക്കാന്‍ ഇത്തരം പ്രസ്താവനകള്‍ ധാരാളമാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ തീവ്രനിലപാടുകളെ സമൂഹത്തില്‍ ഭീകരമായി ചിത്രീകരിക്കാനാണു ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. സംസ്‌ക്കാരമുള്ള, ആധുനിക സമൂഹത്തിന് ഒരിക്കലും ചേരാത്തതാണ് ട്രംപിന്റെ രീതിയെന്നും വിധിയെഴുതുന്നു. എന്നാല്‍ ലോകം വിശേഷിപ്പിക്കുന്നതൊന്നുമല്ല അദ്ദേഹം. അമേരിക്കന്‍ സമൂഹം ആഗ്രഹിച്ചതിന്റെയും ആരാധിച്ചതിന്റെയുമൊക്കെ ശുദ്ധീകരിച്ചെടുത്ത രൂപമാണ് ട്രംപ് എന്നതാണ് യാഥാര്‍ഥ്യം. സംസ്‌ക്കാരത്തെ, മൂല്യബോധത്തെ എതിര്‍ക്കുന്നതു കൊണ്ടല്ല ട്രംപ് അസഹനീയമാവുന്നത്, പകരം ഈ പറഞ്ഞ സമൂഹത്തിന്റെ ദോഷവശങ്ങളെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നുള്ളതു കൊണ്ടാണ്. മാധ്യമലോകവും കോര്‍പറേറ്റുകളും പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിച്ച സ്വഭാവസവിശേഷതകളുടെ മൂര്‍ത്തീകരണമാണ് ട്രംപ്. ധാര്‍മികതയ്ക്കു മൂല്യം കല്‍പിക്കാത്ത സമൂഹത്തില്‍ അധികാരത്തിന്റെയും, സമ്പത്തിന്റെയും ആരാധനാമൂര്‍ത്തിയായി ട്രംപ് മാറിയിരിക്കുന്നു. ഗോപുരത്തിന്റെ ഉയരമുള്ള ട്രംപിന്റെ അഹംഭാവം ആധുനിക യുഗത്തിന്റെ പ്രതിരൂപം കൂടിയാണ്.
യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം നിറഞ്ഞുനിന്ന വിദ്വേഷം ഒരിക്കലും ട്രംപിന്റെ സൃഷ്ടിയായിരുന്നില്ല. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളില്‍ കൃത്രിമത്വം ഒളിഞ്ഞിരിപ്പുണ്ടെന്നും എതിരാളിക്കെതിരേ ക്രിമിനല്‍ കുറ്റം ആരോപിച്ചതും ട്രംപിന്റെ ഗൂഢാലോചന വാദമായിരുന്നെന്നു സംശയിക്കുന്നവര്‍ ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്. ഈ കീഴ്‌വഴക്കമെല്ലാം അമേരിക്കന്‍ സംസ്‌ക്കാരത്തില്‍ നിലനിന്നിരുന്നു എന്നതാണ്. ഈ കീഴ്‌വഴക്കം കൂടുതല്‍ വിഷമയമാക്കി എന്നതു മാത്രമാണ് ട്രംപ് ചെയ്തത്. അമേരിക്കന്‍ ജനാധിപത്യം അഴിമതിയാല്‍ നിറഞ്ഞതാണ്. ജനാധിപത്യ രാജ്യമെന്നു മേനി നടിക്കുന്നുണ്ടെങ്കിലും അതൊക്കെ അവിടെ കുഴിച്ചുമൂടിയിട്ട് കാലങ്ങളായി. കൈ നിറയെ പണമുള്ള ഒരാള്‍ക്ക് വേണമെങ്കില്‍ രാഷ്ട്രീയക്കാരനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെയും തൊഴിച്ച് പുറത്താക്കാന്‍ സാധിക്കും. അവര്‍ക്കു മേല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ആരോപണങ്ങളെ വീക്ഷിക്കേണ്ടത്. എതിര്‍ സ്ഥാനാര്‍ഥിയായ ഹിലരി തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ സ്വാധീനിച്ചെന്നും നടപടി ക്രമങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നും ട്രംപ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം ഹിലരിക്ക് അനുകൂലമാണെങ്കില്‍ അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞതും ഈ സാഹചര്യം നന്നായി മനസിലാക്കിയതു കൊണ്ടാവണം.
യുഎസ് ഭരണഘടനയുടെ പിതാവെന്ന് അറിയപ്പെടുന്ന ജയിംസ് മാഡിസന്‍, അമേരിക്കയുടെ നാലാമത്തെ പ്രസിഡന്റ് കൂടിയാണ്. അദ്ദേഹം അമേരിക്കന്‍ ഭരണഘടന വിഭാവനം ചെയ്തപ്പോള്‍ ആഗ്രഹിച്ചിരുന്നത് വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നായിരുന്നു. എന്നാല്‍ അഴിമതിയുടെ കരിനിഴല്‍ വീണ സമ്പന്നരുടെ കേന്ദ്രമായി അമേരിക്കന്‍ അധികാരകേന്ദ്രം മാറുന്ന കാഴ്ചയാണ് പ്രകടമാകുന്നത്. ട്രംപിനെതിരേ പ്രചരിച്ച ആരോപണങ്ങള്‍ അദ്ദേഹത്തിന് ഇതുവരെ ദോഷം ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ അവസ്ഥ ട്രംപില്‍നിന്നും തുടങ്ങുന്നതല്ല, ഇത് ട്രംപില്‍ അവസാനിക്കുന്നുമില്ല.

Comments

comments

Categories: World