ഇ-മെയ്ല്‍ ചോര്‍ത്തിയത് പൊറുക്കാനാവാത്ത തെറ്റെന്ന് ടാറ്റ സണ്‍സ്

ഇ-മെയ്ല്‍ ചോര്‍ത്തിയത് പൊറുക്കാനാവാത്ത തെറ്റെന്ന് ടാറ്റ സണ്‍സ്

മുംബൈ: ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രി ടാറ്റ സണ്‍സ് ബോര്‍ഡ് അംഗങ്ങള്‍ക്ക് രത്തന്‍ ടാറ്റയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇ-മെയ്ല്‍ അയച്ചതിന് പിന്നാലെ തിരിച്ചടിച്ച് ടാറ്റ സണ്‍സ് രംഗത്തെത്തി. ഗ്രൂപ്പിലെ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച ഇ-മെയ്ല്‍ ലീക്ക് ചെയ്തത് തീര്‍ത്തും തരം താഴ്ന്നതും പൊറുക്കാനാവാത്തതുമാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

യാതൊരു വസ്തുതയുമില്ലാത്ത അവകാശവാദങ്ങളും തരംതാഴ്ന്ന ആരോപണങ്ങളുമാണ് ഇ-മെയ്‌ലിലുള്ളതെന്ന് ടാറ്റ സണ്‍സ് പ്രസ്താവനയില്‍ പറയുന്നു. എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്ന നിലയില്‍ മിസ്ട്രിക്ക് പൂര്‍ണ അധികാരങ്ങള്‍ കമ്പനിയുടെ നടത്തിപ്പില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ മാത്രം പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കമ്പനി കാര്യങ്ങള്‍ പറഞ്ഞും വ്യക്തിഹത്യ നടത്തിയും വസ്തുതയില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അവസരങ്ങള്‍ മുതലാക്കാനും വെല്ലുവിളികള്‍ നേരിടാനും ചെയര്‍മാന് പൂര്‍ണ സ്വയംഭരണാവകാശം നല്‍കുന്ന രീതിയാണ് ടാറ്റ സണ്‍സിലുള്ളതെന്നും കത്തില്‍ പറയുന്നുണ്ട്. ഗ്രൂപ്പിന്റെ സംസ്‌കാരത്തിനു നിരക്കാത്തതാണ് പുറത്താക്കപ്പെട്ട ചെയര്‍മാന്‍ നടത്തുന്ന പ്രവൃത്തിയെന്ന് സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പ്രസ്താവന.

രാഷ്ട്രത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചരിത്രമാണ് ടാറ്റ ഗ്രൂപ്പിന്റേത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒളിച്ചോടുകയല്ല, ധീരമായി അതിനെ നേരിടുകയാണ് ടാറ്റയുടെ രീതി-പ്രസ്താവനയില്‍ പറയുന്നു.

രത്തന്‍ ടാറ്റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസം ബോര്‍ഡ് അംഗങ്ങള്‍ക്കയച്ച കത്തില്‍ മിസ്ട്രി ഉന്നയിച്ചത്. യാതൊരു വിധ അധികാരങ്ങളുമില്ലാത്ത ചെയര്‍മാനാക്കി തന്നെ ഒതുക്കുകയായിരുന്നു ഗ്രൂപ്പ് ചെയ്തതെന്ന് മിസ്ട്രി കത്തില്‍ പറയുന്നുണ്ട്. ഒരു വാക്ക് വിശദീകരണം പോലും നല്‍കാതെയായിരുന്നു തന്നെ പുറത്താക്കിയതെന്നും മിസ്ട്രി ആരോപിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles